India

കരുത്തരായ വനിതകള്‍: ഫോബ്‌സ് പട്ടികയില്‍ നിര്‍മലാ സീതാരാമനും

Published by

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വീണ്ടും. കേന്ദ്രമന്ത്രി അടക്കം മൂന്ന് പേരാണ് ഇത്തവണ ഭാരതത്തില്‍ നിന്നും പട്ടികയില്‍ സ്ഥാനം പിടിച്ചത്.

എച്ച്‌സിഎല്‍ടെക് ചെയര്‍പേഴ്‌സണ്‍ റോഷിനി നാടാര്‍ മല്‍ഹോത്ര, ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍-ഷാ എന്നിവരാണ് മറ്റുള്ളവര്‍. യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ആണ് ലോകത്തെ ഏറ്റവും കരുത്തയായ വനിത.

28-ാം സ്ഥാനത്താണ് നിര്‍മലാ സീതാരാമന്‍. അഞ്ചാം തവണയാണ് പട്ടികയില്‍ ഇടം പിടിക്കുന്നത്. 2022ല്‍ 32-ാം സ്ഥാനത്തും 2021-ല്‍ 37-ാം സ്ഥാനവും 2020-ല്‍ 41-ാം സ്ഥാനത്തും 2019-ല്‍ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി. ഭാരതത്തിന്റെ 4 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാണ് നിര്‍മലാ സീതാരാമന്‍ കൈകാര്യം ചെയ്യുന്നത്. ഭാരതം അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നേട്ടം കൈവരിച്ചതും ഈ കരുത്തുറ്റ വ്യക്തിത്വത്തിന് കീഴിലാണ്.

പട്ടികയില്‍ 81-ാം സ്ഥാനത്താണ് റോഷ്‌നി നാടാര്‍ മല്‍ഹോത്ര. എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാറിന്റെ മകളാണ്. ജേര്‍ണലിസത്തില്‍ ഡിഗ്രി കരസ്ഥമാക്കിയ അവര്‍ കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

82-ാം സ്ഥാനത്താണ് കിരണ്‍ മജുംദാര്‍ ഷാ. 2024ല്‍ ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ 91-ാം സ്ഥാനത്താണ്. ബയോകോണ്‍ ലിമിറ്റഡ് ബയോകോണ്‍ ബയോളജിക്‌സ് ലിമിറ്റഡ് എന്നിവയുടെ സ്ഥാപകയാണ്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by