ചിറക്കല്‍ (കണ്ണൂര്‍): ശബരിമലയിലെ ഉപദേവതാ സ്ഥാനത്തെ പൂജാനുഷ്ഠാനം ഇസ്ലാമികമാണോ എന്നു പറയേണ്ടത് ഇസ്ലാമിക പണ്ഡിതന്മാരാണെന്നും പക്ഷേ അവര്‍ ഇക്കാര്യത്തില്‍ മൗനമവലംബിക്കുകയാണെന്നും കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശബരിമല അയ്യപ്പ സ്വാമിയുടെ ഉപദേവനാണ് വാവരു സ്വാമി. സന്നിധാനത്തുനിന്ന് ഉപദേവനായ വാവരുസ്വാമിക്ക് പൂജനടത്താനുള്ള സാമഗ്രികള്‍ നല്‍കുന്നുമുണ്ട്. അവിടെ ഉപദേവനായ വാവരുസ്വാമിയുടെ പൂജ ഉത്തരവാദിത്തത്തോടെ നടത്താനാണ് ഇവ നല്‍കുന്നത്. ഇക്കാര്യം 1926 കാലഘട്ടത്തിലെ തിരുവിതാംകൂര്‍ മാന്വലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി. ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടത്ത് മണ്ഡലക്കാല ആധ്യാത്മിക സഭയില്‍ പ്രഭാഷണം നടത്തവെ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്വാമി.
ശ്രീ’ഭൂതനാഥസര്വസ്വത്തില് വാവരുസ്വാമീ പൂജയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. വാവര് എന്നല്ല വാവരുസ്വാമിയെന്നാണ് വിശേഷിപ്പിക്കുന്നത്. ശബരിമല അയ്യപ്പനും ഉപദേവതമാരും ഭക്തരും എല്ലാം സ്വാമിമാരാണ്. ഇക്കാര്യം അതിപ്രധാനമാണ്. വാവരു സ്വാമിക്ക് തന്ത്ര ശാസ്ത്രവിഗ്രഹ പ്രകാരമുള്ള പൂജയാണ് നടത്തേണ്ടത്, നടത്തിവന്നിരുന്നത്. അതിനാണ് സന്നിധാനത്തു നിന്ന് പൂജാസാധനങ്ങള്‍ നല്‍കുന്നത്.
ശബരിമല ധര്‍മ്മ ശാസ്താവില്‍ ലയിച്ച പന്തളരാജകുമാരനാണ് സ്വാമി അയ്യപ്പന്. സന്നിധാനത്തെ മണിത്തറ സ്ഥാനം അക്കാര്യം ഭക്തരെ ഓര്‍മിപ്പിക്കുന്നുണ്ട്. ശബരിമല അയ്യപ്പന് പന്തളം രാജവംശവുമായുള്ള ബന്ധം ആര്‍ക്കും ഇല്ലാതാക്കാന്‍ പറ്റില്ല. പന്തളം രാജവംശം ഉണ്ടായത് അത്ര പഴയ കാലത്തൊന്നുമല്ല. വാവരുസ്വാമിയും പള്ളിയും ഒക്കെ മതേതരത്വത്തിന്റെ മകുടോദാഹരണമായി ചിലര്‍ എടുത്തുകാട്ടാറുണ്ട്. ആ മതേതരത്വം അയ്യപ്പപൂജ നടത്തി തിരിച്ചിങ്ങോട്ടും അവര്‍ പ്രകടിപ്പിക്കട്ടെ. അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായാലേ മതേതരത്വം അതിന്റെ ലക്ഷ്യത്തിലെത്തൂ എന്നും സ്വാമി ചിദാനന്ദപുരി ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: