India

ദുർഗാദി കോട്ടയ്‌ക്കുള്ളിൽ മസ്ജിദല്ല , ക്ഷേത്രമാണെന്ന് കോടതി ; വഖഫിന് കൈമാറാൻ പറ്റില്ല : മുസ്ലീം പക്ഷത്തിന്റെ ഹർജി തള്ളി

Published by

മുംബൈ : ചരിത്രപ്രസിദ്ധമായ ദുർഗാദി കോട്ടയ്‌ക്കുള്ളിൽ മസ്ജിദല്ലെന്നും ക്ഷേത്രമാണെന്നും കോടതി . കല്യാൺ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. കോട്ട സർക്കാർ സ്വത്തായി തുടരുമെന്നും കോടതി പറഞ്ഞു. ഇതോടെ കോട്ടയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 48 വർഷമായി തുടരുന്ന കേസിന് അന്ത്യമായി .

1971ൽ ദുർഗാഡി കോട്ടയിൽ ക്ഷേത്രമുണ്ടെന്ന് താനെ ജില്ലാ കളക്ടർ പറഞ്ഞതോടെയാണ് കേസിന്റെ തുടക്കം. ഇതിനുശേഷം ഇവിടം ക്ഷേത്രമോ പള്ളിയോ ആണെന്ന് സ്ഥാപിക്കാനുള്ള നിയമപോരാട്ടം ആരംഭിച്ചു. കോട്ടയുടെ ഘടനയും സവിശേഷതകളും ക്ഷേത്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഹിന്ദു മഞ്ച് പ്രസിഡൻ്റും ഹർജിക്കാരനുമായ ദിനേശ് ദേശ്മുഖ് കോടതിയിൽ വാദിച്ചു

ഹർജി പരിഗണിക്കവേ 1971ലെ കളക്ടറുടെ തീരുമാനം കോടതി ശരിവച്ചു. മാത്രമല്ല, ഇത് വഖഫ് ബോർഡിലേക്ക് മാറ്റണമെന്ന മുസ്ലീം സമുദായത്തിന്റെ ആവശ്യവും നിരാകരിക്കപ്പെട്ടു. ഇതിന് ക്ഷേത്രഘടനയും, വിഗ്രഹങ്ങൾ സൂക്ഷിക്കാനുള്ള ശ്രീകോവിലും ഉണ്ടെന്ന് ഹിന്ദു സംഘടനകൾ വ്യക്തമാക്കി . അതേസമയം, മുസ്ലീം സമൂഹം ഇതിനെ പള്ളി എന്ന് വിളിക്കുകയും ചെയ്തു.

ഛത്രപതി ശിവാജി മഹാരാജിന്റെ കാലത്ത് നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ കോട്ടയ്‌ക്ക് സാംസ്കാരികവും മതപരവുമായ വലിയ പ്രാധാന്യമുണ്ട്. തങ്ങളുടെ ചരിത്ര പൈതൃകത്തിനുള്ള അംഗീകാരമായി ഇതിനെ കാണുന്ന ഹിന്ദു സംഘടനകൾ ആഹ്ലാദകരമായ ആഘോഷങ്ങളോടെയാണ് വിധിയെ സ്വീകരിച്ചത്. ജയ് ശ്രീറാം വിളികളും മുഴങ്ങി. ആചാരാനുഷ്ഠാനങ്ങൾ നടത്താൻ നിരവധി പേർ കോട്ടയിൽ തടിച്ചുകൂടി.

ഈ വിധി ഹൈന്ദവ വിശ്വാസത്തെ ആഴത്തിൽ സ്വാധീനിക്കുമെന്ന് ഹിന്ദു സംഘടനകൾ പറയുന്നു . സമാനമായ ചരിത്ര സ്ഥലങ്ങൾ വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും അവർ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by