തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും കരുവന്നൂർ ബാങ്കിൽ പരിശോധന നടത്തി. ബാങ്ക് പരിധിയിലല്ലാത്തവർ എടുത്ത വായ്‌പകളുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്‌പ എടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് നീക്കം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്കിന്റെ അധികാര പരിധിക്ക് പുറത്തുള്ള നിരവധി പേർക്ക് വായ്‌പ അനുവദിച്ചിരുന്നു. ഇത്തരം വായ്‌പകൾക്കുള്ള മൂല്യം ഈട് വച്ച ഭൂമിക്കില്ലെന്നാണ് വിവിധ ഏജൻസികൾ കണ്ടെത്തിയത്. ഇക്കാര്യമാണ് ഇന്ന് ഇഡി പരിശോധിച്ചത്.
കേസിലെ പ്രതികളായ സി പി എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനും സി കെ ജിൽസിനും ഹൈക്കോടതി കർശന ഉപാധികളോടെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 14 മാസമായി ജയിലിലാണെന്നതും ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നടപടി. അരവിന്ദാക്ഷൻ 15-ാം പ്രതിയും ബാങ്ക് മുൻ അക്കൗണ്ടന്റ് ജിൽസ് 16-ാം പ്രതിയുമാണ്. പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാൻ ഇഡി ഉദ്ദേശിക്കുന്നില്ലെന്നാണ് വിവരം.
എന്നാൽ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലെ ചില ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് ഇഡിയുടെ നീക്കം. പ്രതികൾ കുറ്റം ചെയ്‌തതായി കരുതാനാകില്ലെന്ന കോടതിയുടെ നിരീക്ഷണത്തിനെതിരെയാണ് ഇഡി സുപ്രീം കോടതിയെ സമീപിക്കുന്നത്. ഈ ഭാഗം ഉത്തരവിൽ നിന്ന് നീക്കിയില്ലെങ്കിൽ കീഴ്‌ക്കോടതിയിലെ വിചാരണയെ അഠക്കം ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരിക്കും സുപ്രീം കോടതിയെ സമീപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: