കൊച്ചി:കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആനകളെ എഴുന്നള്ളിച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയ ഡിവിഷന് ബെഞ്ച് ,ദേവസ്വം ഓഫീസര്‍ അടക്കമുളളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഡിവിഷന് നിര്‍ദേശിച്ചു.
നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കാന്‍ മനഃപൂര്‍വമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ദേവസ്വം ഓഫീസറുടെ സത്യവാംഗ് മൂലം സ്വീകരിക്കാനാകില്ല.
15 ആനകളെ എഴുന്നള്ളിച്ചില്ലെങ്കില്‍ ഭക്തര്‍ എതിരാകുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഇങ്ങനെപോയാല്‍ നിയമം ഇല്ലാത്ത നാടായി ഇവിടം മാറുമെന്നും കോടതി പറഞ്ഞു.നേരത്തേ മാനദണ്ഡങ്ങള്‍ ലംഘിച്ച് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആനകളെ എഴുന്നള്ളിച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു.
മഴയും ആള്‍ക്കൂട്ടവും വരുമ്പോള്‍ അപകടമുണ്ടാകാതിരിക്കാനാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ദുരന്തമുണ്ടായാല്‍ ആരാണ് ഉത്തരവാദിയെന്നും സംസ്ഥാനത്ത് നിയമ വാഴ്ചയില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: