തിരുവനന്തപുരം: യാതൊരു യുക്തിയുമില്ലാത്ത, അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. ആ ലക്ഷ്യമെന്താണെന്ന് നമുക്കൊക്കെ അറിയാം. വാര്‍ഡ് വിഭജനം കൊണ്ട് ജനങ്ങള്‍ക്ക് എന്തു ഗുണമാണ് ഉണ്ടാകുന്നത്. എന്ത് നന്മയാണ് ജനങ്ങള്‍ ഇതില്‍ നിന്നും പ്രതീക്ഷിക്കുന്നത്? അവര്‍ ചോദിച്ചു.
വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.വി രാജേഷ് നടത്തുന്ന പ്രതിഷേധജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശ്രീലേഖ.
ജനക്ഷേമ നടപടികളും സമാധാനവും നന്മയുമൊക്കെയാണ് ജനാധിപത്യ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ ഭരണകര്‍ത്താക്കള്‍ ചെയ്യുന്നത് ജനക്ഷേമപരമായ കാര്യങ്ങളല്ല. അടിക്കടി വര്‍ധിക്കുന്ന വൈദ്യുതിചാര്‍ജ്, നിത്യോപയോഗ സാധനങ്ങളുടെ അമിതവില, സാധാരണക്കാരുടെ സമ്പാദ്യം കൊള്ളയടിക്കുന്ന സഹകരണ ബാങ്കുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ഷങ്ങളായി തടഞ്ഞുവച്ചിരിക്കുന്നത്, ഒരിക്കലും നടക്കാത്ത മെഡിസെപ് എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കയ്യില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പണം പിരിക്കുന്നത്, ഇങ്ങനെ ജനദ്രോഹപരമായ നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനൊക്കെ പുറമേയാണിപ്പോള്‍ ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന വാര്‍ഡ് വിഭജനവും.
100 വാര്‍ഡുകളുള്ള നഗരസഭയില്‍ ഒരു വാര്‍ഡ് കൂട്ടണമെങ്കില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രണ്ടോ മൂന്നോ വാര്‍ഡുകള്‍ വിഭജിച്ച് ഒരു വാര്‍ഡ് കൂട്ടിയാല്‍ പോരേ. ഒരു വാര്‍ഡ് കൂട്ടാന്‍ വേണ്ടി മറ്റുള്ള എല്ലാ വാര്‍ഡുകളെയും വെട്ടിമുറിച്ച് തുണ്ടമാക്കി കുറേ വാര്‍ഡുകളില്ലാതാക്കി പുതിയ കുറേ വാര്‍ഡുകള്‍ സൃഷ്ടിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇപ്പോള്‍ തന്നെ പലരും വീടുകളില്‍ പഴയതും പുതിയതുമായ ടിസി നമ്പരുകള്‍ എഴുതിയിട്ടുണ്ട്. ഇനിയിപ്പോള്‍ മൂന്നാമതൊരു ടിസി നമ്പര്‍ കൂടി പ്രദര്‍ശിപ്പിക്കേണ്ടി വരും. എല്ലാ രേഖകളിലെയും തിരിച്ചറിയില്‍ കാര്‍ഡുകളിലെയും വിലാസങ്ങള്‍ മാറുന്ന സാഹചര്യമാണുള്ളതെന്നും ശ്രീലേഖ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: