തിരുവനന്തപുരംl കൈരളി ചാനലിൽ ചെയർമാൻ മമ്മൂട്ടിയും എം ഡി ജോൺ ബ്രിട്ടാസും തമ്മിലുള്ള പോരു മുറുകിയതോടെ ബ്രിട്ടാസിന്റെ തീവെട്ടിക്കൊള്ളകൾ പുറത്തു വരുന്നു.
കൈരളി ചാനലിന്റെ വരുമാനം ചോർത്താൻ ബ്രിട്ടാസിന്റെ പേരിലാരംഭിച്ച മൂന്നു സ്വകാര്യ കമ്പനികളുടെ വെട്ടിപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്.
കൈരളിയുടെ ഗൾഫ് പരസ്യ വരുമാനവും സംഭാവനകളും ചോർത്താൻ ബ്രിട്ടാസിന്റെ പേരിൽ കൈരളി അറേബ്യ എന്ന പേരിൽ ഗൾഫിൽ സ്വകാര്യ കമ്പനിയുണ്ട്. ഇതു കൂടാതെ കേരളത്തിൽ എം സി എൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കൈരളി ടെലിവിഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്വകാര്യ കമ്പനികളും ബ്രിട്ടാസിന്റെ പേരിലാണ്. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് രണ്ടു സ്വകാര്യ കമ്പനികൾ ബ്രിട്ടാസ് നടത്തുന്നത്.
പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന ലേബൽ ഉള്ളതിനാൽ പാർട്ടിക്കാർ ആരും ബ്രിട്ടാസിനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടിരുന്നില്ല. ബ്രിട്ടാസിന്റെ ചെയ്തികൾക്ക് പിണറായിയുടെ മൗനാനുവാദവും ഉണ്ടായിരുന്നു.
പിണറായി സർക്കാർ അധികാരത്തിലേറിയതിന്റെ അടുത്ത വർഷമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ബ്രിട്ടാസ് ഡയറക്ടറായി എം സി എൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം തുടങ്ങിയത്. സർക്കാർ പി ആർഡി വകുപ്പ് കറവപ്പശുവാണെന്നു മനസിലാക്കിയ ബ്രിട്ടാസ് പിആർഡി പരസ്യങ്ങളുടെ ഏജൻസിയായി എം സി എൽ ലിമിറ്റഡിനെ എം പാനൽ ചെയ്തു. പിആർഡി ബജറ്റിൽ വൻ വർധന വരുത്തിയതും ഇക്കാലത്താണ്. സർക്കാർ പരസ്യ കമ്മിഷൻ ഇനത്തിൽ കോടികൾ ബ്രിട്ടാസിന്റെ എം സി എൽ മീഡിയയിലേക്ക് ഒഴുകിയെത്തി.
കൈരളി ചാനലിന്റെ അവാർഡ് നൈറ്റും ഇവൻ്റുകളും ഉൾപ്പെടെ സംഘടിപ്പിക്കാൻ പ്രത്യേക കമ്പനിയായി ബ്രിട്ടാസിന്റെ പേരിൽ കൈരളി ടെലിവിഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം തുടങ്ങിയത് 2017 സെപ്തംബറിലാണ്.
നഷ്ടത്തിൽ ഓടുന്ന കൈരളി ചാനലിന് ആശ്വാസമാകേണ്ടിയിരുന്ന അവാർഡ് നൈറ്റ് വരുമാനം ഈ തട്ടിപ്പു കമ്പനി വഴി ബ്രിട്ടാസിന്റെ സ്വകാര്യ ധനമായി മാറി.
മമ്മൂട്ടി ഉൾപ്പെടെ കൈരളിയിലെ ചിലർ ഇക്കാര്യങ്ങൾ മരുമകൻ മന്ത്രി റിയാസിനെ ധരിപ്പിച്ചിരുന്നു. കൈരളിയിലെ ബ്രിട്ടാസിന്റെ ഇടപാടുകൾ റിയാസിന്റെ പ്രേരണയിൽ പിണറായി അന്വേഷിച്ചതോടെ ബ്രിട്ടാസ് അങ്കലാപ്പിലായി. ഇതിനു തൊട്ടു പിന്നാലെയാണ് റിയാസിന്റെ ഭാര്യ വീണയെ പ്രതിക്കൂട്ടിലാക്കിയ മാസപ്പടി വിവാദം പുറത്തു വന്നത്. സി എം ആർ എൽ മാസപ്പടി ആദായനികുതി രേഖകൾ മാധ്യമങ്ങൾക്കു ചോർത്തിയതിൽ ജോൺ ബ്രിട്ടാസിന്റെ പങ്ക് റിയാസിനു സംശയമുണ്ട്.
കൈരളിയിൽ നിന്നു ബ്രിട്ടാസിനെ പുകച്ചു ചാടിക്കാൻ റിയാസും മമ്മൂട്ടിയും ഒന്നിച്ചുവെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: