ലണ്ടന്‍: ക്ലാസ്സിക്ക് പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. കളി തുടങ്ങി 11 മിനിറ്റിനിടെ രണ്ട ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ടോട്ടനത്തെയാണ് ചെല്‍സി തകര്‍ത്തത്. ചെല്‍സിക്കായി കോള്‍ പാല്‍മര്‍ രണ്ട് ഗോള്‍ നേടി. 61, 84 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു പാല്‍മറിന്റെ ഗോളുകള്‍. 17-ാം മിനിറ്റില്‍ ജാഡന്‍ സാഞ്ചേ, 73-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരും ചെല്‍സിക്കായി ഓരോ ഗോള്‍ നേടി. ടോട്ടനത്തിനായി അഞ്ചാം മിനിറ്റില്‍ ഡൊമിനിക് സോളങ്കി, 11-ാം മിനിറ്റില്‍ ഡെജന്‍ കുലുസെവ്‌സ്‌കി, പരിക്ക് സമയത്ത് സണ്‍ ഹ്യുങ് മിന്‍ എന്നിവരാണ് ടോട്ടനത്തിനായി ലക്ഷ്യം ഗോള്‍ നേടിയത്.
കളിയില്‍ ചെല്‍സിക്കായിരുന്നു മുന്‍തൂക്കം. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നു. എന്നാല്‍ കളിയുടെ ഗതിക്കെതിരെ സ്വന്തം മൈതാനത്ത് ടോട്ടനം ആദ്യമായി ചെല്‍സി വല കുലുക്കുമ്പോള്‍ കളി അഞ്ച് മിനിറ്റേ് ആയുള്ളൂ. ചെല്‍സി പ്രതിരോധത്തിന്റെ പാളിച്ചയില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് കുതിച്ച ബ്രണ്ണന്‍ ജോണ്‍സണ്‍ ബോക്‌സിലേക്ക് നല്‍കിയ പാസ് ഡൊമിനിക് സോളങ്കി വലയിലെത്തിച്ചു. നാല് മിനിറ്റിനുശേഷം രണ്ടാം ഗോളും അവര്‍ നേടി. പെഡ്രോ പോറെ നല്‍കിയ പാസ് സ്വീകരിച്ച് എതിര്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ഡെജന്‍ കുലുസെവ്‌സ്‌കി പായിച്ച ഷോട്ട് രണ്ടാം തവണയും ചെല്‍സി വലയില്‍ കയറി. രണ്ട് ഗോളിന് പിന്നിലായതോടെ ചെല്‍സി മുന്നേറ്റം കടുപ്പിച്ചു. 17-ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോള്‍ മടക്കി. ജാഡന്‍ സാഞ്ചോ ഏറെക്കുറെ മൈതാനമധ്യത്തുനിന്ന് പന്തുമായി ഇടതുവിങ്ങിലൂടെ എതിര്‍ താരങ്ങളെ വകഞ്ഞുമാറ്റി ഒറ്റയ്‌ക്ക് മുന്നേറിയശേഷം ബോക്്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് ടോട്ടനം ഗോളിയെ കീഴടക്കി വലയില്‍ കയറി. തുടര്‍ന്നും ഗോളിനായി ചെല്‍സി താരങ്ങള്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ആദ്യപകുതിയില്‍ സമനില ഗോള്‍ വിട്ടുനിന്നു.
പിന്നീട് 61-ാം മിനിറ്റില്‍ ചെല്‍സി സമനില പിടിച്ചു. മോയ്‌സസ് കെയ്‌സിഡോയെ ടോട്ടനം താരം ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി കോള്‍ പാല്‍മര്‍ അനായാസം വലയിലെത്തിച്ചു. 73-ാം മിനിറ്റില്‍ ചെല്‍സി ലീഡ് നേടി. കോള്‍ പാല്‍മര്‍ ഒരുക്കിയ അവസരത്തില്‍ നിന്ന് എന്‍സോ ഫെര്‍ണാണ്ടസാണ് ലക്ഷ്യം കണ്ടത്. 84-ാം മിനിറ്റില്‍ ചെല്‍സി നാലാം ഗോളും നേടി. കോള്‍ പാല്‍മറെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി താരം തന്നെ അനായാസം വലയിലെത്തിച്ചു. ഒടുവില്‍ കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി സണ്‍ ഹ്യുങ് മിന്നിലൂടെ ടോട്ടനം ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും പരാജയത്തില്‍ നിന്ന് അവരെ രക്ഷിക്കാനായില്ല. ജയത്തോടെ പ്രീമിയര്‍ ലീഗ് പട്ടികയില്‍ 15 കളികളില്‍ നിന്ന് 31 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ ഫുള്‍ഹാമിനോട് 1-1 ന് സമനില വഴങ്ങി. ഫുള്‍ഹാമിനായി 11-ാം മിനിറ്റില്‍ റൗള്‍ ജിമിനസും ആഴ്‌സണലിനായി 52-ാം മിനിറ്റില്‍ വില്യം സാലിബയുമാണ് ഗോള്‍ നേടിയത്. സമനില വഴങ്ങിയതോടെ 15 കളികളില്‍ നിന്ന് 29 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 35 പോയിന്റുമായി ലിവര്‍പൂളാണ് പട്ടികയില്‍ ഒന്നാമത്.
മറ്റ് മത്സരങ്ങളില്‍ എഎഫ്‌സി ബേണ്‍സ്മൗത്ത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇസ്പിച്ച് ടൗണിനെ തോല്‍പ്പിച്ചപ്പോള്‍ ബ്രൈറ്റണ്‍-ലെസ്റ്റര്‍ സിറ്റി കളി 2-2ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: