തൊടുപുഴ : കിണറ്റിൽ അകപ്പെട്ട പേർഷ്യൻ പൂച്ചയ്‌ക്ക് രക്ഷകരായി തൊടുപുഴ ഫയർഫോഴ്സ്. വെള്ളിയാഴ്ച രാത്രി എട്ടേകാലിന് ആയിരുന്നു സംഭവം.
മുട്ടം പഞ്ചായത്ത് ശങ്കരപ്പിള്ളിയിൽ താമസിക്കുന്ന മേട്ടുപുറത്ത് ബിജുമോന്റെ പേർഷ്യൻ പൂച്ചയാണ് അദ്ദേഹത്തിന്റെ വീട്ടിൽ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിൽ വീണത്. വീട്ടുകാരും സമീപവാസികളും ചേർന്ന് പൂച്ചയെ പുറത്തെത്തിക്കാൻ കുറെ സമയം ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ ഒടുവിൽ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി തോമസിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘം റെസ്ക്യു നെറ്റിൽ പൂച്ചയെ സുരക്ഷിതമായി കരക്കെത്തിച്ചു. 35 അടി താഴ്ചയുള്ള കിണറിൽ 15 അടിയോളം വെള്ളവും ഉണ്ടായിരുന്നു.
ഏകദേശം അയ്യായിരം രൂപ വില വരുന്നതാണ് പേർഷ്യൻ പൂച്ച. ഫയർ ഓഫീസർമാരായ ബിബിൻ എ തങ്കപ്പൻ, അനിൽ നാരായണൻ, അഖിൽ എസ് പിള്ള എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: