ഡമാസ്കസ്: സിറിയയുടെ ഭരണം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലിയുമായി വിമത നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചതിന് പിന്നാലെ സിറിയയിലെ ഭരണമാറ്റം സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ടെലഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അസദിന്റെ ഭരണത്തിന് കീഴില്‍ നടന്ന പീഡനങ്ങള്‍ക്ക് ഉത്തരവാദികളായ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വെറുതേവിടില്ല എന്ന് അല്‍ ജുലാനി വ്യക്തമാക്കി. അസദ് ഭരണകാലത്ത് ക്രൂരപീഡനങ്ങളുടെ പേരില്‍ ജയിലിടയ്ക്കപ്പെട്ടവരെല്ലാം മോചിതരായി. ഡമാസ്കസിലെ ജയിലുകള്‍ക്കും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്കും മുന്പില് ഉറ്റവരെ തിരഞ്ഞ് ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അസദ് ഭരണകൂടം നിലംപതിച്ചതിന് പിന്നാലെ സിറിയയ്ക്കെതിരെ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കി. 48 മണിക്കൂറിനിടെ 250ഓളം ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഉഗ്രശബ്ദങ്ങള്‍ കേട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഇതിനിടയില്‍ വിമതസഖ്യത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയുടെ പിന്തുണയുള്ള വിമതസഖ്യമായ സിറിയന്‍ നാഷണല്‍ ആര്‍മി (എസ്എന്‍എ) വടക്കന്‍ സിറിയയില്‍ കുര്‍ദ്സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മന്‍ബിജ് പിടിച്ചെടുത്തു. യുഎസ് പിന്തുണയുള്ള കുര്‍ദിഷ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ കൈയിലുണ്ടായിരുന്ന പ്രദേശമാണ് മന്‍ബിജ്. കിഴക്കന്‍ സിറിയയിലെ അല്‍ മിസ്ത്രിയില്‍ തുര്‍ക്കി ഡ്രോണാക്രമണം നടത്തിയെന്നും ആറു കുട്ടികളുള്‍പ്പെടെ 12 പേര് മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തരയുദ്ധകാലത്ത് അസദിനെതിരേ പോരാടിയ വിമതസംഘങ്ങള്‍ക്കിടയില്‍ അദ്ദേഹം പുറത്തായശേഷവും ഭിന്നത നിലനില്ക്കുന്നു എന്നതിന്റെ സൂചനയായാണ് എസ്എന്‍എ മന്‍ബിജ് പിടിച്ചതിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: