മലപ്പുറം: മെക് 7 പ്രവർത്തനം സംബന്ധിച്ച സംശയങ്ങളിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. മലബാർ മേഖലയിൽ ഏറെ പ്രചാരണം നേടിയ മെക് 7 വ്യായാമ കൂട്ടായ്മയ്ക്ക് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മെക് 7നെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത്.
വിഷയത്തെ കേന്ദ്ര ഏജൻസികൾ അതീവഗൗരവത്തോടെയാണ് കാണുന്നത്. ഇവരുടെ കോഴിക്കോട് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. എൻഐഎ പ്രാഥമിക പരിശോധന നടത്തിക്കഴിഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ ഒരു മുൻ നേതാവ് മെക് 7ന്റെ തലപ്പത്തുണ്ടെന്ന് എൻഐഎ സ്ഥിരീകരിക്കുന്നു. അതിവേഗത്തിലായിരുന്നു മെക് 7ന്റെ വളർച്ച. ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് – 7 അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ.
സ്വന്തം നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ വ്യായാമ മുറകൾക്കായി സലാഹുദ്ദീൻ നാട്ടിൽ 2012 ലാണ് മെക് സെവൻ തുടങ്ങുന്നത്. 2022 മുതൽ പുതിയ ശാഖകൾ ആരംഭിച്ച മെക് 7 മലബാറിൽ രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകളായി വളർന്നു. അരോഗ്യം എന്ന വലിയ സങ്കൽപ്പത്തിലൂടെ സമൂഹത്തിന്റെ വിവിധ തുറയിലുള്ളവരെ ഏകോപിപ്പിച്ചുകൊണ്ട് അവരുടെ അജണ്ടക്കൊപ്പം എത്തിക്കുന്നതിനുള്ള കൃത്യമായ പ്രവർത്തനം നടത്താൻ മെക് 7ന് കഴിഞ്ഞു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് മെക് 7 പെട്ടെന്ന് വളർന്നത്. മെക് സെവന് പിന്നിൽ മതരാഷ്‌ട്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനൻ പറഞ്ഞു. മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെന്നും പിന്നിൽ തീവ്രവാദസംഘടനകൾ കടന്നുകൂടിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ജാഗ്രത വേണമെന്ന് പി മോഹനൻ പറഞ്ഞു.
മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും രംഗത്തെത്തിയിരന്നു. മെക് സെവന് പിന്നിൽ ചതിയെന്നും, അതിൽ സുന്നികൾ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു. എന്നാൽ ആരോപണം തള്ളുകയാണ് മെക് സെവൻ സ്ഥാപകൻ സ്വലാഹുദീൻ. എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നതാണ് കൂട്ടായ്മ എന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക