India

ആഗോള ആരോഗ്യരംഗത്തെ ശക്തിപ്പെടുത്താന്‍ ആയുര്‍വേദത്തിനാകും: പ്രധാനമന്ത്രി

Published by

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): ആഗോള ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്താന്‍ ആയുര്‍വേദത്തെ പ്രാപ്തമാക്കാനുള്ള ശ്രമം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തെ ലോകനിലവാരത്തിലേക്കെത്തിക്കാനുള്ള പദ്ധതി രേഖ തയാറാക്കാന്‍ പ്രധാനമന്ത്രി ആയുര്‍വേദ കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്തു.

വിജ്ഞാന്‍ ഭാരതിയും ഉത്തരാഖണ്ഡ് സര്‍ക്കാരും സംയുക്തമായാണ് ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ആയുര്‍വേദ ചികിത്സാ സൗകര്യം എത്തിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ആയുര്‍വേദ-ഔഷധസസ്യ ഉത്പാദകരുടെ സഹകരണത്തോടെ ഈ ചികിത്സാ മേഖലയെ അന്താരാഷ്‌ട്ര തലത്തില്‍ പ്രചരിപ്പിക്കും. പത്ത് മുതല്‍ അമ്പത് വരെ കിടക്കകളുള്ള 300 ആയുര്‍വേദ ആശുപത്രികളാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്ഥാപിക്കാനൊരുങ്ങുന്നത്, ധാമി പറഞ്ഞു.

രാജ്യത്തെ എല്ലാ നഗരങ്ങളിലും ആയുഷ് മരുന്നുകള്‍ മാത്രം ലഭിക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ് റാവു ഗണപത് റാവു ജാദവ് പറഞ്ഞു. ലോകത്തെ ചികിത്സാരംഗത്തെ പൊതുധാരയില്‍ സജീവമാകും വിധം ആയുര്‍വേദം മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് ലോക ആരോഗ്യ കോണ്‍ഗ്രസ് സംഘാടക സമിതി ചെയര്‍മാന്‍ ഡോ.പി.എം. വാര്യര്‍ ചൂണ്ടിക്കാട്ടി. 350ലധികം ഉള്ള സ്റ്റാളുകളില്‍ ഒന്നരലക്ഷത്തോളം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക