അഹമ്മദാബാദ്: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആസാമിനെ തോല്പിച്ച് കേരളം. 57 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 46 ഓവറില്‍ 170 റണ്‍സിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസാമിന് 113 റണ്‍സില്‍ പുറത്തായി. 73 റണ്‍സെടുത്ത നജ്ല സി.എം. സി യുടെ പ്രകടനമാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ആദ്യം ബാറ്റ് ചെയ്ത കേരള ഓപ്പണര്‍മാരായ ദൃശ്യ 15ഉം ഷാനി 20ഉം റണ്‍സെടുത്ത് പുറത്തായി. നജ്ലയുടെ പ്രകടനം കേരള ഇന്നിങ്സിന് കരുത്തായി. ഒരറ്റത്ത് നജ്ല ഉറച്ച് നിന്നപ്പോഴും മറുവശത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീണത് കേരളത്തിന് തിരിച്ചടിയായി. ഏഴാം വിക്കറ്റില്‍ നജ്ലയും സായൂജ്യയും ചേര്‍ന്ന് നേടിയ 75 റണ്‍സാണ് കേരളത്തിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. സായൂജ്യ 22 റണ്‍സെടുത്തു. ആസാമിന് വേണ്ടി നിരുപമയും മോണിക്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ആസാമിന്റെ മുന്‍നിരയെ തകര്‍ത്തെറിഞ്ഞ് ബൗളര്‍മാര്‍ കേരളത്തിന് മികച്ച തുടക്കം നല്കി. സ്കോര്‍ 50 തികയും മുമ്പ് തന്നെ ആസാമിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടൊരു തിരിച്ചുവരവിന് സാധിച്ചില്ല. 37-ാം ഓവറില്‍ 113 റണ്‍സിന് അസം ഓള്‍ഔട്ടായി. 22 റണ്‍സെടുത്ത രഷ്മി ദേയാണ് ആസാമിന്റെ ടോപ് സ്കോറര്‍. കേരളത്തിന് വേണ്ടി മൃദുല, ദര്‍ശന, ഷാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 73 റണ്‍സ് നേടിയ നജ്ലയാണ് പ്ലയര്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: