കണ്ണൂര്‍ : മാടായി കോളജ് നിയമനവിവാദം കോണ്‍ഗ്രസില്‍ പുകയുന്നു. എം കെ രാഘവനെ അനുകൂലിക്കുന്നവരും വിമത വിഭാഗവും വീണ്ടും ഏറ്റുമുട്ടി. എം കെ രാഘവനെ അനുകൂലിച്ച് പ്രകടനം നടത്താനെത്തിയവരെ മറു വിഭാഗം തടഞ്ഞു.
അതിനിടെ, പ്രശ്‌നപരിഹാരത്തിന് കെപിസിസി മൂന്നംഗസമിതിയെ നിയോഗിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സമിതി അധ്യക്ഷന്‍.അഡ്വ. കെ ജയന്ത്, അബ്ദുല്‍ മുത്തലിബ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇരുവിഭാഗത്തിനും സ്വീകാര്യരായതിനാലാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യം ഇവര്‍ പരാതിക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അതിന് ശേഷം എംകെ രാഘവനില്‍ വിവരങ്ങള്‍ തേടും. . അന്വേഷണമായിരിക്കില്ല പകരം പ്രശ്‌നപരിഹാരത്തിനായിരിക്കും സമിതിയുടെ ശ്രമം.
സമിതി രണ്ട് ദിവസത്തിനകം കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇതിന് ശേഷമാകും മറ്റ് നടപടികളിലേക്ക് കടക്കുന്നത്. നിലവില്‍ എംകെ രാഘവനെയും വിമത വിഭാഗത്തെയും തള്ളിപ്പറയേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
എം കെ രാഘവന്‍ എം പി ചെയര്‍മാനായ പയ്യന്നൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുളള മാടായി കോളജിലെ നിയമനങ്ങളാണ് വിവാദത്തിന് കാരണം.കോഴ വാങ്ങി ബന്ധുവായ സി പി എം പ്രവര്‍ത്തകനെ നിയമിച്ചെന്ന് ആരോപിച്ചാണ് രാഘവനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പരസ്യ കലാപം നടത്തുന്നത്. കഴിഞ്ഞ ദിവസം എം കെ രാഘവന്‍ എം പിയുടെ വീട്ടിലേക്ക് പ്രകടനം നടത്തി അദ്ദേഹത്തിന്റെ കോലവും കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: