പാലക്കാട്: കലോത്സവ വേദിയില്‍ സ്ഥിരം മണവാട്ടിയായി ആയിഷ. ഒന്നാംക്ലാസുമുതല്‍ ഇതുവരെയും ഒപ്പനയിലെ മണവാട്ടിയാണ് ആയിഷ. ശ്രീകൃഷ്ണപുരത്ത് കഴിഞ്ഞമാസം അവസാനം നടന്ന ജില്ലാ കലോത്സവത്തില്‍ കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സംഘവും ഒപ്പനമത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ മണവാട്ടിയായത് ആയിഷയാണ്.
ഈ മാസം 21ന് സ്‌കൂളിലെ പുതിയ ഓഡിറ്റോറിയം ഉദ്ഘാടനത്തോടനുബന്ധിച്ച് ഒപ്പനയില്‍ മണവാട്ടിയാകേണ്ട കുട്ടിയായിരുന്നുവെന്ന് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആയിഷയുടെ ക്ലാസ് ടീച്ചര്‍ നിത്യ പൊട്ടിക്കരയുകയായിരുന്നു. ക്രിസ്മസ് പരീക്ഷയായതിനാല്‍ ഇന്നലെ പരിശീലനമുണ്ടായിരുന്നില്ല.
കുട്ടികളുടെ മൃതേദഹം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയത് നിത്യ ടീച്ചറായിരുന്നു. തുടര്‍ന്ന് മറ്റ് അധ്യാപകരും നിമിഷനേരങ്ങള്‍ക്കകം ജില്ലാ ആശുപത്രിയില്‍ എത്തി.
ഒരുമിച്ച് പഠനം തുടങ്ങിയവര്‍ മരണത്തിലും ഒരുമിച്ചു. തനിച്ചായി അജ്‌ന ഷെറിന്‍ മാത്രം. ഒന്നാംക്ലാസുമുതല്‍ തുടങ്ങിയ സൗഹൃദമാണ് ഇര്‍ഫാനഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, അജ്ന ഷെറിന്‍ എന്നിവരുടേത്.
ഏഴാംക്ലാസുവരെ കരിമ്പ യുപി സ്‌കൂളിലായിരുന്നു പഠനം. എട്ടാംക്ലാസിലും ഒരേ ക്ലാസില്‍ പഠിക്കാനായാണ് അഞ്ചംഗസംഘം കരിമ്പ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്നത്. എന്നാല്‍ ആയിഷ ഒഴികെ ബാക്കി നാലുപേരും ഒരേഡിവിഷനില്‍ ആയെങ്കിലും അഞ്ചംഗസംഘത്തിന്റെ സൗഹൃദം തുടര്‍ന്നു.
ഇന്നലെ ഉച്ചയോടെ ഒരുമിച്ച് പരീക്ഷക്കെത്തിയവരായിരുന്നു. വൈകിട്ട് ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് ഒരുമിച്ച് ചിരിച്ചുകളിച്ച് മിഠായും വാങ്ങി മടങ്ങിയതായിരുന്നു അവര്‍ അഞ്ചുപേരും. പൊടുന്നനെ ലോറിവരുന്നത് കണ്ട് അജ്‌ന ഷെറിന്‍ ചാടിമാറി. പക്ഷെ കൂട്ടുകാരികള്‍ നാലുപേര്‍ക്കും അതിനായില്ല. ഞൊടിയിടയില്‍ അവര്‍ക്കുമേല്‍ ലോറി മറിഞ്ഞു. ഒന്നിച്ചു പഠിച്ചവര്‍, എല്ലായ്‌പ്പോഴും ഒരുമിച്ച് കാണുന്ന കളിക്കൂട്ടുകാര്‍. പതിവുപോലെ ഇന്നലെയും അവര്‍ ഒരുമിച്ചു പരീക്ഷക്കെത്തി മടങ്ങുന്നതിനിടെ നാലുപേരെ മരണം തട്ടിയെടുത്തു. പഠനത്തോടൊപ്പം കലാമേളയിലും ഇവര്‍ മിടുക്കരായിരുന്നു. ഒപ്പനയിലെ സ്ഥിരം മണവാട്ടിയാണ് ആയിഷ. ഇത്തവണ ജില്ലാ കലോത്സവത്തിലും ആയിഷ സംഘവും മത്സരിച്ചിരുന്നു.
ആയിഷ എട്ട് ഇ ക്ലാസിലും ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ എന്നിവരും രക്ഷപ്പെട്ട അജ്‌ന ഷെറിനും എട്ട് ഡി ക്ലാസിലാണ് പഠിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക