തിരുവനന്തപുരം: പോത്തന്‍കോട് മരിച്ച നിലയില്‍ കാണപ്പെട്ട വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തി. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തന്‍കോട് സ്വദേശി തൗഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ കേസുകള്‍ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു.ധരിച്ചിരുന്ന ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി ശരീരത്തില്‍ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് വയോധികയെ മരിച്ച നിലയില്‍ ആദ്യം കണ്ടെത്തിയത്.
പിന്നീട് വിവരം പൊലീസിനെ അറിയിച്ചു. പൂജയ്‌ക്കായി പുലര്‍ച്ചെ പൂ പറിക്കാന്‍ തങ്കമണി പോയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പതിവായി ഇങ്ങനെ പൂ പറിക്കാന്‍ പോകാറുണ്ടായിരുന്നു.
മൃതദേഹത്തിന് സമീപം ചെമ്പരത്തിപൂക്കള്‍ അടക്കം ചിതറിക്കിടന്നിരുന്നു. വയോധികയുടെ കാതിലെ കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട് കൊലപാതക സാധ്യത മുന്‍നിര്‍ത്തിയാണ് മംഗലപുരം പൊലീസ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: