അതിപുരാതനവും ആചാരാനുനുഷ്ഠാനങ്ങളാല് സമ്പന്നവും അതിപ്രശസ്തവുമാണ് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്രം. കരുനാഗപ്പള്ളിക്കു പടിഞ്ഞാറ് കടലിനും കായലിനും മധ്യേസ്ഥിതി ചെയ്യുന്ന ആലപ്പാടിനു തെക്കേ അറ്റത്ത് പണ്ടാരത്തുരുത്ത് എന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പഴയ കോഴിക്കോട് രാജ്യത്തെ തിരുനാവായിലുള്ള ദേവി ജലമാര്‍ഗം പണ്ടാരത്തുരുത്ത് കടല്‍ തീരത്ത് എത്തിച്ചേരുകയും അവിടെ താമസിച്ചുവന്ന മത്സ്യബന്ധനം ഉപജീവനമാക്കിയ ഹിന്ദു അരയ(ഇന്നത്തെ ധീവര) സമുദായത്തിന്റെയും മറ്റുള്ള വരുടെയും ആരാധനാ മൂര്‍ത്തിയായി കുടികൊള്ളുകയുമായിരുന്നു. നാലുവശങ്ങളും മൂക്കറ്റം പുഴയാല്‍ ചുറ്റപ്പെട്ടിരുന്നതിനാല്‍ ദേവി മുക്കുംപുഴ പരാശക്തി എന്നറിയപ്പെടാന്‍ തുടങ്ങി.
ഭദ്രകാളിയും പരാശക്തിയുമായ അമ്മയുടെ വിഗ്രഹം അപൂര്‍വമായ അഷ്ടകോണുകളോടുകൂടിയ ശിവലിംഗരൂപത്തിലാണ് എന്നതാണ് ഇവിടുത്തെ പ്രത്യേകത. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജകല്പന പ്രകാരം കരയേയും മുറിയെയും പെരുമ്പറ കൊട്ടിയും പാണന്മാരെ അന്യദേശങ്ങളിലേക്ക് അയച്ചും മകരഭരണി മഹോത്സവത്തിന്റെ മഹിമയും പെരുമയും കഥകളും പാടിയും പറഞ്ഞും മാളോരെ അറിയിച്ചുകൊണ്ട് വിവിധ ജാതി മതസ്ഥരുടെ കൂട്ടായ്മയിലൂടെയാണ് ദേവിയുടെ മകരഭരണി മഹോത്സവം നടത്തപ്പെട്ടിരുന്നത്.
ഗുരുകുല വിദ്യാഭ്യാസം കളരി വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വഴിമാറിയപ്പോള്‍ സംസ്കൃത പഠനം, ആയുര്‍വേദ പഠനം, വേദ പഠനം, സംഗീത പഠനം, ശാസ്ത്ര പഠനം, അനുഷ്ഠാനകലകളുടെ പഠനം, ഗണിത പഠനം, ജ്യോതിഷ പഠനം, കാര്‍ഷിക പഠനം, കരകൗശല നിര്‍മാണ പഠനം, ആയുധ പരിശീലനം മുതലായവ മൂക്കുംപുഴ കളരിശാലകളില് അഭ്യസിക്കപ്പെട്ടിരുന്നു.
ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പണ്ടാരത്തുരുത്ത് മൂക്കുംപുഴ ദേവി ക്ഷേത്രത്തില്‍ ജാതി, മത, വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ആരാധന സ്വാതന്ത്ര്യവും നാനാ ജാതി മതസ്ഥര്‍ക്കും പൂജ നടത്തുന്നതിനുള്ള അവകാശവും നല്‍കിയിരുന്നു.
പൂര്‍ണമായും കൃഷ്ണശില, തേക്കുമരം, ചെമ്പ് എന്നിവ ഉപയോഗിച്ച് വിശിഷ്ടമായ കൊത്തുപണികളോടുകൂടി ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ തച്ചുശാസ്ത്രവിധി പ്രകാരമാണ് ഈ ക്ഷേത്രത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചിരിച്ചു പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. 2025 ജനുവരി 27 മുതല്‍ ഫെബ്രുവരി 5 വരെ പത്തു ദിവസങ്ങളിലായി തിരുവുത്സവം നടക്കും. ഉത്സവത്തോടനുബന്ധിച്ച് കുടില്‍ കെട്ടി ഭജനം പാര്‍ക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ഇതിനായി ആയിരത്തോളം കുടിലുകളാണ് തയ്യാറാക്കുന്നത്.
കാര്യസിദ്ധി പൂജ
അഭീഷ്ടസിദ്ധിക്കായി ക്ഷേത്രത്തിന് നടത്തിവന്നിരുന്ന പൂജയാണ് കാര്യസിദ്ധിപൂജ. ദേവിയെ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ പുറത്ത് എഴുന്നെള്ളിച്ച് ഇരുത്തി പൂജ നടത്തും. ഭക്തര്‍ക്കും ഈ പൂജയില്‍ പങ്കെടുക്കാം. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ ഒന്‍പതു മുതല്‍ നടക്കുന്ന പൂജയില്‍ അയ്യായിരത്തിലധികം ഭക്തരാണ് പങ്കെടുക്കുന്നത്. കോവിഡ് മൂലവും ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നതിനാലും നിര്‍ത്തിവെച്ചിരുന്ന പൂജ ഈ വര്‍ഷത്തെ ഉത്സവത്തോടനുബന്ധിച്ച് പുനരാരംഭിക്കും.
വാളും ചിലമ്പും സമര്‍പ്പണം
കുടുംബ ഐശര്യത്തിനും ശത്രുദോഷ നിവാരണത്തിനും സന്താന സൗഭാഗ്യത്തിനും വിവാഹ തടസം, തൊഴില്‍ തടസം എന്നിവ മാറുന്നതിനും ചൊവ്വ-വെള്ളി ദിവസങ്ങളില്‍ വാളും ചിലമ്പും ഭക്തര്‍ സമര്‍പ്പിക്കുന്നു.
മഞ്ഞള്‍ പറ
സര്‍വ ദോഷ നിവാരണത്തിനും അഭീഷ്ടസിദ്ധിക്കും എല്ലാ ഭരണി നക്ഷത്രത്തിലുമാണ് മഞ്ഞള്‍പറ വഴിപാട് നടന്നുവരുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്‍പ്പെടെ ജീര്‍ണത കണ്ടതിനെ തുടര്‍ന്ന് നടത്തിയ അഷ്ടമംഗല ദേവപ്രശ്ന വിധി പ്രകാരം പുതിയ ക്ഷേത്രത്തിന്റെ നിര്‍മാണം 2016-ല്‍ ആരംഭിക്കുകയും 2024 മാര്‍ച്ചില്‍ പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു.
മീനൂട്ട്
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ക്ഷേത്രത്തില്‍ മാത്രം കാണുന്ന ഒരു ചടങ്ങാണ് മീനൂട്ട്. ഉത്സവത്തിന്റെ ഒന്‍പതാം ദിവസം മീനുകള്‍ക്ക് ഭക്തര്‍ ഭക്ഷണമൂട്ടുന്ന ചടങ്ങാണിത്. മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച തീരദേശ ജനങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ പ്രസാദം കടലില്‍ സമര്‍പ്പിച്ച് തങ്ങളുടെ സര്‍വ ഐശര്യങ്ങള്ക്കും കാരണക്കാരായ മത്സ്യങ്ങളെ ഊട്ടുന്നത് മഹത്തായ ചടങ്ങു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: