ബംഗ്ലാദേശ് എന്ന ഭൂപ്രദേശത്തെ ഇപ്പോഴത്തെ സംഭവഗതികള്‍ ചില ‘നല്ല പാഠങ്ങള്‍’ക്കുള്ള വഴിയാണ്; ഒപ്പം ദുരന്തത്തില്‍നിന്നും ദുരിതത്തില്‍നിന്നുമാണോ പാഠങ്ങള്‍ പഠിക്കേണ്ടത് എന്ന മറ്റൊരു പാഠത്തിനുള്ള ചോദ്യത്തിന് അത് പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ബംഗ്ലാദേശിലെ സംഭവങ്ങള്‍ ആവര്‍ത്തിച്ച് ഇവിടെ പറയുന്നില്ല. രാഷ്‌ട്രീയവും കലയും സാഹിത്യവും സംഗീതവും ചേരുന്ന മാനവികതയുടെ പേരാണല്ലോ സംസ്‌കാരം. സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നത് സംസ്‌കാര സമ്പന്നരുടെ സമ്മേളനത്തിലൂടെയാണല്ലോ. അത്തരത്തില്‍ സാംസ്‌കാരിക പ്രസ്ഥാനമായ തപസ്യ കലാസാഹിത്യവേദി പുറപ്പെടുവിച്ച ബംഗ്ലാദേശ് സംഭവഗതികളിലുള്ള പ്രമേയ പ്രസ്താവനയിലുണ്ട് അവിടത്തെ സംഭവങ്ങളുടെ സകലതല സ്പര്‍ശിയും സര്‍വകാല ദര്‍ശിയുമായ ഉള്ളടക്കം. അത് ഒരേസമയം നിലപാടും നിരീക്ഷണവും വിമര്‍ശനവും ദിശാസൂചിയുമാകുന്നു. പ്രസ്താവന ഇങ്ങനെ:
”ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ഹിന്ദുവേട്ട, ഒരു ന്യൂനപക്ഷ മതവിഭാഗത്തിനോട് നടത്തുന്ന അതിക്രമങ്ങള്‍ മാത്രമല്ല, സാംസ്‌കാരികവും രാഷ്‌ട്രീയവും രാഷ്‌ട്രതന്ത്രപരവുമായ അനീതിയും കൂടിയാണ്. ഇത് സാമുദായികമോ മതപരമോ ആയ പ്രശ്നം മാത്രമല്ല. ലോകത്തെ വലിയൊരു മേഖലയെ പലതരത്തില്‍ ദുര്‍ബലപ്പെടുത്താന്‍ ചില രാജ്യങ്ങളിലെ ദ്രോഹശക്തികള്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഫലംകൂടിയാണ്.
ബംഗ്ലാദേശ് സര്‍ക്കാരും അതിന് കൂട്ടുനില്‍ക്കുന്നുവെന്നിടത്താണ് വലിയ അപകടം. അടിയന്തരമായി ബംഗ്ലാദേശ് സര്‍ക്കാര്‍ ഹിന്ദുപീഡനം അവസാനിപ്പിക്കാന്‍ ഏറ്റവും യുക്തമായ നടപടികള്‍ കൈക്കൊള്ളണം. ഭാരതത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ അരക്ഷിതരാണെന്ന് ഇവിടെയും എവിടെയും നുണപ്രചാരണം നടത്തുന്നവര്‍ ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്ക് കൂട്ടുനില്‍ക്കുന്നവരാണെന്നാണ്, ബംഗ്ലാദേശില്‍ ഹിന്ദുക്കളും ധാര്‍മ്മികാചാര്യന്മാരും പീഡിപ്പിക്കപ്പെടുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നതിലൂടെ അവര്‍ സ്വയം തെളിയിക്കുന്നത്.
ഭാരത സര്‍ക്കാര്‍ ബംഗ്ലാദേശിലെ ഹിന്ദുവേട്ട അവസാനിപ്പിക്കാന്‍ എല്ലാരീതിയിലും ആവുന്നതെല്ലാം എത്രയുംവേഗം ചെയ്യണം, അതിന് സര്‍വ വിധ പിന്തുണയും പ്രഖ്യാപി
ക്കുന്നു…” തപസ്യ സംസ്ഥാന സമിതി യോഗം പ്രസ്താവിച്ചു.
ഇടയ്‌ക്കു പറയട്ടെ, വാക്കുകള്‍ പ്രയോഗിച്ച് പ്രയോഗിച്ച് അര്‍ത്ഥലോപം വരികയും അര്‍ത്ഥം മാറുകയും ചെയ്യുന്നതാണ് ഒരു സംസ്‌കാരത്തിന്റെ ക്ഷയത്തിലെ ആദ്യപടി. പ്രസ്ഥാനം, സംഘടന, സംസ്‌കാരം, പാഠം, പ്രസ്താവന തുടങ്ങിയ വാക്കുകള്‍ക്കെല്ലാം അങ്ങനെ ലോപം സംഭവിച്ചിട്ടുണ്ട്. ‘സംഭവാമി’ എന്ന വാക്കിനെ, ‘സംഭവിച്ചുകൊണ്ടിരിക്കുന്നു’ എന്ന് തെറ്റായി അര്‍ത്ഥം പറയാറുള്ളത് ഒരു ഉദാഹരണം മാത്രം. അതു കൊണ്ടുതന്നെ, തപസ്യ പോലുള്ള സംഘടനകളുടെ നിലപാടുകള്‍ പറയുന്നതിലെ വാക്കുകളുടെ വ്യാപ്തി കൃത്യമായി തിരിച്ചറിയണം.
ബംഗ്ലാദേശ് ‘നല്ല’ പാഠമാകുന്നതെങ്ങനെയെന്ന് തോന്നാം. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അറിയാം, സംഭവിക്കാന്‍ പോകുന്നുവെന്നതിന് സൂചനകള്‍ നല്‍കുന്ന ലക്ഷണങ്ങള്‍ എന്നാണവയെക്കുറിച്ച് പറയുക. രോഗലക്ഷണങ്ങള്‍ എന്ന് പറയാറില്ലേ. മഴയ്‌ക്കുള്ള സാധ്യതകള്‍ എന്ന മുന്നറിയിപ്പ് പ്രകൃതി നല്‍കാറില്ലേ. ഇതുപോലെ ഓരോ സംഭവങ്ങളും മറ്റെന്തിനെയെങ്കിലുമോ ആരെയെങ്കിലുമോ ഒക്കെ സ്വാധീനിക്കും, അഥവാ ബാധിക്കും. അത് ഒരു പ്രപഞ്ച ഘടനയാണ്. വേദാന്തികളും ശാസ്ത്രജ്ഞരും ഇത് അവരവരുടെ രീതിയില്‍, ഭാഷയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. അന്തരീക്ഷ താപം വര്‍ധിക്കുന്നു, സമുദ്രജലനിരപ്പ് കുറയുന്നുവെന്നതൊക്കെ ഈ പ്രക്രിയയുടെ ഭാഗമായ സൂചനകളാണ്. ഇതുപോലെ സാമൂഹ്യക്രമത്തിലും സംവിധാനത്തിലും ലക്ഷണങ്ങള്‍ കാണിക്കും; അത് തിരിച്ചറിയാനുള്ള നിരീക്ഷണപാടവമുള്ളവര്‍ക്ക് അത് മനസ്സിലാകും. അങ്ങനെയാണ് ബംഗ്ലാദേശ് പാഠമാകുന്നത്. ബംഗ്ലാദേശ് നല്ല പാഠമാകുന്നത് എങ്ങനെയെന്നതാണ് വിഷയം.
ബംഗ്ലാദേശില്‍ അവിടത്തെ ന്യൂനപക്ഷ മതവിഭാഗം സര്‍ക്കാര്‍ പിന്തുണയോടെയും സഹായത്തോടെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ അതിന്റെ എല്ലാ ഭീകരതയും പുറത്തുകാട്ടി വിഹരിക്കുകയാണ്. അതില്‍ പ്രതിഷേധിച്ചും ബംഗ്ലാദേശില്‍ അതിക്രമങ്ങള്‍ക്കിരയാകുന്ന ധര്‍മ്മാചാര്യന്മാര്‍ക്കും ധര്‍മ്മമാര്‍ഗ്ഗികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരളത്തിലുള്‍പ്പെടെ രാജ്യത്ത് പലയിടങ്ങളില്‍ ധര്‍മ്മവിശ്വാസികളുടെ സംഗമങ്ങള്‍ നടക്കുന്നു. കോഴിക്കോട്ട് നടന്ന സംഗമത്തില്‍ ‘ഇസ്‌കോണി’ന്റെ കേരളത്തിലെ മുഖ്യപ്രവര്‍ത്തകരില്‍ ഒരാളായ ശ്യാമചൈതന്യദാസ് പങ്കെടുത്ത് സംസാരിച്ചു. ബംഗ്ലാദേശില്‍ ‘ഇസ്‌കോണി’ന്റെ മുഖ്യ ആചാര്യന്‍ ചിന്മയ് കൃഷ്ണദാസ് ഇപ്പോള്‍ ജയിലിലാണ്. ഒരു ഭരണകൂടം അതിന്റെ പരമാവധി മതാന്ധതയില്‍ നടത്തുന്ന അതിക്രമത്തിന് ജനാധിപത്യകാലത്തെ ഏറ്റവും ദുഷിച്ച ഉദാഹരണമാണ് ഈ സംഭവം. ഒരു രാജ്യത്ത് രാജ്യസ്‌നേഹവും രാജ്യദ്രോഹവും മതവെറിയും തമ്മില്‍ തിരിച്ചറിയാനാവാത്തത്ര ആന്ധ്യം ആ രാജ്യം നയിക്കുന്നവര്‍ക്ക് ബാധിച്ചപ്പോഴത്തെ സ്ഥിതിവിശേഷം.
കോഴിക്കോട്ട് മുതലക്കുളത്തായിരുന്നു ഐക്യദാര്‍ഢ്യസംഗമം. ഒട്ടേറെ ധര്‍മ്മാചാര്യര്‍ പങ്കെടുത്തു. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍), സ്വാമി വിവേകാമൃതാനന്ദപുരി (അമൃതാനന്ദമയി മഠം), സ്വാമി സത്യാനന്ദപുരി (ശാരദ അദൈ്വതാശ്രമം) എന്നിവര്‍ പ്രധാനികളായിരുന്നു. ധര്‍മ്മാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളും പങ്കുചേര്‍ന്നു.
ബംഗ്ലാദേശിലും മുതലക്കുളത്തുമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍, ഈ ദിവസങ്ങളില്‍ ക്രിസ്തീയ മതവിശ്വാസത്തിന്റെ ആത്മീയസ്ഥാനമായ വത്തിക്കാനില്‍ ഒരു വിശിഷ്ട ചടങ്ങ് നടക്കുകയായിരുന്നു. ലോകത്തിന് മാര്‍ഗ്ഗദര്‍ശകമായ ഭാരതീയ സംസ്‌കാരത്തിന്റെ ഉദ്ഘോഷകരില്‍ പ്രമുഖനായ ശ്രീനാരായണഗുരുവെന്ന സനാതനധര്‍മ്മ സംന്യാസിയുടെ സമാധിസ്ഥാനമായ ശിവഗിരി ആസ്ഥാനത്ത് സര്‍വമത പ്രാര്‍ത്ഥനാലയം നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖക്ക് അംഗീകാരവും ആശീര്‍വാദവും ചൊരിയുകയായിരുന്നു ധര്‍മ്മാചാര്യന്മാര്‍. ക്രിസ്തീയ മത ആത്മീയ മേധാവിയായ മാര്‍പ്പാപ്പയുടെ സാന്നിധ്യത്തില്‍, ശിവഗിരി ധര്‍മ്മാചാര്യസംന്യാസിമാരുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്. ബംഗ്ലാദേശിനെന്നല്ല ലോകത്തിനുതന്നെ ഏറ്റവും പുതിയ നിമിഷത്തില്‍ നല്‍കുന്ന ഭാരത സന്ദേശമായിരുന്നു അത്. ആത്മീയവും രാഷ്‌ട്രീയവും ഭൗതികവും സാംസ്‌കാരികവും മതാത്മകവുമായ സന്ദേശം. ഒരുപക്ഷേ ആക്രമണമാണ് മതസ്ഥാപനത്തിനുള്ള ആത്യന്തിക വഴിയെന്ന തെറ്റിദ്ധാരണ പരത്തുന്നവരുടെ അസ്തിത്വം ഇല്ലാതാക്കുന്ന സന്ദേശം. ശ്രദ്ധിക്കണം, പല മതസാരവുമേകമെന്ന് ദര്‍ശിച്ച ഗുരുവിന്റെ സമാധി ഭൂമിയില്‍ ഓരോ മതവിഭാഗത്തിനും അവരവരുടെ വിശ്വാസത്തില്‍ പ്രാര്‍ത്ഥനയ്‌ക്ക് സൗകര്യം ഒരുക്കുക- വൈരുദ്ധ്യം തോന്നിപ്പിക്കുന്ന സങ്കല്പമാണ്, പക്ഷേ, ഭാരത സംസ്‌കാര പ്രകാരം സാദ്ധ്യവുമാണ്. പക്ഷേ, ഗുരു പറഞ്ഞതുപോലെ ””പ്രിയമൊരുജാതിയിതെന്‍ പ്രിയം ത്വദീയപ്രിയം അപരപ്രിയം…”’ എന്ന വിശ്വാസക്കാര്‍ക്ക് അമ്പരപ്പുണ്ടാക്കുന്നതാണ്, അവരുടെ യുക്തിക്ക് അപ്പുറമാണല്ലോ അത്. അതിന്റെ ഗതി വഴിയേ അറിയാം.
കോഴിക്കോട്ട് സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി, കേസരി വാരികയുമായി ചേര്‍ന്ന് ഭഗവദ്ഗീതാ ജ്ഞാനയജ്ഞം നടത്തുന്ന വേളയായിരുന്നു, മുതലക്കുളത്തെ ഐക്യദാര്‍ഢ്യ സംഗമം. സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ച അധ്യാത്മാനന്ദസരസ്വതി യജ്ഞസ്ഥലത്തെത്തിയപ്പോള്‍ വൈകി. വൈകിയതിനു കാരണം സംഗമമായിരുന്നുവെന്നും വൈകിയതിന് ക്ഷമിക്കണമെന്നും പറഞ്ഞ് അദ്ദേഹം സംഗമവിഷയവും സാഹചര്യവും ഹ്രസ്വമായി വിവരിച്ചു: ”മതം മദമായിട്ടും ഉന്മാദമായിട്ടും മാറുന്ന ഭരണവ്യവസ്ഥകള്‍ ലോകത്ത് വ്യാപകമാണ്. അതിക്രമം ശരി, മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ശ്രേയസ്സ് ഉണ്ടാകില്ല, അവരെ മതംമാറ്റുകയോ ‘തട്ടിക്കളയുക’യോ ചെയ്യുന്നത് ഗുണമുണ്ടാക്കുമെന്ന് കരുതുന്ന സങ്കുചിത ചിന്ത ലോകത്തിന് വെല്ലുവിളിയാണ്. അത്തരം മുന്നേറ്റങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്,” സ്വാമി പറഞ്ഞു. ഈ അനുമാനവും ചെറുവിവരണവും ഐക്യദാര്‍ഢ്യ സംഗമത്തിന് മൈതാനത്തു പോയിട്ടില്ലാത്ത, പോകാന്‍ പല കാരണങ്ങളാല്‍ മടിക്കുന്നവര്‍ക്കുള്ള സന്ദേശമായിരുന്നു. അവര്‍ക്ക് പ്രേരണയായിരുന്നു. തുടര്‍ന്ന് ഭഗവദ്ഗീതയിലെ നാലാം അധ്യായമായ ‘കര്‍മ്മയോഗ’ത്തെക്കുറിച്ച് അദ്ദേഹം ക്ലാസ് തുടര്‍ന്നു. ഉടനീളം അദ്ദേഹം ഓര്‍മ്മിപ്പിച്ചത് നാലു കാര്യങ്ങളായിരുന്നു. ഒന്ന്: ഭഗവദ്ഗീത ലോകവിരുദ്ധമല്ല. രണ്ട്: അത് പ്രായം ചെന്നവര്‍ക്കുള്ള ആത്മീയോപദേശമല്ലാത്തതിനാല്‍ എനിക്കുള്ളതല്ല എന്ന് പറഞ്ഞ് അകന്നു നില്‍ക്കാതിരിക്കുക. മൂന്ന്: എല്ലാം പൂര്‍ണമായി മനസ്സിലാകുന്നില്ല എന്ന് ചിന്തിക്കാതെ മനസ്സിലാകുന്നിടത്തോളം ജീവിതത്തില്‍ അനുഷ്ഠിക്കുമെന്ന് നിശ്ചയിക്കുക. നാല്: ഭഗവദ്ഗീതയെന്ന ധര്‍മ്മപാഠത്തെ മനസ്സിലാക്കാതെ, രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന സത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനോ അനുഷ്ഠിക്കാനോ കഴിയുകയില്ല എന്ന് മറ്റ് മതങ്ങളിലെ വിശ്വാസികളെക്കൂടി ആഹ്വാനം ചെയ്യുക.
ധര്‍മ്മം അനുഷ്ഠിക്കാന്‍ ബലം വേണമെന്നും അത് ‘കൃഷ്ണബല’മാണെന്നും അര്‍ജുനനുണ്ടായ ‘വ്യഥ’കള്‍ (അര്‍ജുന വ്യഥകള്‍) എക്കാലത്തും ആര്‍ക്കും ഉണ്ടാകാവുന്നതാണെന്നും അതിജീവിക്കാന്‍ കൃഷ്ണന്‍ ഉപദേശിച്ച ധര്‍മ്മമാര്‍ഗ്ഗമാണ് വഴിയെന്നും അതാണ് ഗീതയിലെന്നും അത് ആത്മബലം നല്‍കുമെന്നും സ്വാമി അധ്യാത്മാനന്ദ വിശദീകരിച്ചു. മതത്തിനുമുപരിയായി ധര്‍മ്മത്തെ സാര്‍വലൗകികമാക്കുന്ന ചിന്ത വളരണം, വളര്‍ത്തണം, പരത്തണം. ആരെയും എന്തെങ്കിലും അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ച്, പൈതൃകത്തില്‍ നിന്ന് എന്നെന്നേക്കുമായി അകറ്റിക്കളയാതെ, നമ്മള്‍ അനുശീലിച്ചും അനുഷ്ഠിച്ചും അവരെ ആകര്‍ഷിക്കണം, അനുസരിപ്പിക്കണം. ജഗത്തിന്റെ സുസ്ഥിതിയും പ്രാണികളുടെ അഭ്യുദയവും അവരവരുടെ മോക്ഷവും തമ്മില്‍ ബന്ധിതമാണെന്ന് അറിയുകയും കാമം എന്ന അഭിലാഷങ്ങള്‍ക്കപ്പുറം പ്രേമമെന്ന പരമാത്മാവിനോടുള്ള അടുപ്പത്തിലേക്ക് ദിശയും മാര്‍ഗ്ഗവും മാറ്റുമ്പോള്‍ അത് മാതാപിതാക്കളോടും രാഷ്‌ട്രത്തോടും വിശ്വാസത്തോടും ഉള്ള അടുപ്പവും ചേര്‍ച്ചയുമാകുമെന്ന വിവരണവും അതിന് രക്ഷിതാക്കളുടെ കര്‍മ്മ-ധര്‍മ്മ ഉത്തരവാദിത്വം എന്തൊക്കെയെന്നും സ്വാമികള്‍ വിവരിച്ചപ്പോള്‍ അത് ഐക്യദാര്‍ഢ്യ സംഗമങ്ങളുടെ മറ്റൊരു തലത്തിലുള്ള തുടര്‍ച്ചയായി മാറി. പാരമ്പര്യമായിക്കിട്ടിയതിനെ അടുത്ത തലമുറയ്‌ക്ക് കൈമാറുന്ന തുടര്‍പ്രവര്‍ത്തനം ഇടയ്‌ക്ക് എവിടെയോ മുറിഞ്ഞുപോയത് വീണ്ടെടുക്കാനുള്ള ആവേശം ഇത്തരം ചെറിയ ചെറിയ സംഘങ്ങളിലേക്കെത്തിക്കുന്ന ദൗത്യങ്ങള്‍ക്ക് അതിവ്യാപകമായ പ്രേരണയും പ്രവര്‍ത്തനവും ഉണ്ടാകുന്നുവെന്നതാണ് ബംഗ്ലാദേശ് നല്‍കുന്ന പാഠം. ശരിയാണ്, അതിന് ചില നിയുക്ത ജന്മങ്ങളുടെ ജയില്‍വാസവും പീഡനവും ചിലപ്പോള്‍ ജീവത്യാഗവും വേണ്ടിവന്നേക്കുമെന്നതാണ് ആശങ്ക. അത്രയും ദുരിതാവസ്ഥയിലെത്തിയ ശേഷമേ ഇതൊക്കെ തിരിച്ചറിയണമെന്നും തിരുത്തണമെന്നും തോന്നുന്നുള്ളു എന്നതാണ് ‘ദുരന്തപാഠം.’ പക്ഷേ, അവസാനിക്കാനല്ല, പുതിയ ആരംഭത്തിനുള്ള തുടക്കമാണ് ബംഗ്ലാദേശുകള്‍ എന്നതാണ് പ്രതീക്ഷയും.
സ്വാമി അദ്ധ്യാത്മാനന്ദ സദസ്സിനെക്കൊണ്ട് പറയിച്ചു: അറിഞ്ഞത് ഞാന്‍ അനുഷ്ഠിക്കും, എന്റെ വീട്ടില്‍ ശീലിപ്പിക്കും, എനിക്ക് എവിടെയൊക്കെ ഇത് പറയാനും പ്രവര്‍ത്തിക്കാനും കഴിയുമോ അവിടെയെല്ലാം അത് ചെയ്യും, സമൂഹത്തിനും രാജ്യത്തിനും വേണ്ടി അത് ചെയ്യും. ബംഗ്ലാദേശിന്റെ പതാകയിലെ കുങ്കുമ വട്ടപ്പൊട്ടിനെക്കുറിച്ച്, അറസ്റ്റിലായ ഇസ്‌കോണ്‍ ആചാര്യന്‍ ചിന്മയ് കൃഷ്ണദാസ് പറഞ്ഞു, അതിന്റെ സാംസ്‌കാരിക- രാഷ്‌ട്രീയ ചരിത്രം; അതിന്ന് ഭാരതത്തിലുള്‍പ്പെടെ മറ്റൊരു സൂര്യോദയത്തിന്റെ അരുണാഭയാകുകയാണ്. അത് ഓരോ വീടുകളേയും വ്യക്തികളേയും ആരാധനാലയങ്ങളാക്കുന്ന ശക്തിയാവുകയാണ്. അതാണ് ബംഗ്ലാദേശിന്റെ ധര്‍മ്മ പാഠം.
പിന്‍കുറിപ്പ്: സിനിമാ മേഖലയിലെ ചൂഷണ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്, തീയറ്ററുകളില്‍ ഒരിടയ്‌ക്കുണ്ടായിരുന്ന ഗ്യാപ് പടങ്ങള്‍ – ഉച്ചപ്പടങ്ങള്‍ പോലെയാകുന്നുവോ എന്ന് സംശയം; സംസ്ഥാന സര്‍ക്കാരിനെ ബാധിക്കുന്ന ഗൗരവപ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഈ റിപ്പോര്‍ട്ട് വന്ന് മുഖ്യ ചര്‍ച്ചയാകും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: