കണ്ണൂർ: തോട്ടട ഗവ: ഐടിഐയിൽ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. കെ.എസ്.യു പ്രവർത്തകർ സ്ഥാപിച്ച കൊടിമരം എസ് എഫ് ഐ നശിപ്പിക്കുകയും കൊടി കെട്ടിയ വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തു. തുടർന്നുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ കെ എസ് യു യൂണിറ്റ് പ്രസിഡൻ്റിന് മർദ്ദനമേറ്റു.
സംഘർഷം കനത്തതോടെ പോലീസ് ലാത്തി വീശി. സംഘർഷത്തെത്തുടർന്ന് ഐ.ടി.ഐക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് കണ്ണൂർ എ.സി.പി അറിയിച്ചു. എസ്.എഫ്.ഐക്ക് വലിയ ആധിപത്യമുള്ള കണ്ണൂർ ഗവ. ഐ.ടി.ഐയില് 34 വർഷങ്ങൾക്ക് ശേഷമാണ് കെ എസ് യു യൂണിറ്റ് രൂപീകരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. ഇത് ബുധനാഴ്ച രാവിലെ നോക്കുമ്പോൾ കാണാനില്ലായിരുന്നു. ഇതിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് കെ.എസ്.യു ആരോപിച്ചു. ഇതിനെച്ചൊല്ലി സംഘർഷവും നടന്നിരുന്നു.
കഴിഞ്ഞദിവസത്തെ സംഘർഷത്തിലുൾപ്പെട്ട ചില കെ.എസ്.യു പ്രവർത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ ഉപരോധം പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ നടന്നിരുന്നു. ബുധനാഴ്ച തിരഞ്ഞെടുപ്പ് നാമനിർദേശം നൽകാനും പ്രിൻസിപ്പാളിനെ കാണാനും പുറത്തുനിന്നുള്ള കെ.എസ്.യു പ്രവർത്തകർ ഇവിടേക്കെത്തിയിരുന്നു. ഇവർ കൊടിമരം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ കൊടി സ്ഥാപിക്കാൻ കഴിയില്ലെന്ന് പോലീസ് ഇവരോട് പറഞ്ഞു.
ഈ സമയം എസ്.എഫ്.ഐയുടേയും കെ.എസ്.യുവിന്റെയും ജില്ലാ നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു. ഈ സാഹചര്യം നിലനിൽക്കേ കെ.എസ്.യു പ്രവർത്തകർ കൊടി കെട്ടി. തുടർന്ന് രണ്ട് കൂട്ടരും ഇരുചേരികളിലായി നിൽക്കുമ്പോൾ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ഈ കൊടി എടുത്തുമാറ്റിയതാണ് വൻ സംഘർഷത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: