തിരുവനന്തപുരം: ജല അതോറിറ്റിയുടെ ആസ്ഥാനത്ത് ജോലിചെയ്യുന്ന കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് ശിവത്തിനെതിരെയുള്ള പ്രതികാര നടപടി ബിഎംഎസിന്റെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് റദ്ദാക്കി.
കഴിഞ്ഞ തവണ നടന്ന റഫറണ്ടത്തില്‍ ജല അതോറിറ്റിയിലെ ഏറ്റവും വലിയ മൂന്നാമത്തെ സംഘടനയായിരുന്ന അക്വയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സജീഷ് ശിവവും ഇരുപതോളം വരുന്ന സംസ്ഥാന, ജില്ലാ ഭാരവാഹികളും സംഘടനയുള്‍പ്പടെ ബിഎംഎസ് നേതൃത്വം നല്കുന്ന കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘില്‍ ലയിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് തന്നെ രേഖാമൂലം അവധിക്ക് അപേക്ഷ നല്‍കിയതിന് ശേഷമാണ് സജീഷ് ശിവം ബിഎംഎസ് ലയന സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ സൂപ്പര്‍വൈസര്‍ ഹെഡ് ഓപ്പറേറ്ററായ ഐഎന്‍ടിയുസി നേതാവ് അസി. എന്‍ജിനിയറെ തെറ്റിദ്ധരിപ്പിച്ച് സജീഷ് ശിവത്തിന്റെ അവധി അപേക്ഷ തള്ളുകയും ശിക്ഷണ നടപടിയുടെ ഭാഗമായി അദ്ദേഹത്തെ ഫില്‍ട്ടര്‍ ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങള്‍ സജീഷ് ശിവത്തിന് വാട്സാപ്പിലൂടെയാണ് അയച്ചുകൊടുത്തത്. ഇതൊന്നും രേഖാമൂലം അറിയാതിരുന്ന സജീഷ് ശിവം അടുത്ത ദിവസം രാവിലെ ഡ്യൂട്ടിക്ക് ഹാജരാകും എന്ന് മനസിലാക്കി രജിസ്റ്ററില്‍ ഒപ്പിടാതിരിക്കുവാന് ജോലി സ്ഥലത്ത് നിന്നും ലോഗ്ബുക്കും ഹാജര്‍ ബുക്കും കൈക്കലാക്കി മാറ്റുകയും ചെയ്തു.
അസിസ്റ്റന്റ് എന്‍ജിനീയറുടെ നിയമവിരുദ്ധ നടപടി റദ്ദ് ചെയ്യണമെന്നും സുരക്ഷാ പ്രാധാന്യമുള്ള പമ്പ് ഹൗസില്‍ നിന്നും രേഖകള്‍ കടത്തിക്കൊണ്ടുപോയവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിഎംഎസ് പ്രവര്‍ത്തകര്‍ ജല അതോറിറ്റിയുടെ തിരുവനന്തപുരം മേഖലാ സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി ജി. അനില്‍ കുളപ്പട നേതൃത്വം നല്കി. കാര്യങ്ങള്‍ പരിശോധിച്ച് അടുത്ത ദിവസം തന്നെ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. അടുത്ത ദിവസം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നടന്ന യോഗത്തിലും ബിഎംഎസ് ശക്തമായ പ്രതിഷേധം അറിയിക്കുകയും രേഖാമൂലം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. നിയമങ്ങളും, ചട്ടങ്ങളും ലംഘിച്ച് നടത്തിയ എല്ലാ മാറ്റങ്ങളും റദ്ദ് ചെയ്തുകൊണ്ട് ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉത്തരവിറക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: