തിരുവനന്തപുരത്ത് സിപിഎം പാളയം ഏരിയ സമ്മേളനത്തിനായി പൊതു വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം ജനാധിപത്യ പ്രവര്‍ത്തനങ്ങളിലേക്കുള്ള ഗൗരവമായ മുന്നറിയിപ്പാണ്. പൊതുസഞ്ചാര മാര്‍ഗങ്ങള്‍ തടസപ്പെടുത്തരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് ഗുരുതര നിയമലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുജീവിതത്തില്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയെന്ന അടിസ്ഥാനസിദ്ധാന്തം തകര്‍ന്നടിഞ്ഞ അവസ്ഥയാണ് ചില പൊതു പരിപാടികളില്‍ കാണുന്നത്. പൊതുസഞ്ചാരാവകാശം ലംഘിക്കുന്ന രീതിയിലുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭരണകൂടത്തിന്റെ ഉറച്ച നിലപാട് അനിവാര്യമാണ്. താല്‍ക്കാലിക സ്റ്റേജുകളും പാര്‍ട്ടി ഓഫീസുകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നിര്‍മിച്ച് പൊതു സ്ഥലങ്ങള്‍ കൈയേറുന്നതിനെതിരെ കര്‍ശന നിയമനടപടികള്‍ വേണം.
പൊതു സ്ഥലങ്ങള്‍ കയ്യേറുന്നവര്‍ക്ക് വ്യക്തമായ പിഴ ശിക്ഷകള്‍ ഏര്‍പ്പെടുത്തണമെന്നും പൊലീസ് വകുപ്പും അന്വേഷണ ഏജന്‍സികളും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടത് പ്രസക്തമാണ്. റോഡരികില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകളും ഫ്‌ളെക്‌സുകളും നീക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം കാര്യക്ഷമമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ സ്വന്തം ഉത്തരവുകളെ പോലും പാലിക്കാത്തത് ഭരണസംവിധാനത്തിന്റെ അപര്യാപ്തത വ്യക്തമാക്കുന്നു.
നിയമം എല്ലാവര്‍ക്കും ഒരുപോലെയെന്ന സിദ്ധാന്തം സംരക്ഷിക്കപ്പെടേണ്ടിടത്ത് രാഷ്‌ട്രീയ സ്വാധീനവും ഭീഷണിയും തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥ അപലപനീയമാണ്. സിനിമ, മതസ്ഥാപനങ്ങള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന ഭീഷണിയും രാഷ്‌ട്രീയ ഇടപെടലുകളും തടസ്സമാണ്. അനധികൃത ബോര്‍ഡുകള്‍ നീക്കിയില്ലെങ്കില്‍ പിഴ ഈടാക്കാമെന്ന സര്‍ക്കാരിന്റെ ഉത്തരവ് പോലും അവഗണിക്കുന്ന നിലപാട് അവസാനിപ്പിക്കണം.
നിയമലംഘനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന രാഷ്‌ട്രീയ ഇടപെടലുകള്‍ അവസാനിപ്പിച്ച് നിയമപരമായ നടപടികള്‍ കര്‍ശനമാക്കണമെന്നതാണ് കാലത്തിന്റെ ആവശ്യം. ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ അനധികൃത ബോര്‍ഡുകളും ഫ്ളെക്സുകളും നീക്കം ചെയ്ത് പൊതു ഇടങ്ങളുടെ പരിരക്ഷ ഉറപ്പാക്കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെയെന്ന സന്ദേശം ഭരണകൂടം ഉറപ്പാക്കേണ്ട സമയമാണിത്. സര്‍ക്കാര്‍ സംവിധാനം മേല്‍നോട്ടം ശക്തമാക്കി ജനങ്ങള്‍ക്ക് അവകാശങ്ങള്‍ ഉപയോഗിക്കാന്‍ തടസമില്ലാത്ത സാഹചര്യം സൃഷ്ടിക്കണം. കര്‍ശന നടപടികളിലൂടെ മാത്രമേ പൊതു ഇടങ്ങളുടെ പരിരക്ഷ ഉറപ്പാക്കാനാകൂ. ജനാധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കാന്‍ നിയമങ്ങളുടെ ശക്തമായ പരിപാലനം അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: