കൊല്‍ക്കൊത്ത: ബംഗ്ലാദേശിലെ ഹിന്ദു സമുദായത്തിന് നേരെയുള്ള അവിടുത്തെ മുഹമ്മദ് യൂനസ് സര്‍ക്കാരിന്റെ ക്രൂരതകള്‍ ബംഗാളിലെ ഹിന്ദു സംഘടനകളെ ഉണര്‍ത്തുകയാണ്. ബംഗ്ലാദേശുമായി ഏകദേശം 2217 കിലോമീറ്ററുകളോളം അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ബംഗാള്‍.
ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന കുറ്റപ്പെടുത്തലുമായി ബിജെപി രംഗത്തുണ്ട്. കാരണം മമത ബാനര്‍ജി സര്‍ക്കാര്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തെ താഴ്ന്ന ശബ്ദത്തില്‍ പ്രതകരിച്ചതല്ലാതെ പ്രത്യക്ഷ സമരപരിപാടികള്‍ ഒന്നും നടത്തുന്നില്ല.
ഇവിടെ ബിജെപിയുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടനകള്‍ ശക്തമായി അണിനിരക്കുകയാണ്. നൂറില്‍ പരം ഹിന്ദുസംഘടനകളാണ് കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ബംഗ്ലാദേശില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഏത് ഹിന്ദുവിനെ സംബന്ധിച്ചും ഹൃദയഭേദകമാണ്. ഹിന്ദു ക്ഷേത്രങ്ങള്‍ അവിടെ ദിനംപ്രതിയെന്നോണം തകര്‍ക്കപ്പെടുന്നു, ഇസ്കോണിന്റെ ഹരേകൃഷ്ണ പ്രസ്ധാനത്തിലെ സ്വാമിമാരെയും സമ്മിളിത സനാതനി ജാഗരണ്‍ ജോടെ എന്ന സംഘടനയുടെ നേതാവായ സ്വാമി ചിന്മോയ് കൃഷ്ണദാസിനെയും ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ബംഗ്ലാദേശില്‍ ഹിന്ദു സമുദായത്തിന് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തുനിഞ്ഞതിനാണ് സ്വാമി ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ഹിന്ദുക്കളുടെ ഭവനങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്നു.
ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ നടന്ന ശൗര്യ ദിവസ് റാലിയില്‍ ബംഗാളിലെ നിരവധി ആശ്രമങ്ങളുമായി ബന്ധപ്പെട്ട സംഘടനകളിലെ സന്യാസിമാര്‍ പങ്കെടുത്തു. വാസ്തവത്തില്‍ മമത ബാനര്‍ജിയെ ഭയപ്പെടുത്തുന്ന രീതിയിലാണ് ബംഗാളിലെ സ്ഥിതി. ഹിന്ദുക്കളുടെ ഏകതയാണ് മമതയെ ഭയപ്പെടുത്തുന്നത്. ന്യൂനപക്ഷസമുദായത്തിന്റെ നേതാവ് മാത്രമായി താന്‍ ചുരുങ്ങുന്നതായി ബംഗാളിലെ ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞോ എന്നതാണ് മമതയുടെ ഭയത്തിന്റെ കാരണം.
ഈ അവസരത്തില്‍ പരമാവധി ആഞ്ഞടിക്കുകയാണ് സുവേന്ദു അധികാരി. “ബംഗാളില്‍ ഇനിയും ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യം കൈവന്നിട്ടില്ല. യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ ഒന്നായിരിക്കുന്നു. ഹരിയാനയിലും ഹിന്ദുക്കളുടെ ഏകത നടന്നുകഴിഞ്ഞു. ഇപ്പോഴിതാ മഹാരാഷ്ടയിലും ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി.”- സുവേന്ദു അധികാരി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: