മലപ്പുറം: തിരൂരങ്ങാടി പോക്കര്‍സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജില്‍ മുഖം മറച്ച് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ എത്തിയത് വിവാദമായി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പരീക്ഷയിലാണ് നാല്‍പ്പതോളം വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ച് പരീക്ഷ എഴുതാനെത്തിയത്. പ്രിന്‍സിപ്പല്‍ ഡോ.കെ. അസീസ് ഇത് തടഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നാണ് തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി കീഴിലുള്ള പിഎസ്എംഒ കോളജ്. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഉണ്ട്. എന്നാല്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ പരീക്ഷ എഴുതാനെത്തിയ വെളിമുക്ക് ക്രസന്റ് എസ്എന്‍ഇസി കാമ്പസിലെ വിദ്യാര്‍ത്ഥിനികളാണ് യൂണിഫോമിന് പകരം നിഖാബ് ധരിച്ചെത്തിയത്.
ഇത് കോളജില്‍ അനുവദനീയമല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതിനെതിരെ എസ്കെഎസ്എസ്എഫ് അടക്കമുള്ള സംഘടനകളാണ് രംഗത്തെത്തിയത്. നിഖാബ് നിരോധനം റദ്ദാക്കിയില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നാണ് മുസ്ലിം സംഘടനകളുടെ പ്രഖ്യാപനം.
എന്നാല്‍ വിവാദം അനാവശ്യമാണെന്നും കോളജില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിന് തടസമില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. മുഖം പൂര്‍ണമായി മറച്ച് പ്രവേശിക്കുന്നതിനാണ് തടസം. കുട്ടികളെ തിരിച്ചറിയാനാണ് മുഖാവരണം പാടില്ലെന്ന് പറഞ്ഞത്, അദ്ദേഹം പറഞ്ഞു.
അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴിലെ കാമ്പസുകളിലും പരീക്ഷാ ഹാളുകളിലും വിദ്യാര്‍ത്ഥികള്‍ക്കു ധരിക്കാവുന്ന വസ്ത്രം സംബന്ധിച്ച് വ്യവസ്ഥ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനു കത്തു നല്കി.
മുഖം കാണാതിരുന്നാല്‍ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും അത് ആള്‍മാറാട്ടത്തിനും പരീക്ഷാക്രമക്കേടുകള്‍ക്കും അവസരമൊരുക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. മുഖംമറച്ചുള്ള വസ്ത്രങ്ങള്‍ പാടില്ലെന്ന നിര്‍ദേശം സര്‍വകലാശാല പുറത്തിറക്കുന്നത് എല്ലാ കോളജുകള്‍ക്കും സഹായകമാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: