വാഷിങ്ടണ്‍: ബംഗ്ലാദേശില്‍ തടവിലാക്കപ്പെട്ട എല്ലാവര്ക്കും നിയമസഹായം ലഭിക്കാനുള്ള അവസരം ഒരുക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയ ഇസ്കോണ്‍ ആചാര്യന് ചിന്മയ് കൃഷ്ണദാസിന് കോടതിയില്‍ അഭിഭാഷകരുടെ സഹായം ലഭിക്കാതെവന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. ബംഗ്ലാദേശ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. നിയമസഹായം ലഭിക്കേണ്ടത് അടിസ്ഥാനപരമായ മൗലിക അവകാശമാണ്. എല്ലാ സര്‍ക്കാരുകളില്‍ നിന്നും അമേരിക്ക ഇതു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വേദാന്ത് പട്ടേല്‍ പറഞ്ഞു.
അതിനിടെ ഹിന്ദുക്കള്‍ക്കെതിരെ തുടരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മാള്‍ഡ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്. സര്‍ക്കാരിന്റെയോ പോലീസിന്റെയോ അനുമതിയില്ലാതെ ഒരാള്‍ക്കും ഹോട്ടല്‍ സേവനങ്ങള്‍ നല്‍കില്ലെന്ന് മാള്‍ഡ മര്‍ച്ചന്റ് ചേംബര്‍ കൊമേഴ്സ് പ്രസിഡന്റ് ജയന്ത കുണ്ടു പറഞ്ഞു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് മാള്‍ഡ.
അതേസമയം ബംഗ്ലാദേശില്‍ ഐക്യ രാഷ്ട്രസഭ ഇടപെടണമെന്ന് ഹിന്ദു ആചാര്യന് ദേവകി നന്ദന് ഠാക്കൂര്‍ പറഞ്ഞു. ലോകത്തെവിടെയും മനുഷ്യരാശിക്കെതിരെ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇടപെടുന്ന യുഎന്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നിശബ്ദമാണ്. നടപടിയെടുക്കാനാവില്ലെങ്കില് യുഎന്‍ പിരിച്ചുവിടുകയാണ് നല്ലതെന്ന് ദേവകിനന്ദന്‍ ഠാക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: