ന്യൂഡൽഹി : ഇന്ത്യയെ പിന്തുണയ്‌ക്കുന്ന റഷ്യയ്‌ക്കെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. ഖാലിസ്ഥാൻ പ്രസ്ഥാനത്തിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് റഷ്യൻ മാധ്യമ സ്ഥാപനങ്ങളായ ആർടി ഇന്ത്യയെയും , സ്പുട്‌നിക് ഇന്ത്യയെയും പന്നൂൻ ലക്ഷ്യം വയ്‌ക്കുന്നുണ്ട്.
ഖാലിസ്ഥാനി ഭീകര പ്രവർത്തനങ്ങളെ കുറിച്ച് റഷ്യ ഇന്ത്യക്ക് രഹസ്യാന്വേഷണ വിവരം നൽകാൻ തുടങ്ങിയെന്ന് പന്നൂൻ പറയുന്നു . ഇന്ത്യയെ പിന്തുണയ്‌ക്കുന്ന റഷ്യയുടെ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളെ ആക്രമിക്കുമെന്നാണ് പുറത്തുവിട്ട വീഡിയോയിൽ പന്നൂൻ പറയുന്നത് .
യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയെ റഷ്യൻ നയതന്ത്രജ്ഞരുമായും വടക്കേ അമേരിക്കയിലെ കോൺസുലേറ്റുകളുമായും ഏകോപിപ്പിക്കാനുള്ള ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും പന്നൂൻ പറയുന്നു. വടക്കേ അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലെ റഷ്യൻ നയതന്ത്രജ്ഞരെയും റഷ്യൻ മിഷനുകളെയും ഖാലിസ്ഥാനികൾ ആക്രമിക്കുമെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ ഭീഷണിപ്പെടുത്തി.
വടക്കേ അമേരിക്കയിലെയും യൂറോപ്യൻ യൂണിയനിലെയും ഖാലിസ്ഥാൻ അനുകൂല സിഖ് ആക്ടിവിസത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ മോദി ഭരണകൂടവുമായി റഷ്യൻ ഏജൻസികൾ പങ്കിടാൻ തുടങ്ങിയതായും പന്നൂൻ കൂട്ടിച്ചേർത്തു.
ഖാലിസ്ഥാനികൾക്കെതിരെ ഇന്ത്യയുമായി സഹകരിക്കുന്നത് നിർത്തണമെന്നും അല്ലെങ്കിൽ ഖാലിസ്ഥാനികളുടെ ആക്രമണങ്ങളും പ്രകടനങ്ങളും നേരിടേണ്ടിവരുമെന്നും പന്നൂൻ റഷ്യയെ ഭീഷണിപ്പെടുത്തി. അതേസമയം പന്നൂന്റെ ഭീഷണികളെ പരിഹസിച്ച് തള്ളുകയാണ് റഷ്യൻ മാദ്ധ്യമങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: