ഡമാസ്‌കസ്: ബംഗ്ലാദേശില്‍ ഷേയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയാണ് ഭീകര സംഘടനയായ ജമാ അത്തെ ഇസ്ലാമി പുറത്താക്കിയതെങ്കില്‍ സിറിയയില്‍ അങ്ങനെയല്ല, അരനൂറ്റാണ്ടായ കുടുംബാധിപത്യമാണ് അവിടെ തകര്‍ന്നത്. അഴിമതിയും അടിച്ചമര്‍ത്തലുകളും കൊണ്ട് ഒരു ജനതയെ നേരിട്ട ഭരണം.
സിറിയ ഭരിച്ചിരുന്നവരെ അട്ടിമറിച്ച് 1963ലാണ് അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടി അധികാരത്തില്‍ വന്നത്. അന്നത്തെ അട്ടിമറിയില്‍ നിര്‍ണായക പങ്കുണ്ടായിരുന്ന വ്യക്തിയാണ് ഹാഫീസ് അല്‍ അസദ്, ഇപ്പോള്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബാഷര്‍ അല്‍ അസദിന്റെ പിതാവ്. അന്ന് ഹാഫീസ് ബാത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു, സൈനിക ഉദ്യോഗസ്ഥനായിരുന്നു. ഭരണകൂടം ഹാഫീസിനെ സിറിയന്‍ വ്യോമസേനയുടെ മേധാവിയാക്കി. പക്ഷെ അധികം വൈകിയില്ല സൈന്യത്തിലും പാര്‍ട്ടിയിലും സ്വാധീനമുറപ്പിച്ച ഹാഫീസ്, 1966ല്‍ ചില നേതാക്കള്‍ക്കൊപ്പം കൂടി ഭരണകൂടത്തെ അട്ടിമറിച്ചു. ഇതുവരെ ബാത്ത് പാര്‍ട്ടിയുടെ പരമ്പരാഗത നേതാക്കളാണ് ഭരണത്തിലുണ്ടായിരുന്നത്. അവരെ അട്ടിമറിച്ച് പുതിയ ചിലരെ ഭരണാധികാരികളാക്കി. അങ്ങനെ രണ്ടാമത്തെ അട്ടിമറിയിലും ഹാഫീസ് പ്രധാന പങ്കാളികളില്‍ ഒരാളായി.
പുതിയ സര്‍ക്കാര്‍ വന്നതോടെ ഹാഫീസിനെ പ്രതിരോധ മന്ത്രിയാക്കി. പക്ഷെ ഹാഫീസ് ഭരണം പിടിക്കാന്‍ അവസരം പാര്‍ത്തിരുന്നു. നാലു വര്‍ഷത്തിനിപ്പുറം അന്നത്തെ നേതാവ് സാലാ ജാദീദിനെ അട്ടിമറിച്ച് ഹാഫീസ് ഭരണം പിടിച്ചു, അങ്ങനെ സിറിയയുടെ പരമാധികാരിയായി. ഭരണത്തില്‍ പട്ടാളച്ചിട്ട കൊണ്ടുവന്ന് അതിന്റെപേരില്‍ പല കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ശീത യുദ്ധക്കാലത്ത് റഷ്യക്കൊപ്പം (അന്ന് സോവിയറ്റ് യൂണിയന്‍) ചേര്‍ന്നു, ഇസ്രയേലിനെതിരെ തിരിഞ്ഞു. മുസ്ലിങ്ങളിലെ സുന്നികളെ ഭരണകൂടത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ അവരോധിച്ചു. ഭരണം പൂര്‍ണമായും ബാത്ത് പാര്‍ട്ടിയില്‍ നിന്ന് ഹാഫീസിലേക്ക് എത്തി. പാര്‍ട്ടിക്ക് ഭരണം പോയി, ഒരു ഏകാധിപതിയുടെ ഭരണമായി.
ഇതിനിടെ സിറിയന്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ ബാനറില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ (ഇസ്ലാമിക തീവ്രവാദികള്‍) ഹാഫീസിനെതിരെ അട്ടിമറി നീക്കം നടത്തിയെങ്കിലും അത് ഹാഫീസ് അടിച്ചമര്‍ത്തി. പിന്നീട് തന്റെ അനന്തരാവകാശിയെ കണ്ടെത്താനായി ശ്രമം. മൂത്ത മകന്‍ ബാസിലിനെ കൊണ്ടുവന്നുവെങ്കിലും അദ്ദേഹം കാറപകടത്തില്‍ മരിച്ചു.
94ല്‍ ഇളയ മകന്‍ ബാഷര്‍ അല്‍ അസദിനെ അനന്തരാവകാശിയെന്ന നിലയ്‌ക്ക് സിറിയന്‍ പ്രസിഡന്റാക്കി വാഴിച്ചു. എതിര്‍ത്തവരെ ഓടിച്ചു. എതിര്‍ത്ത ഉദ്യോഗസ്ഥരെ തരം താഴ്‌ത്തി. പ്രസിഡന്റ് ആയതോടെ ബാഷര്‍ സിറിയന്‍ സായുധ സേനയുടെ മേധാവിയും ബാത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി.
മെഡിസിനില്‍ ബിരുദം നേടിയ ബാഷര്‍ നേത്ര രോഗ ചികില്‍സയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2000 ജൂലൈ 17ന് അധികാരമേറ്റ ശേഷം, ബാഷര്‍ 2001 മുതല്‍ 2002 വരെ നീണ്ട വിമതരുടെ വിപ്ലവം അടിച്ചമര്‍ത്തി. ബാഷറിന്റെ കാലത്താണ് സിറിയ ശരിയായ ഏകാധിപത്യം കണ്ടതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്. എതിരാളികളെയും എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെയും അടിച്ചമര്‍ത്തിയും മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരച്ചുമാണ് ബാഷര്‍ ഭരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
2011 തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെയും ബാഷര്‍ അടിച്ചമര്‍ത്തി. ഇക്കാലത്ത് സിറിയ വലിയ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തില്‍ ആറു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ രാസായുധങ്ങള്‍ വരെ ഉപയോഗിച്ചു, 2017ലും 2018ലും രാസായുധം ഉപയോഗിക്കപ്പെട്ടു. വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധം സിറിയയെ തകര്‍ത്തു. 2024 നവംബറില്‍ വിമതരെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മത ഭീകരര്‍ യുദ്ധം ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പല നഗരങ്ങളും പിടിച്ച അവര്‍ ഇന്നലെ ഡമാസ്‌ക്കസും പിടിച്ചു. നില്‍ക്കക്കള്ളിയില്ലാതെ ബാഷര്‍ അല്‍ അസദ് പാലായനം ചെയ്തു.
വിമതരെന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഭരണം പിടിച്ചടക്കിയത് ഹയാത്ത് തഹ്റീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലാണ്. ഐക്യരാഷ്‌ട്ര സഭയും അമേരിക്കയും തുര്‍ക്കിയുമടക്കം പല രാജ്യങ്ങളും ഭീകര സംഘടനയെന്ന് മുദ്ര കുത്തി നിരോധിച്ച സംഘടനയാണ് ഹയാത്ത് തഹ്റീര്‍ അല്‍ ഷാം.
2011ല്‍ രൂപീകരിച്ച അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ജബാത്ത് അല്‍ നുസ്ര എന്ന സംഘടനയാണ് പിന്നീട് ഹയാത്ത് തഹ്റീര്‍ അല്‍ ഷാം ആയത്. ഐഎസിന്റെ നേതാവായ കൊടും ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കും ജബാത്ത് അല്‍ നുസ്രയുടെ രൂപീകരണത്തില്‍ പങ്കുണ്ട്. അസദിനെതിരെ നിരന്ന ഏറ്റവും ശക്തമായ ഭീകര ഗ്രൂപ്പ് ഹയാത്ത് തഹ്റീര്‍ അല്‍ ഷാമാണ്. വിപ്ലവമല്ല ജിഹാദാണ് ഇവരുടെ ലക്ഷ്യം.
ചുരുക്കത്തില്‍ ഏകാധിപതിയെ ഓടിച്ചെങ്കിലും സിറിയ ഇനി ഭരിക്കാന്‍ പോകുന്നത് ഭീകരരാണ്, മതാധിപതികളാണ്, ജിഹാദികളാണ്. അതായത് സിറിയയും അഫ്ഗാനിസ്ഥാന്റെ, ബംഗ്ലാദേശിന്റെ വഴിയേ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: