ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ 17 റോഡ് പദ്ധതികള്‍ക്ക് അനുമതി നല്കും. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളെല്ലാം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തത്വത്തില്‍ സമ്മതിച്ചു. നിര്‍മാണ സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടി വിഹിതം ഒഴിവാക്കണമെന്ന ഏക നിബന്ധനയോടെയാണ് കേന്ദ്രത്തിന്റെ നടപടി. പകരം വന്‍തുക മുടക്കിയുള്ള സ്ഥലമേറ്റെടുപ്പിന്റെ പൂര്‍ണ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. കേന്ദ്ര ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന റോഡ് പദ്ധതികളില്‍ നിന്ന് സംസ്ഥാന ജിഎസ്ടി ഒഴിവാക്കുന്നത് അടുത്ത ദിവസത്തെ സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കും. നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ചയിലാണ് ധാരണ.
അങ്കമാലി-കുണ്ടന്നൂര്‍ എറണാകുളം ബൈപ്പാസ്, കൊല്ലം-ചെങ്കോട്ട പദ്ധതികളില്‍ സംസ്ഥാന ജിഎസ്ടി ഒഴിവാക്കി നിര്‍മാണം ആരംഭിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയിലെത്തി. ദേശീയപാത നിര്‍മാണ സാമഗ്രികളായ സിമന്റിനും സ്റ്റീലിനും ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ ഒമ്പത് ശതമാനം വേണ്ടെന്നുവച്ചാല്‍ പദ്ധതി ചെലവില്‍ വലിയ കുറവുണ്ടാകും. മണലിനും മറ്റുമുള്ള റോയല്‍റ്റിയും കേരളം ഒഴിവാക്കും.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ന്റെ പ്രവര്‍ത്തനപുരോഗതി കൂടിക്കാഴ്ചയില്‍ വിശദമായി ചര്‍ച്ചചെയ്തു. 17 റോഡ് വികസന പദ്ധതികളും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. കേരളത്തിന്റെ ഭാവി റോഡ് വികസനത്തില്‍ കേന്ദ്രത്തിന്റെ കൂടുതല്‍ പദ്ധതികള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനം മുന്നോട്ടുവെച്ച പദ്ധതികളോട് വളരെ അനുകൂലമായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍, വികസനം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങള്‍ മന്ത്രിസഭയോഗം ചേര്‍ന്ന് സ്വീകരിക്കും. പല കാരണങ്ങളാല്‍ വൈകിയ മലാപ്പറമ്പ്- പുതുപ്പാടി, പുതുപ്പാടി-മുത്തങ്ങ, കൊല്ലം- ആഞ്ഞിലിമൂട്, കോട്ടയം- പൊന്‍കുന്നം, മുണ്ടക്കയം- കുമളി, ഭരണിക്കാവ്- മുണ്ടക്കയം, അടിമാലി- കുമളി എന്നീ ഏഴ് പദ്ധതികളുടെ അലൈന്‍മെന്റ് പുതുക്കി നല്‍കിയത് അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കി. പുനലൂര്‍ ബൈപാസ് വികസനം, തിക്കോടിയില്‍ അടിപാത എന്നിവയും കേന്ദ്രമന്ത്രി അംഗീകരിച്ചതായി റിയാസ് പറഞ്ഞു. രാമനാട്ടുകര മുതുല്‍ കോഴിക്കോട് വിമാനത്താവളം വരെ എലിവേറ്റഡ് പാത പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: