ന്യൂദല്‍ഹി: ഭരണഘടന വേണോ അധികാരം വേണോ എന്ന ചോദ്യമുയര്‍ന്നപ്പോഴെല്ലാം അധികാരത്തിന് പുറമേ പോയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കുറ്റപ്പെടുത്തി കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലോക്സഭയില്‍ ആരംഭിച്ച ദ്വിദിന ഭരണഘടനാ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു രാജ്നാഥ് സിങ്. ചില പ്രതിപക്ഷ നേതാക്കള്‍ ഭരണഘടനയുടെ പകര്‍പ്പ് പോക്കറ്റിലിട്ട് നടക്കുന്നത് കാണുന്നുണ്ട്. അവരത് കുട്ടിക്കാലത്ത് കണ്ടു ശീലിച്ചതാവണം. അവരുടെ കുടുംബം തലമുറകളായി ഭരണഘടനയെ പോക്കറ്റിലിട്ട് നടന്നവരാണ്, രാഹുലിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയെ പരിപാലിക്കുന്നത് സ്വന്തം ശിരസിലാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ തകര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഏതെങ്കിലും ഒരു പാര്‍ട്ടി രാജ്യത്തിന് നല്കിയ സമ്മാനമല്ല നമ്മുടെ ഭരണഘടന, പ്രതിരോധമന്ത്രി പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ട വീട്ടില്‍ നിന്നൊരാളെ പ്രധാനമന്ത്രി പദത്തിലേക്കും രാഷ്ട്രപതിപദത്തിലേക്കും എത്താന്‍ അവസരം നല്‍കിയത് ഭരണഘടനയാണ്. പാവപ്പെട്ടവര്‍ക്ക് നല്ല വീടുകളും സൗജന്യ ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും ശൗചാലയവും ഉറപ്പാക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്നു. സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന നാരീശക്തി വന്ദന്‍ അധിനിയം പാസാക്കിയും ഒബിസി കമ്മിഷന് ഭരണഘടനാ പദവി നല്‍കിയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണാവകാശം നല്‍കിയും ഭരണഘടനയുടെ മൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് പ്രിയങ്കാ വാദ്ര, സമാജ് വാദിപാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി എന്നിവരും ഇന്നലെ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: