Kannur

ആറളം മീന്‍മുട്ടിയിലെ വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിനുനേരെ അക്രമണം; മാവോയിസ്റ്റുകളോ? പരിശോധന തുടരുന്നു

Published by

ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തില്‍ മീന്‍മുട്ടിയില്‍ വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിനുനേരെ അക്രമണം.

ഓഫീസിന്റെ ഗെയിറ്റ് തകര്‍ത്ത് ഉള്ളില്‍ കയറിയ അക്രമികള്‍ ജീവനക്കാരുടെ മുറിയിലെ കിടക്കള്‍ വലിച്ച് പുറത്തേക്ക് എറിയുകയും ഓഫീസിനു മുന്നിലെ പ്രവര്‍ത്തന ക്ഷമമല്ലാത്ത നിരീക്ഷണ ക്യാമറ വലിച്ച് പൊട്ടിക്കുകയും ചെയ്തു. വനംവകുപ്പ് ജീവനക്കാര്‍ ഉപയോഗിക്കുന്ന ഭക്ഷണ പാത്രങ്ങള്‍ കാണാതായതോടെ ഇത് മോഷ്ടിക്കപ്പെട്ടതാണെന്ന് കരുതുന്നു. ചുമരുകളും വികൃതമാക്കിയിട്ടുണ്ട്.

മൂന്ന് നാലു ദിവസമായി ക്യാമ്പ് ഓഫീസിലേക്ക് ജീവനക്കാരെത്തിയിരുന്നില്ല. അതിനാല്‍ തന്നെ അക്രമം നടന്നിട്ട് രണ്ടോ മൂന്നോ ദിവസമായതായും കരുതുന്നു. ജീവനക്കാരുടെ
പരിശോധനയുടെ ഭാഗമായി കഴിഞ്ഞദിവസം ഓഫീസിലെത്തിയപ്പോഴാണ് അക്രമണം ശ്രദ്ധയില്‍പ്പെട്ടത്. ആറളം വന്യജീവി സങ്കേതം ഓഫീസില്‍ നിന്നും 16 ഓളം കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ക്യാമ്പ് ഓഫീസ്.

ക്യാമ്പ് ഓഫീസിന് സമീപത്തെ മീന്‍മുട്ടി വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികള്‍ക്ക് ഇപ്പോള്‍ പ്രവേശനാനുമതി ഇല്ലാതതിനാല്‍ പുറമെ നിന്നും ആളുകള്‍ ഇവിടേക്ക് എത്താനുള്ള സാധ്യതയില്ല.

ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ അനുമതിയുള്ളതിനാല്‍ ഇവിടെയെത്തിയ ഇവരിലാരെങ്കിലുമാണോ ഇത് ചെയ്‌തെന്ന സംശയമുണ്ടെങ്കിലും ഇവര്‍ ഇങ്ങനെ ചെയ്യാനുള്ള സാധ്യത വളരെ വിരളമാണ്.

മാവോയിസ്റ്റുകളാകാമെന്ന സംശയമുണ്ടെങ്കിലും പോലീസോ വനംവകുപ്പോ ഇതും സ്ഥിരീകരിച്ചിട്ടില്ല. ഫോറന്‍സിക്ക് സംഘവും വിരലടയാള വിദഗ്ധരും പോലീസിലെ മാവോയിസ്റ്റ് വിരുദ്ധസേനയും രണ്ട് ദിവസമായി പ്രദേശത്ത് പരിശോധന തുടരുകയാണ്.

സംഭവ ത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടരുകയുമാണെന്ന് ആറളം എസ്‌ഐ ശുഹൈബ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആറളം വന്യജീവി സങ്കേതം ഓ
ഫീസിനടുത്തുവരെ മാത്രമെ പ്രവേശനം അനുവദിച്ചിരുന്നുള്ളു. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അക്രമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിഡിയോ ചിത്രീകരണവും നടത്തിയിരുന്നു.

മാവോയിസ്റ്റുകളും മാവോയിസ്റ്റ് വിരുദ്ധസ്‌ക്വഡായ തണ്ടര്‍ബോര്‍ട്ടുമായി അയ്യന്‍കുന്നിലെ ഞെട്ടിത്തോട് മലയില്‍ മുഖാമുഖം ഏറ്റുമുട്ടല്‍ നടന്നിട്ട് ഒരുവര്‍ഷം പിന്നിട്ട സമയത്താണ് ഇങ്ങനെ ഒരുസംഭവം ഉണ്ടായിരിക്കുന്നത്. അന്നത്തെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കബനീദളം ഗ്രൂപ്പിലെ പരിക്കേറ്റതായി സംശയിക്കുന്ന ഒരു മാവോയിസ്റ്റ് മരണപ്പെടുകയും
ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കനീദളം ഗ്രൂപ്പിന്റെ കമാണ്ടന്റ് എന്ന് വിശേഷിപ്പിക്കുന്ന സി.പി. മൊയ്ദീന്റെ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ രണ്ട് ഗ്രൂപ്പുകളായി തെറ്റിപിരിയുകയും വിക്രം ഗൗഡയുടെ നേതൃത്വത്തില്‍ ഒരുസംഘം കര്‍ണ്ണാടകത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സംഘത്തില്‍ ഉള്‍പ്പെട്ട മൊയ്ദീനും മറ്റ് രണ്ട് പേരും പോലീസിന്റെ പീടിയിലായത്. കേരളാ വനമേഖലയില്‍ ഇതിനുശേഷം മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്നാല്‍ കര്‍ണ്ണാടക വനത്തില്‍ മാവോയിസ്റ്റ് വിരുദ്ധസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വിക്രം ഗൗഡ കൊല്ലപ്പെട്ടതോടെ സംഘത്തിലുണ്ടായിരുന്നവര്‍ കൂടുതല്‍ സുരക്ഷിത
സ്ഥലം തേടി കേരളാ വനമേഖലയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കേരള, കര്‍ണ്ണാടക വനാതിര്‍ത്തി ഉള്‍പ്പെടുന്ന കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ വനമേഖലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ പോലീസ് ഹെലികോപ്റ്ററില്‍ നിരീക്ഷണവും നടത്തിയിരുന്നു. ഇപ്പോള്‍ വനംവകുപ്പിന്റെ ഓഫീസിനുനേരെയുണ്ടായ അക്രമണം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. അക്രമത്തിനുശേഷം ഇവിടെ ഉണ്ടായിരുന്ന ഭക്ഷണപാത്രങ്ങള്‍ കാണാതായതും ഇവിടെയെത്തിയത് മാവോയിസ്റ്റുകള്‍ തെന്നെയാകാമെന്ന സംശയം ബലപ്പെടുത്തുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക