തിരുവനന്തപുരം: വൈദ്യുതി നിരക്കിലുണ്ടായത് നാമമാത്ര വര്‍ധനയാണെന്ന ന്യായീകരണവുമായി കെഎസ്ഇബി. 2024-25ല്‍ യൂണിറ്റിന് ശരാശരി 16.94 പൈസയുടെയും 2025-26ല്‍ 12.68 പൈസയുടെയും മാത്രം വര്‍ധനയാണുണ്ടാവുകയെന്നും കെഎസ്ഇബി വാര്‍ത്താക്കുറിപ്പില്‍ ന്യായീകരിച്ചു. അതേസമയം പ്രതിഷേധം കടുത്തതോടെ 250 യൂണിറ്റിനു മുകളിലുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ടൈം ഓഫ് ഡേ ബില്ലിങ് സമ്പ്രദായം ഏര്‍പ്പെടുത്താനും ഇവരുടെ പകല്‍ സമയത്തെ എനര്‍ജി ചാര്‍ജില്‍ 10 ശതമാനം ഇളവുനല്കാനും കെഎസ്ഇബി തീരുമാനിച്ചു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 2024-25ല്‍ 3.56 ശതമാനത്തിന്റെയും, 2025-26ല്‍ 3.2 ശതമാനത്തിന്റെയും വര്‍ധന മാത്രമേയുള്ളൂവെന്നാണ് കെഎസ്ഇബിയുടെ അവകാശ വാദം. 50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ അഞ്ചുരൂപയുടെയും എനര്‍ജി ചാര്‍ജില്‍ അഞ്ച് പൈസയുടെയും വര്‍ധന മാത്രമാണ് വരുത്തിയിട്ടുള്ളത്. ലോ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 2024-25ല്‍ 2.31 ശതമാനവും 2025-26ല്‍ 1.29 ശതമാനവും ആണ് വര്‍ധന. ഹൈ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കളുടെ പരമാവധി വര്‍ധന 1.20 ശതമാനം മാത്രമാണെന്നും കെഎസ്ഇബി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
നിരക്ക് വര്‍ധനയെ ന്യായീകരിച്ച് സിപിഎം നേതാവ് എ.കെ. ബാലനും രംഗത്തെത്തി. പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതിയുടെ വില വര്‍ധന പണപ്പെരുപ്പത്തിന്റെ തോതുമായി നോക്കിയാല്‍ ഇപ്പോഴുള്ള വര്‍ധന കൂടുതലാണെന്ന് പറയാന്‍ കഴിയില്ലെന്നും എ.കെ. ബാലന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം റഗുലേറ്ററി കമ്മിഷനാണെന്നും ബാലന്‍ വിമര്‍ശിച്ചു.
റഗുലേറ്ററി കമ്മിഷന്‍ സര്‍ക്കാരിന്റെ സ്വന്തക്കാര്‍
റഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ സിപിഎമ്മിന്റെ ഇഷ്ടക്കാരാണ്. മുന്‍മന്ത്രി എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറി വില്‍സണ്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍ ഭാരവാഹിയുമായ ബി. പ്രദീപ് എന്നിവരാണ് അംഗങ്ങള്‍. ടി.കെ. ജോസ് ഐഎഎസ് ആണ് ചെയര്‍മാന്‍. സര്‍ക്കാര്‍ നോമിനികളാണ് ശേഷിക്കുന്നവരെല്ലാം. കുറഞ്ഞ നിരക്കിലുള്ള കരാറുകള്‍ റദ്ദാക്കിയ ശേഷം ഇടക്കാല കരാറുകളിലൂടെ വന്‍വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്നത് ഇവരുടെ നിര്‍ദ്ദേശപ്രകാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: