വിശ്വാസത്തിന് പ്രാധാന്യമുണ്ട്, യുക്തിസഹമായ ചിന്ത ഇല്ലെങ്കിൽ വിശ്വാസം ചിലപ്പോൾ ദാരുണമായ അനന്തരഫലങ്ങളിലേക്ക് എത്തിച്ചേക്കാം. മെക്സിക്കൻ ഷോർട്ട് ഫിലിം നടി മാർസെല അൽകാസർ റോഡ്രിഗസിന് സംഭവിച്ച ദുരവസ്ഥ അതായിരുന്നു. തവള വിഷം ഉൾപ്പെടുന്ന കംബോ പാനീയം സേവിച്ചതിനെ തുടർന്നാണ് യുവനടിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഡിസംബർ 1 ന് ഒരു റിട്രീറ്റിൽ ശുദ്ധീകരണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ഛർദ്ദിയും വയറിളക്കവും ബാധിച്ചാണ് മാർസെലയ്‌ക്ക് ജീവൻ നഷ്ടപ്പെട്ടത്
പരമ്പരാഗതമായി തദ്ദേശീയ സമൂഹങ്ങള്‍ വിഷ ശുദ്ധീകരണത്തിനായി പിന്തുടരുന്ന ആചാരമാണിത്. ആഫ്രിക്കൻ ജയൻ്റ് ബുൾ ഫ്രോഗ്രായുടെ വിഷം രോഗശാന്തിക്കായി ഉപയോഗിക്കുക എന്നതാണ് ആചാരം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തവളയാണ് ആഫ്രിക്കൻ ജയൻ്റ് ബുൾ ഫ്രോഗ്രാ. ഈ തവളയുടെ വിഷം രോഗശാന്തി നല്‍കുമെന്ന് ഇവിടുത്തെ ചില സംസ്‌കാരങ്ങളില്‍ ജീവിച്ചവര്‍ വിശ്വസിച്ചിരുന്നു. ഈ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയായ ആൺതവളകൾക്ക് ഒരു കിലോയിലധികം ഭാരം വരുമെന്നാണ് റിപ്പോർട്ടുകൾ.
രാത്രി സഞ്ചാരികളായതിനാല്‍ ഈ തവളകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എന്നാൽ ശബ്ദത്തെ ശ്രദ്ധിച്ച് ഗോത്രവർഗ്ഗക്കാര്‍ക്ക് ഇവയെ എളുപ്പം കണ്ടെത്താനാവും. തവളയെ പിടികൂടി അതിന്റെ കാലുകളില്‍ നിന്ന് മെഴുകുപോലുള്ള സ്രവം ശേഖരിച്ച ശേഷം ജീവനോടെ കാട്ടില്‍ വിടും. ചില രാജ്യങ്ങളിൽ ഇതിന് നിരോധനമുണ്ട്. രോഗി ശാന്തിക്കായി ഇത് ഉപയോഗിക്കാമെന്ന് ക്ലിനിക്കലി തെളിയിച്ചതായി രേഖകളില്ല.
ഹീലർ ട്രെയിനിംഗ് ഡിപ്ലോമ പ്രോഗ്രാമിൻറെ ഭാഗമായി മെക്‌സിക്കോയിൽ നടന്ന സ്പിരിച്വൽ റിട്രീറ്റ് ചടങ്ങിൽ ആണ് മാർസെല അൽകാസർ റോഡ്രിഗസ് കംബോ പാനീയം സേവിച്ചത്. വെള്ളം കുടിക്കുക, ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുക, ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാന്‍ തവള വിഷം പ്രയോഗിക്കുക തുടങ്ങിയ കാര്യങ്ങളാണ് ആചാരത്തില്‍ ഉള്‍പ്പെടുന്നത്.
ആചാരത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ ആദ്യം ഒരു ലിറ്ററിലധികം വെള്ളം കുടിക്കണം, ശേഷം തൊലിയില്‍ ചൂടുള്ള വടിയുപയോഗിച്ച് ചെറിയ പൊള്ളലുകള്‍ വരുത്തും. ആ മുറിവുകളില്‍ തവളയുടെ വിഷമടങ്ങിയ സ്രവം പ്രയോഗിക്കും. ഈ സ്രവം രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ഛര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍ വയറിളക്കത്തിനും കാരണമാകും. ബോധക്ഷയം, തലകറക്കം, ചുണ്ടുകളിലും മുഖത്തും തടിച്ചുപൊങ്ങല്‍ എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. സാധാരണയായി, ലക്ഷണങ്ങള്‍ ഏകദേശം അര മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഇത് ശുദ്ധീകരണപ്രക്രിയക്കുള്ള സമയമായിട്ടാണ് കണക്കാക്കുന്നത്. വിഷം രക്തത്തിലേക്ക് ദീര്‍ഘനേരമെത്തുന്നത് അപസ്മാരത്തിനും മരണത്തിനും കാരണമാകും.
ആചാരം ആരംഭിച്ചയുടനെ, റോഡ്രിഗസിന് അസ്വസ്ഥതയുണ്ടായിരുന്നു. കഠിനമായ വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. എന്നാൽ ഇതെല്ലാം രോഗശാന്തിയുടെ ഭാഗമാണെന്നാണ് നടി കരുതിയത്. അതുകൊണ്ട് തന്നെ ശരീരത്തിന് ബുദ്ധിമുട്ട് തോന്നിയ ആദ്യ ഘട്ടത്തിലെല്ലാം വൈദ്യ സഹായം വേണ്ടെന്ന് അവർ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ സുഹൃത്തിന്റെ നിര്‍ബന്ധത്തിലാണ് ആശുപത്രിയിലേക്ക് പോകാൻ അവർ വഴങ്ങിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആചാരം നടത്തുന്നവര്‍ ആദ്യം ഇതിന് അനുവദിച്ചിരുന്നില്ല. യുവതിയുടെ നില വഷളായതോടെ ആചാരം നടത്തിയയാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: