രാമാനുജന്‍
Iconoclasm അഥവാ വിഗ്രഹഭഞ്ജനം എന്നത് അബ്രഹാമിക മതങ്ങള്‍ നൂറ്റാണ്ടുകളോളം ആത്മാര്‍ഥമായി പിന്തുടര്‍ന്ന ഒരു നയമായിരുന്നു. സീനായ് കുന്നില്‍ വച്ച് പ്രവാചകനായ മോസസിന് ദൈവം നല്കിയവയാണ് പത്തു കല്‍പ്പനകള്‍ എന്നാണ് വിശ്വാസം.
“നിങ്ങളുടെ കര്‍ത്താവും ദൈവവുമായ യഹോവ ഞാനാണ്. ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങള്‍ക്ക് ഉണ്ടാവരുത്”
“യാതൊന്നിന്റെയും രൂപത്തിൽ പ്രതിമ ഉണ്ടാക്കുകയോ അവയെ വണങ്ങുകയോ ചെയ്യരുത്” അങ്ങനെ പോകുന്നു കല്‍പ്പനകള്‍.
ദൈവ കല്‍പ്പന അറിയിച്ചെങ്കിലും അവ നിഷേധിച്ചു കൊണ്ട് ജനങ്ങള്‍ ഒരു കാളക്കുട്ടിയുടെ പ്രതിമ ഉണ്ടാക്കി ആരാധിക്കുന്ന കാഴ്ച മോസസ് കണ്ടു. ആ വിഗ്രഹം തകര്‍ക്കാനും, അതിനെ ആരാധിച്ചവരെ കൊന്നൊടുക്കാനും മോസസ് തന്നെ തന്റെ അനുയായികളോട് ആജ്ഞാപിച്ചു ! അങ്ങനെ ദൈവാജ്ഞയുടെ പേര് പറഞ്ഞ് വിഗ്രഹങ്ങള്‍ തകര്‍ക്കുകയും, ആരാധനാരീതിയുടെ പേരില്‍ മറ്റുള്ളവരെ കൊല്ലുകയും ചെയ്യുന്ന മതഭ്രാന്തിന് ദാര്‍ശനിക അടിത്തറ ഒരുങ്ങി. പത്ത് കല്‍പ്പനകളുടെ കൂട്ടത്തില്‍ “നിങ്ങള്‍ കൊലപാതകം ചെയ്യരുത്” എന്നൊരു കല്‍പ്പന കൂടി ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.
പില്‍ക്കാലത്ത് പഴയ നിയമത്തിനു പകരം സ്നേഹത്തിന്റെയും ശാന്തിയുടേയും സന്ദേശം പകരുന്ന പുതിയ നിയമം ഉണ്ടായി. പല ക്രൈസ്തവ വിഭാഗങ്ങളും പല രൂപത്തിലുള്ള വിഗ്രഹങ്ങളും പ്രതീകങ്ങളും ഉപയോഗിക്കാനും തുടങ്ങി. എങ്കിലും മോസസിന്റെ പാത അക്ഷരാര്‍ത്ഥത്തില്‍ പിന്തുടര്‍ന്ന മതഭ്രാന്തന്മാരുടെ എണ്ണം കുറവായിരുന്നില്ല എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. ഗോവയിലെ കുപ്രസിദ്ധമായ ഇന്‍ക്വിസിഷന്‍ ഒക്കെ നമുക്കറിയാവുന്നതാണല്ലോ.
അബ്രഹാമിക വിശ്വാസങ്ങളിലെ ഒടുവിലത്തെ മതമായ ഇസ്ലാം ഈ മതഭാന്തിനെ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് തങ്ങള്‍ക്ക് ശക്തിയുള്ളിടങ്ങളിലെല്ലാം നടപ്പാക്കി. ഇന്ന് ക്രൈസ്തവ സഭകളിലെ പല വിഭാഗങ്ങളും, വ്യക്തികളില്‍ ബഹുഭൂരിപക്ഷവും മുന്‍കാല ചെയ്തികളില്‍ ആത്മപരിശോധന നടത്തുകയും വൈവിദ്ധ്യപൂര്‍ണ്ണമായ ഈ ലോകത്ത് അത്തരം ഇടുങ്ങിയ മതഭ്രാന്തുകള്‍ക്ക് ഇടമില്ല എന്ന് തിരിച്ചറിയുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇസ്ലാമിസ്റ്റ് മതഭ്രാന്തന്മാരെ സംബന്ധിച്ച് അവരുടെ അന്ധതയ്‌ക്ക് കുറവ് വന്നിട്ടില്ലെന്ന് മാത്രമല്ല ലോകം മുഴുവന്‍ അത്തരക്കാരുടെ എണ്ണവും തീവ്രതയും കൂടിക്കൊണ്ടിരിയ്‌ക്കുകയും ചെയ്യുന്നു. ബാമിയാന്‍ ബുദ്ധ പ്രതിമകളെ തകര്‍ത്തതിനേയും, ഹാഗിയ സോഫിയ കൈയ്യടക്കി മസ്ജിദാക്കി മാറ്റിയതിനേയും കാശി, മഥുര തുടങ്ങിയ ഭാരതത്തിലെ എണ്ണമറ്റ ക്ഷേത്ര ധ്വംസനങ്ങളെയും ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്യുന്ന മാനസികാവസ്ഥയില്‍ നിന്ന് അവര്‍ മുന്നോട്ടു പോയിട്ടില്ല. ഖുറൈഷികളുടെ ആരാധനാ വിഗ്രഹങ്ങളെ തച്ചുടച്ച തങ്ങളുടെ പ്രവാചകന്റെ പ്രവൃത്തിയെ എക്കാലത്തേയും മാതൃകയായി അവര്‍ കണക്കാക്കുന്നു.
ഏറ്റവും വലിയ ശിര്‍ക്ക് അഥവാ പരിഹാരമില്ലാത്ത അപരാധമാണ് വിഗ്രഹാരാധന എന്നാണ് ഇസ്ലാമിസ്റ്റുകള്‍ ശഠിക്കുന്നത്. ആയിരത്തിലേറെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന കൊടിയ നരനായാട്ടും വിലമതിക്കാനാവാത്ത പൈതൃക സമ്പത്തിന്റെ നശീകരണവുമാണ് ഈ മതശാഠൃം ഭാരതത്തിന് സമ്മാനിച്ചത്. പാപമോ അപരാധമോ ഒന്നുമല്ലെങ്കിലും വിഗ്രഹാരാധന അനാവശ്യവും അന്ധവിശ്വാസവുമാണ് എന്ന് കരുതുന്ന ചില വിഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉണ്ടായിട്ടുണ്ട്. ആധുനിക ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ആത്മീയ ആചാര്യനും പുരോഗമന ചിന്തകനുമായിരുന്ന സ്വാമി വിവേകാനന്ദന്‍ വിഗ്രഹാരാധനയെ കുറിച്ച് പറഞ്ഞിട്ടുള്ളത് എന്താണെന്ന് അറിയുന്നത് രസകരമായിരിക്കും.
“വിഗ്രഹാരാധന തെറ്റാണെന്നത് ആവര്‍ത്തന വിരസമായ ഒരു പറച്ചിലാണ്. എല്ലാവരും ചോദ്യം ചെയ്യാതെ അതിനെ അപ്പടി വിഴുങ്ങുകയും ചെയ്യുന്നു. ഒരു കാലത്ത് ഞാനും അപ്രകാരം കരുതിയിരുന്നു. എന്നാല്‍ വിഗ്രഹങ്ങളിലൂടെ സര്‍വ്വതിനേയും സാക്ഷാത്ക്കരിച്ച ഒരു മനുഷ്യന്റെ കാല്‍ക്കലിരുന്ന് എന്റെ പാഠം പഠിച്ചുകൊണ്ട് ഞാന്‍ അതിന് പിഴയൊടുക്കേണ്ടി വന്നു. ഞാന്‍ ഉദ്ദേശിച്ചത് ശ്രീരാമകൃഷ്ണപരമഹംസരെയാണ്… വിഗ്രഹാരാധനയിലൂടെ നിങ്ങള്‍ക്ക് ശ്രീരാമകൃഷ്ണപരമഹംസരെ സൃഷ്ടിക്കാനാവുമെങ്കില്‍, നിങ്ങള്‍ ഒരായിരം വിഗ്രഹങ്ങള്‍കൂടി കൈക്കൊള്ളണം. ഏത് വിധേനയെങ്കിലും ഉല്‍കൃഷ്ടമായ അത്തരം സത്തുക്കളെ സൃഷ്ടിക്കൂ. എന്നിട്ടും വിഗ്രഹാരാധന നിരാകരിക്കപ്പെടുന്നു. എന്തുകൊണ്ട് ? ആര്‍ക്കും അറിയില്ല. ചില നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജൂതരക്തത്തില്‍ പിറന്ന ഒരു മനുഷ്യന്‍ അതിനെ തിരസ്ക്കരിക്കാനിട വന്നു അതായത് സ്വന്തം വിഗ്രഹത്തെയൊഴിച്ച് മറ്റെല്ലാവരുടെയും വിഗ്രഹങ്ങളെ അയാള്‍ തിരസ്ക്കരിച്ചു. മനോഹരമായ ഒരു രൂപത്തില്‍ അഥവാ പ്രതീകാത്മകമായ ഏതെങ്കിലും രൂപത്തില്‍ ഈശ്വരന്റെ പ്രാതിനിധ്യം കാണുന്നത് ഘോരമായ തെറ്റാണ് എന്ന് ആ ജൂതന്‍ പറഞ്ഞു. അത് പാപമാണ്. പാര്‍ശ്വങ്ങളിലായി രണ്ട് മാലാഖമാര്‍ ഇരിക്കുകയും മുകളില്‍ മേഘം തൂങ്ങിനില്‍ക്കുന്നതുമായ ഒരു പേടകം ഈശ്വരനെ പ്രതിനിധീകരിച്ചാല്‍ അത് പവിത്രതമമാണ്. ഈശ്വരന്‍ ഒരു പ്രാവിന്റെ രൂപത്തില്‍ വന്നാല്‍ അത് പവിത്രമാണ്. പക്ഷേ ഈശ്വരന്‍ ഒരു പശുവിന്റെ രൂപത്തില്‍ വന്നാല്‍ അത് അവിശ്വാസികളുടെ അന്ധവിശ്വാസമാണ്. അതിനെ തിരസ്ക്കരിക്കണം. ഇതാണ് ലോകത്തിന്റെ ഗതി !”
(വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം, വാല്യം 3)വാസ്തവത്തില്‍ ഏതെങ്കിലും രീതിയിലുള്ള വിഗ്രഹാരാധകരല്ലാത്ത എത്രപേരുണ്ട് ? രൂപമോ കാലമോ ഗുണമോ കൊണ്ട് ഇന്നത് എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയാത്ത ദൈവം എന്ന അമൂര്‍ത്തമായ സത്തയെ വിഗ്രഹങ്ങളിലൂടെ അഥവാ പ്രതീകങ്ങളിലൂടെ അല്ലാതെ അറിയുന്ന എത്ര പേരുണ്ട് ? അള്ളാ / യഹോവ / ശിവന്‍ എന്നൊക്കെ പറയുമ്പോള്‍ അത് മേല്‍പ്പറഞ്ഞ ഗുണ – രൂപ രഹിതമായ സത്തയെ പ്രതിനിധീകരിക്കുന്ന വെറുമൊരു ശബ്ദം മാത്രമാണ്. ആ ശബ്ദം പറയുകയോ കേള്‍ക്കുകയോ ചെയ്യുന്ന ഓരോ വ്യക്തിയും തന്റെ മനോനിലക്കനുസരിച്ചുള്ള ഒരു ഭാവനാ ദൈവത്തെ മനസ്സില്‍ നെയ്തെടുക്കുകയാണ് ചെയ്യുന്നത്. അതിനോടാണ് അയാളുടെ പ്രാര്‍ഥനയും ആരാധനയും. പ്രതീകങ്ങള്‍ ഉപയോഗിച്ചു മാത്രം വ്യാപരിക്കാന്‍ കഴിയുന്ന മനുഷ്യ മനസ്സിന് അതിനപ്പുറം ഒന്നും കഴിയില്ല. ഇനി മണ്ണിലോ, കല്ലിലോ, മരത്തിലോ രൂപങ്ങള്‍ ഉണ്ടാക്കുന്നതിനെ മാത്രമാണ് ദൈവം വിലക്കിയതെന്നും മനസ്സില്‍ ഭാവനകള്‍ രൂപപ്പെടുത്തുന്നത് തടഞ്ഞിട്ടില്ല എന്നുമൊക്കെ വാദിക്കേണ്ടി വരും.
ഹിന്ദുക്കളുടെ വിഗ്രഹാരാധനയിലേക്ക് വന്നാല്‍ മറ്റുള്ളിടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേവലം പ്രതീകങ്ങള്‍ എന്നതിനും അപ്പുറം പല തലങ്ങളുമുണ്ട്. ഇവിടെ തന്ത്രശാസ്ത്രം എന്ന വിപുലമായ ഒരു വിജ്ഞാന ശാഖ തന്നെ ആരാധനയുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിട്ടുണ്ടെന്ന് കാണാം. ദേവതാ ചൈതന്യത്തിന്റെ ആവാഹനം, പ്രതിഷ്ടാപനം, ഉദ്വസനം എന്നീ വിശേഷ ചടങ്ങുകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് താന്ത്രികമായ വിഗ്രഹാരാധന. ഏകവും നിര്‍ഗ്ഗുണവും അതീന്ദ്രിയവുമായ ഈശ്വരസത്ത ഒരേസമയം തന്നെ വിവിധ ഗുണങ്ങളും വ്യക്തിത്വങ്ങളും ഉള്ള അനേകം ഭാവങ്ങള്‍ സ്വീകരിച്ച് ഈ പ്രപഞ്ചത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഋഷിമാര്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് തന്ത്രശാസ്ത്ര നിബദ്ധമായ ആരാധനാ സമ്പ്രദായം. അതില്‍ അനന്തമായ ഈശ്വര ചൈതന്യത്തിന്റെ ഒരംശത്തെ ഭക്തരുടെ ചെറിയ മനസ്സുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാകത്തില്‍ താന്ത്രിക ക്രിയകളിലൂടെ സമീപത്ത് അനുഭവ വേദ്യമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഉദ്വസനം എന്ന താന്ത്രിക പ്രക്രിയയിലൂടെ അനന്തതയില്‍ തിരികെ വിലയിപ്പിക്കുന്നതുവരെ ഈ ഭഗവദ് ചൈതന്യം ഭക്തരുടെ അഭീഷ്ടത്തിനനുസരിച്ച് വിഗ്രഹങ്ങളില്‍ കുടികൊണ്ടു കൊണ്ട് ആരാധനാ ഉപചാരങ്ങള്‍ സ്വീകരിക്കുകയും, അര്‍ഹമായ അഭീഷ്ടങ്ങളെ സാധിപ്പിക്കുകയും, ക്രമേണ മോക്ഷം എന്ന ആത്യന്തികമായ പുരുഷാര്‍ത്ഥ സിദ്ധിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം ഗഹനമായ സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതിനാല്‍, ഹിന്ദുക്കളുടെ വിഗ്രഹാരാധനയില്‍ അതിഥിയായി സമീപം വസിക്കുന്ന ഒരു സുപ്രധാന വ്യക്തിക്ക് കൊടുക്കേണ്ടുന്ന എല്ലാ ഉപചാരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതായി കാണാം. പള്ളിയുണര്‍ത്തല്‍, സ്നാനം, ഭക്ഷണം, പാദപൂജ, സംഗീതം, നൃത്തം, നാട് കാണല്‍, ഘോഷയാത്ര തുടങ്ങി ഒരു വി വി ഐ പി ക്ക് കൊടുക്കേണ്ട എല്ലാ പരിചരണങ്ങളും നമ്മുടെ ആരാധനാ സമ്പ്രദായങ്ങളില്‍ വരുന്നു. ഇത് മനസ്സിലാക്കിയിട്ടില്ലാത്തവര്‍ക്ക് കല്ലിലോ, ലോഹത്തിലോ ഉള്ള വിഗ്രഹത്തെ പാടിയുറക്കുന്നതും, ചാമരം വീശിക്കൊടുക്കുന്നതും, പട്ടുടയാടകള്‍ കൊണ്ട് അലങ്കരിക്കുന്നതും ഒക്കെ തമാശയായി തോന്നാം. എന്നാല്‍ ഹിന്ദു ഭക്തരെ സംബന്ധിച്ച് ഇവയെല്ലാം ഈശ്വര സാന്നിധ്യത്തിന്റെ നേരിട്ടുള്ള അനുഭവങ്ങളെ തരുന്ന ആത്മീയ സാധനകളാണ്.
ഇതെല്ലാം വെറും സങ്കല്‍പ്പങ്ങളും ഭാവനകളും മാത്രമാണോ ? അതോ നമുക്കറിയാത്ത മറ്റൊരു തലത്തില്‍ ഇത് സത്യമാണോ ? വിഗ്രഹങ്ങളില്‍ ചൈതന്യം സാന്നിദ്ധ്യം ചെയ്യുകയും മനുഷ്യരോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് എല്ലാ പ്രാര്‍ഥനകളും സഫലമാകുന്നില്ല ? എന്തുകൊണ്ട് ഭക്തര്‍ക്ക് ദുരനുഭവങ്ങള്‍ വരുന്നു ? എന്തുകൊണ്ട് ഈശ്വരശക്തി കളിയാടിയിരുന്ന അയോധ്യയും കാശിയും സോമനാഥവും മറ്റനേകം ക്ഷേത്രങ്ങളും അക്രമികളുടെ പേക്കൂത്തുകളില്‍ തകര്‍ന്നടിഞ്ഞു ? ഇത് ഒരു പ്രഹേളികയാണ്. സാമാന്യ യുക്തികൊണ്ട് ഇതിനുത്തരം പറയുക സാദ്ധ്യമല്ല. ഈ സ്ഥൂല പ്രപഞ്ചത്തിന്റെ ഭാഗമായതെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍ മാറ്റമില്ലാത്ത ജീവചൈതന്യം പുതുരൂപത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. സോമനാഥവും അയോദ്ധ്യയും ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞു. ഭക്തശരീരങ്ങളും വിഗ്രഹങ്ങളാണ്. അവയിലൂടെ പ്രവര്‍ത്തിച്ച ദേവതാ ശക്തിതന്നെയാണ് ക്ഷേത്ര നശീകരണങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തതും, പിന്നീട് പുതിയ രൂപങ്ങളില്‍ അവ പടുത്തുയര്‍ത്തിയതും. ശ്രീരാമക്ഷേത്ര പുന:പ്രതിഷ്ഠയ്‌ക്കു ശേഷം കഴിഞ്ഞ പത്തു മാസത്തിനിടയില്‍ ലോകമെങ്ങു നിന്നും മണ്മറഞ്ഞു പോയ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും കണ്ടെടുക്കപ്പെട്ട നിരവധി വാര്‍ത്തകളാണ് പുറത്തുവന്നത്. പലതും തീര്‍ത്തും യാദൃശ്ചികവും അപ്രതീക്ഷിതവുമായി കണ്ടെത്തപ്പെടുകയായിരുന്നു.
ഒപ്പം ഘര്‍വാപസി അഥവാ ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ചവരില്‍ മാതൃധര്‍മ്മത്തിലേക്ക് തിരിച്ചെത്താനുള്ള ത്വര വര്‍ദ്ധിച്ചതായുള്ള വാര്‍ത്തകളും വരുന്നു. ശ്രീരാമ ചൈതന്യം വീണ്ടും സ്ഫുരിക്കാന്‍ തുടങ്ങിയ ഈ ഭൂമിയില്‍ നീണ്ട നിദ്രയിലായിരുന്ന ദേവതമാര്‍ ഉണര്‍ന്നെണീറ്റ് തങ്ങളുടെ ഭക്തരെ തേടുകയാണോ ? വിഗ്രഹങ്ങളും ക്ഷേത്രങ്ങളും തകര്‍ന്നടിഞ്ഞാലും ശരിയായ താന്ത്രിക കര്‍മ്മങ്ങളിലൂടെ ഉദ്വസിക്കുന്നതുവരെ ആ ശിലാ ഖണ്ഡങ്ങളില്‍ നിന്ന് ദേവതാചൈതന്യങ്ങള്‍ വിട്ടു പോവുകയില്ല. തങ്ങളുടെ ദേവനെ കാണാന്‍ കൊതിക്കുന്ന ഭക്തഹൃദയങ്ങളും തങ്ങളുടെ ഭക്തരുടെ ഉപചാരങ്ങള്‍ ആഗ്രഹിക്കുന്ന ദേവതമാരും ദിവ്യപ്രേമത്താല്‍ ബദ്ധരാണ്. ഭക്തന്റെ എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും, അവന്‍ ഏത് മതത്തിലേക്ക് മാര്‍ഗ്ഗം കൂടിയാലും, ദേവതയുടെ ശരീരം അഥവാ വിഗ്രഹം എത്ര തവണ മാറ്റി പുന:പ്രതിഷ്ടിക്കപ്പെട്ടാലും ഉള്ളില്‍ വിട്ടുപോയ ആ പഴയ പ്രേമസമാഗമത്തിലേക്ക് അവര്‍ മടങ്ങിയെത്തുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: