കാഞ്ഞങ്ങാട്: പ്രവാസി വ്യവസായി പുച്ചക്കാട് ഫാറൂഖിയ മസ്ജിദിനടുത്തെ എം. സി. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമെന്ന് ക്രൈം ബ്രാഞ്ച്. മന്ത്രവാദിനിടക്കം നാലുപേരെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഉദുമ കൂളിക്കുന്നില്താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ്(46), രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38), മൂന്നാം പൂച്ചക്കാട് സ്വദേശിയായ മുന്‍ അധ്യാപിക അസ് നിഫ (34), നാലാം പ്രതി കാസര്‍കോട് മധൂര്‍ സ്വദേശി ആയിഷ (40) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ മേല്‍നോട്ടത്തില്‍ ഡിസിആര്‍ബി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി: കെ.ജെ. ജോണ്‍സണിന്റെ നേതൃത്വത്തില്‍ ബേക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനുള്പ്പെടെയുളള 11 അംഗ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2023 ഏപ്രില്‍ പതിനാലിന് പുലര്‍ച്ചെയാണ് പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറിന്റെ വീട്ടില്‍ വെച്ച് മന്ത്രവാദം നടത്തി പ്രതികള്‍ 596 പവന് തട്ടിയെടുത്തിരുന്നു. ഈ സ്വര്‍ണം തിരിച്ചുനല്‍കേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതോടെ വീട്ടുകാര്‍ക്ക് മരണത്തില്‍ സംശയമുയരുകയും ഹാജിയുടെ മകന് മുസമ്മില്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതോടൊപ്പം ഉദുമ കൂളിക്കുന്നിലെ ഒരു യുവതിയെയും ഭര്‍ത്താവിനെയും സംശയമുണ്ടന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 28ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ബേക്കല്‍ ഡിവൈഎസ്പിയും സംഘവുമാണ് കേസ് അന്വേഷിച്ചത്. അന്വേഷണ പുരോഗതി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഭാര്യയും മക്കളുമുള്‍പ്പെടെയുള്ളവര്‍ ബന്ധുവീട്ടിലായിരുന്ന ദിവസമാണ് ഗഫൂര്‍ ഹാജി മരിച്ചത്.
റീ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പ്രതികള്‍ കവര്‍ന്ന സ്വര്‍ണാഭരണങ്ങളില്‍ ചിലത് കാസര്‍കോട്ടെയും മറ്റും അഞ്ചു ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയത് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: