Kerala

മെക് 7 കായിക പരിശീലനത്തിന് പിന്നില്‍ മത-ഭീകര സംഘടനകള്‍; സര്‍വകലാശാല ക്യാമ്പസിലടക്കം പരിശീലനം

Published by

കോഴിക്കോട്: മെക് 7 എന്ന പേരില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപിച്ച കായിക പരിശീലനത്തിന് പിന്നില്‍ മതഭീകര സംഘടനകള്‍ എന്ന് സൂചന.

മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ (എംഇസി 7) എന്ന പേരിലാണ് ഈ വ്യായാമ പരിശീലനം മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ വ്യാപിച്ചത്. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലടക്കം ഇതിന്റെ പരിശീലനം നടക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി, നിരോധിത പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ പിന്‍ബലത്തോടെയാണ് ഇതെന്നാണ് വിവരം.

2012ല്‍ മലപ്പുറം തുറക്കല്‍ സ്വദേശിയും റിട്ട. സിആര്‍പിക്കാരനുമായ പി. സലാഹുദ്ദീനാണ് ഇതിന് തുടക്കമിട്ടത്. രണ്ട് വര്‍ഷത്തിനിടയില്‍ വിവിധ ജില്ലകളിലായി ആയിരത്തിലധികം യൂണിറ്റുകള്‍ ആരംഭിച്ചതാണ് ഇതിന് പിന്നില്‍ മതമൗലികവാദ സംഘടനകളുണ്ടെന്ന സംശയത്തിന് ആക്കം കൂട്ടിയത്. ഏഴ് വിഭാഗങ്ങളിലായി 22 മിനിട്ട് ശാരീരിക വ്യായാമമാണ് പ്രധാന ഉള്ളടക്കം. പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക യൂണിഫോമും ഉണ്ട്. പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. സ്ത്രീകളെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നുവെന്നാരോപിച്ച് സുന്നി സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തില്‍ പ്രസംഗിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനും മെക്7 നെതിരെ രംഗത്ത് വന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക