മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് 2025ലേക്ക് ഭാരത പുരുഷ സിംഗിള്‍സ് താരം സുമിത് നാഗലിന് നേരിട്ട് പ്രവേശനം. എടിപി റാങ്കിങ് 98-ാം റാങ്കുകാരാനായാണ് നാഗലിന് പ്രവേശനം ലഭിച്ചത്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുരുഷ, വനിതാ സിംഗിള്‍സുകളില്‍ 98-ാം റാങ്ക് വരെയുള്ളവര്‍ക്ക് നേരിട്ട് പ്രേവശനം ലഭിക്കും. പിന്നെ വൈല്‍ഡ് കാര്‍ഡ് പ്രവേശനവും പ്രൊട്ടക്ടഡ് റാങ്കിങ് സംവിധാനവും പരിഗണിച്ച ശേഷമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ.
കഴിഞ്ഞ തവണ റാങ്കിങ്ങില്‍ ഇതിനേക്കാള്‍ പിന്നിലായിരുന്ന സുമിത്ത് നാഗല്‍ മറ്റൊരാള്‍ പിന്‍മാറിയതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് മത്സരിക്കാന്‍ അര്‍ഹത നേടിയത്. ആദ്യ റൗണ്ട് മത്സരത്തില്‍ 31-ാം സീഡ് താരം കസാഖ് അലക്‌സാണ്ടര്‍ ബുബ്ലിക്കിനെ അട്ടിമറിച്ച് അത്ഭുതം കാട്ടിയിരുന്നു. രണ്ടാം റൗണ്ടില്‍ ചൈനയുടെ ജുന്‍ചെങ് ഷാങ്ങുമായി ഏറ്റുമുട്ടി തോല്‍ക്കുകയും ചെയ്തു.
നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ, വനിതാ സിംഗിള്‍ ജേതാക്കളായ യാനിക് സിന്നര്‍, അരൈന സബലെങ്ക എന്നിവരടക്കം മുന്‍നിര ടെന്നിസ് റാങ്കിലുള്ള എല്ലാവരും തന്നെ പ്രവേശനം നേടി. അടുത്ത മാസം 12 മുതല്‍ 26 വരെയാണ് മെല്‍ബണില്‍ സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: