തിരുവനന്തപുരം: ക്രിസ്തുമസ് വിപണിയില്‍ വിലക്കയറ്റത്തിന് ആക്കംകൂട്ടി സപ്ലൈകോ. നാലിനം സാധനങ്ങളുടെ വില വീണ്ടും വര്‍ധിപ്പിച്ചതോടെ മലയാളിയുടെ കുടുംബ ബജറ്റ് താളംതെറ്റി. പൊതുവിപണിയുടെ 70 ശതമാനത്തോളം സബ്സിഡി നല്‍കിയിരുന്ന സപ്ലൈകോ നിലവില്‍ 35 ശതമാനമാണ് സബ്സിഡി നല്‍കുന്നത്. ഇത് 30 ശതമാനം ആക്കി കുറയ്ക്കാനും ആലോചനയുണ്ട്.
സപ്ലൈകോ വില കൂട്ടുന്നതിനനുസരിച്ച് പൊതുവിപണിയിലും വില വര്‍ധിക്കുമെന്നതാണ് മുന്‍ അനുഭവം. സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കുകയും സപ്ലൈകോ ഔട്ട്ലറ്റുകളില് സാധനം കിട്ടാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതോടെയാണ് പൊതുവിപണിയില്‍ വില കുതിച്ചുയരുന്നത്. പൊതുവിപണിയും സപ്ലൈകോയും മത്സരബുദ്ധിയോടെ സാധനവില വര്ധിപ്പിക്കാനാരംഭിച്ചതോടെയാണ് സാധാരണക്കാരുടെ നില പരുങ്ങലിലായത്.
മുന്നറിയിപ്പില്ലാതെയാണ് കഴിഞ്ഞ ദിവസം വന്‍പയര്‍, ജയഅരി, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വില വര്‍ധിപ്പിച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ 13 സബ്സിഡിയിനങ്ങളുടെ വില കൂട്ടിയിരുന്നു. ഓണത്തിന് തൊട്ടുമുന്‍പ് മട്ട അരി, പഞ്ചസാര എന്നിവയ്ക്ക് വീണ്ടും വിലകൂട്ടി. മട്ടയരി കിലോഗ്രാമിന് 30ല്‍ നിന്ന് 33 ആയും പഞ്ചസാര 27ല്‍നിന്ന് 33 ആയുമാണ് വര്‍ധിപ്പിച്ചത്. മൂന്നാംതവണയും വിലകൂട്ടിയെങ്കിലും വിതരണ ഏജന്‍സികള്‍ക്ക് 400 കോടി രൂപയാണ് സപ്ലൈകോ കൊടുത്തുതീര്‍ക്കാനുള്ളത്. അതിനാല്‍ കഴിഞ്ഞ ദിവസം ടെന്‍ഡര്‍ നടത്തിയെങ്കിലും ഇവരാരും സഹകരിച്ചിരുന്നില്ല. ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 225 കോടി ധനസഹായത്തില്‍ 50 കോടി ഇതുവരെ സപ്ലൈകോയ്ക്ക് ലഭിച്ചിട്ടില്ല. ഇതോടെ ക്രിസ്തുമസ് ഫെയറിനുള്ള പണം കണ്ടെത്താനാകാതെ പരക്കം പായുകയാണ് സപ്ലൈകോ.
ഫെബ്രുവരിയില്‍ വിലവര്‍ധിപ്പിക്കുമ്പോള്‍ വകുപ്പുമന്ത്രി പറഞ്ഞത് 2016 നു ശേഷം ആദ്യമായി വില വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നിരവധി ഇനങ്ങള്‍ക്ക് വിലകൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: