ജീവന്റെ സമൃദ്ധിയിലൂടെ ഒരു ജനതയെ കൈപിടിച്ചുയര്‍ത്തി കത്തോലിക്കാസഭയുടെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ ഇന്ന് 80ന്റെ നിറവില്‍.
ആത്മീയതയും അദ്ധ്വാനവും വിശ്വാസവും വികസനവും സമര്‍പ്പണവും സാക്ഷ്യവും ഒരുമിച്ചുപോകേണ്ടതാണ് എന്നു ജീവിതം കൊണ്ടു തെളിയിച്ച വ്യക്തിയാണ് മാര്‍ മാത്യു അറയ്ക്കല്‍. സമഗ്രസ്വത്വത്തിന്റെ പ്രാധാന്യം വാക്കിലും പ്രവൃത്തിയിലും അദ്ദേഹം വെളിവാക്കി. വ്യക്തികളെ അവരുടെ സമഗ്രതയില്‍ ദര്‍ശിക്കുവാനും അവരിലെ അനന്തസാധ്യത കണ്ടെത്താനും അംഗീകരിക്കാനും ഇദ്ദേഹത്തിനുള്ള കഴിവും വിശാലമനസ്സും വാക്കുകളിലോ വരകളിലോ ഒതുങ്ങുന്നതല്ല.
ജീവിത നാള്‍വഴികള്‍
1944 ഡിസംബര്‍ 10ന് എരുമേലിയിലെ അറയ്ക്കല്‍ കുടുംബത്തില്‍ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സെന്റ്. തോമസ് സ്കൂളില്‍ ബാല്യകാല വിദ്യാഭ്യാസം. തുടര്‍ന്ന് ചങ്ങനാശേരി സെന്റ്. തോമസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെമിനാരിയിലും വൈദികപഠനം. 1971 മാര്‍ച്ച് 13ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 1971-1974 കാലഘട്ടങ്ങളില്‍ അമ്പൂരി ഇടവകയില്‍ അസി.വികാരി.
ചങ്ങനാശ്ശേരി അതിരൂപതയിലെ കുടിയേറ്റ മേഖലയായ അമ്പൂരിയില്‍ ആരംഭിച്ച സാമൂഹ്യപ്രവര്‍ത്തനം, രൂപത വിഭജിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കൂടിയേറ്റ പ്രദേശമായ ഹൈറേഞ്ചിലേക്ക് മാറി. യാത്രാ സൗകര്യങ്ങളോ, മറ്റു വികസനമോ, അടിസ്ഥാന ജീവിത സൗകര്യങ്ങളോ ഇല്ലാതിരുന്ന ഹൈറേഞ്ചില്‍ വികസനമെത്തിച്ചതിന്റെ മുന്‍നിരയില്‍ ഇദ്ദേഹവുമുണ്ട്.
2001 ല്‍ മെത്രാന് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. വട്ടക്കുഴി പിതാവിന്റെ പിന്തുടര്ച്ചക്കാരനായി കാഞ്ഞിരപ്പള്ളി രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു. അറയ്ക്കല്‍ പിതാവിന്റെ ആത്മീയനേതൃത്വവും സാമൂഹികരംഗത്തെ സുസ്ഥിരവികസന കാഴ്ചപ്പാടുകളും ജനകീയശൈലിയിലൂന്നിയ കര്‍മ്മവഴികളും സഭയ്ക്കും സമൂഹത്തിനും എന്നും മുതല്‍ക്കൂട്ടാണ്. അദ്ദേഹം മനസ്സു തുറക്കുന്നു.
മെത്രാന്‍ശുശ്രൂഷ
ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനും എന്നതായിരുന്നല്ലോ മെത്രാഭിഷേകവേളയില്‍ ഞാന്‍ സ്വീകരിച്ച ആപ്തവാക്യം. ജീവന്റെ സമൃദ്ധിക്കായുള്ള എന്റെ എല്ലാ യത്നങ്ങളിലും ദൈവം പച്ചയായ പുല്‍ത്തകിടികള്‍ കാണിച്ചു തന്നു. ഒന്നിനും അവിടുന്നു കുറവുവരുത്തിയില്ല. ഒരുപാടു പ്രതിസന്ധികളും സങ്കടനിമിഷങ്ങളും ഉണ്ടായെങ്കിലും ദൈവം കൈപിടിച്ചു താങ്ങിനടത്തി.
സാമൂഹ്യവികസനരംഗം
ജൈവകൃഷിയിലൂടെ മാത്രമേ സുസ്ഥിരവികസനവും സമഗ്രവളര്‍ച്ചയും സാധ്യമാകൂ. കൊച്ചച്ചനായിരുന്ന കാലത്ത് തിരുവനന്തപുരത്ത് അമ്പൂരിയില്‍ കാണിക്കാരുടെ കൂടെയും പി
ന്നീട് ഇടുക്കിയില്‍ ആദിവാസിസമൂഹങ്ങള്ക്കൊപ്പവും സേവനമനുഷ്ഠിച്ചു. ഇവരെയൊന്നും വലിയ രോഗങ്ങള്‍ പിടികൂടാറില്ല. നമുക്കിന്നു രോഗങ്ങളുണ്ടാകുന്നതിന്റെ പ്രധാന കാരണം പ്രകൃതിയില്‍നിന്ന് അകന്നുപോകുന്നതാണ്. അതിനാല്‍ ഒരു പാരിസ്ഥിതിക ആദ്ധ്യാത്മികത കാലഘട്ടമാണ് ആവശ്യം.
ആയുര്‍വേദത്തിന്റെ അനന്തസാധ്യതകളും നാം കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയിട്ടില്ല. നമ്മുടെ സസ്യലതാദികളും പ്രകൃതിസമ്പത്തുമൊക്കെ അനവധി സാധ്യതകള്‍ നിറഞ്ഞവയാണ്. അവയെ ക്രമാതീതമായ ചൂഷണത്തിനു വിധേയമാക്കാതെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണം.
കാര്‍ഷിക കാഴ്ചപ്പാടുകള്‍
കാര്‍ഷികമേഖലയെ വന്‍വ്യവസായമായി മാത്രം കണ്ട് വലിയ ഉത്പാദനവും ലാഭവും കണക്കുകൂട്ടുന്നതിനോടൊപ്പം പ്രകൃതികൃഷിയിലൂടെ ഓരോ വീടിനും ആവശ്യമുള്ള വിഭവങ്ങള്‍ നട്ടുവളര്‍ത്താനും അങ്ങനെ സ്വയംപര്യാപ്തതയിലെത്താനും സാധിക്കണം. അല്ലെങ്കില്‍ വലിയ ഭക്ഷ്യക്ഷാമം ഇനിയുള്ള നാളുകളില്‍ നേരിടേണ്ടിവരും.
പ്രകൃതിക്ക് ഒരു സംരക്ഷണസ്വഭാവമുണ്ട്. മണ്ണിന്റെ ഘടനയെ മാറ്റിമറിക്കാതെ വേണം കൃഷി നടത്താന്‍. കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതപ്രയോഗം മണ്ണിന്റെ സ്വാഭാവിക ഘടനയെ തകര്‍ക്കും. സീറോ ബഡ്ജറ്റിങ് ശ്രദ്ധേയമാണെങ്കിലും കര്‍ഷകര്‍ക്കിടയില്‍ അതിനു പ്രചാരം ലഭിച്ചിട്ടില്ല. കീടനാശിനിപ്രയോഗത്തിലൂടെ മണ്ണിന്റെ സ്വാഭാവികഗുണത്തെ തകര്‍ക്കാതെ പ്രകൃതിയിലേക്കു മടങ്ങുകയാണ് കരണീയം.
സര്‍ക്കാര്‍-രാഷ്ട്രീയ ബന്ധങ്ങള്‍
സഭയുടെ ആവശ്യങ്ങള്‍ ശാന്തമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങളോടും രാഷ്ട്രീയ നേതൃത്വങ്ങളോടുമുള്ള ചര്‍ച്ചകളിലുടനീളം ഞാന്‍ ശ്രമിച്ചിട്ടുള്ളത്. കേരളത്തിലും കേന്ദ്രത്തിലും ആര് ഭരിച്ചാലും എല്ലാവരേയും ബഹുമാനിച്ചും സഹകരിച്ചും നീങ്ങുക എന്നതാണ് പ്രധാനം. എന്നാല്‍ സഭയുടെ മൂല്യങ്ങളിലും അവകാശങ്ങളിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഈശ്വരാവബോധം തല്ലിക്കെടുത്തുന്ന പ്രവണതകളെ അംഗീകരിക്കാനാവില്ലന്നു മാത്രമല്ല ശക്തമായി എതിര്‍ക്കുകയും ചെയ്യും. എതിര്‍ത്തു തോല്പിക്കുകയല്ല, സ്നേഹിച്ചു കീഴടക്കുകയെന്നതാണ് എന്റെ പ്രവര്‍ത്തന ശൈലി.
വിദ്യാഭ്യാസ രംഗം
വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ സമഗ്രസംഭാവനകള്‍ വാക്കുകളിലൊതുങ്ങന്നതല്ല. നവോത്ഥാനമുന്നേറ്റങ്ങള്‍ക്ക് ബലമേകിയത് വിദ്യാഭ്യാസ വളര്‍ച്ചയാണ്. പഠനത്തിനും ജോലിക്കുമായി പുതുതലമുറ വിദേശത്തേയ്ക്കൊഴുകുമ്പോള് ഈ മേഖലയില്‍ നമ്മള് നാട്ടില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് എന്തുകൊണ്ട് ഗൗരവമായിട്ടെടുക്കുന്നില്ല. നാടിന്റെ വികസനത്തിന് ഊന്നല്‍ നല്കുന്ന വിദ്യാഭ്യാസ പദ്ധതികളാണ് വേണ്ടത്. വിദ്യാഭ്യാസമേഖലയിലെ ദേശീയ, അന്തര്‍ദ്ദേശീയ മാറ്റങ്ങളും കാഴ്ചപ്പാടുകളും മനോഭാവങ്ങളും പഠിച്ച് മാറ്റങ്ങള്‍ക്ക് തയ്യാറാകണം. മാറിയ കാലഘട്ടത്തില്‍ വിദ്യാഭ്യാസരംഗം കേരളമെന്ന കൊച്ചുലോകത്തില്‍ ഒതുക്കരുത്. ആഗോള കാഴ്ചപ്പാടും മത്സരക്ഷമതയും തൊഴില്‍ സാധ്യതകളും ഉണ്ടാകുന്നില്ലെങ്കില്‍ പുതുതലമുറ നാടുവിട്ട് ഒഴുകിപ്പോകും.
കുടിയേറ്റരംഗത്തെ പ്രതിസന്ധികള്‍
ഹൈറേഞ്ചിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് ശ്രദ്ധേയ മുന്നേറ്റങ്ങള്‍ നടത്തി. ഭൂപ്രശ്നങ്ങളും വന്യജീവി അക്രമങ്ങളും ഇന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനില്ക്കുമ്പോള് ജനകീയ സമരങ്ങളിലൂടെ ഈ പ്രശ്നങ്ങള്‍ സര്‍ക്കാരിനു മുമ്പില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ നമുക്കു ഇനിയും കഴിയണം. സമരങ്ങളോടും പ്രക്ഷോഭങ്ങളോടുമൊപ്പം കര്‍ഷകസംരംഭങ്ങളും ഈ മേഖലയിലുണ്ടാകണം. രാജ്യാന്തര സ്വതന്ത്ര വ്യാപാരക്കരാറുകളുടെ ഇക്കാലത്ത്, ആഗോളവിപണിയുമായി മത്സരിക്കുവാന്‍ കര്‍ഷകരെ സജ്ജരാക്കാതെയും കാര്ഷികോല്പന്നങ്ങള്ക്ക് ന്യായവില ലഭ്യമാക്കാതെയും വരും നാളുകളില്‍ കാര്‍ഷികമേഖലയില്‍ പിടിച്ചുനില്‍ക്കാനാവില്ല.
അംഗീകാരങ്ങളേറെ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ വിവിധ സംസ്ഥാന ദേശീയ അന്തര്‍ദേശീയ സ്ഥാനങ്ങള്‍ വഹിക്കുവാന്‍ അവസരം ലഭിച്ചു. ഇസ്രായേലിന്റെ ഗുഡ്വില് അംബാസിഡര്‍ (2006) മിസ്സോറി പ്രതിനിധി സഭയുടെ അംഗീകാരം സര്‍ട്ടിഫിക്കറ്റ് (2007) കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കണ്‍സള്‍ട്ടന്റ് (95-98) കേന്ദ്ര ആസൂത്രണ വകുപ്പിന്റെ എന്‍.ജി.ഓ വിഭാഗം ഉപദേശകസമിതി അംഗം (98-03), സംസ്ഥാന ഫാമിങ് കോര്പറേഷന് അംഗം (85-90), കേരള സോഷ്യല്‍ സര്‍വീസ് ഫോറം ചെയര്മാന് (1995), ജീവന് ടി.വി ചെയര്മാന് (2002-2007) രാഷ്ട്ര ദീപിക ചെയര്മാന് (2003-2007), സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്മാന് എന്നിവ ഇതില്‍ ചിലതു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: