തിരുവനന്തപുരം: ശിശുക്ഷേമസമിതിയിലെ സിപിഎം പാര്ട്ടിനിയമനങ്ങളുടെ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നത് കുരുന്നുകള്‍.
പാര്‍ട്ടി നിയമനങ്ങളായതിനാല്‍ ശിശുക്ഷേമസമിതിയില്‍ നടക്കുന്ന പല പീഡനങ്ങളും പരാതിയാവാതെ ഒതുക്കപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചതിന് അറസ്റ്റിലായ ശിശുക്ഷേമ സമിതിയിലെ താത്കാലിക ജീവനക്കാരായ അണ്ടൂര്‍ക്കോണം സ്വദേശി അജിത (49), അയിരൂപ്പാറ സ്വദേശി മഹേശ്വരി (49), നാവായിക്കുളം മുല്ലനെല്ലൂര്‍ സ്വദേശി സിന്ധു (47) എന്നിവര്‍ സിപിഎം അനുഭാവികളെന്ന നിലയില്‍ ജോലി നേടിയവരാണ്. ഇവര്‍ വര്‍ഷങ്ങളായി സമിതിയില്‍ താത്കാലിക ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്കെതിരെ മുമ്പും സമാനമായ സംഭവങ്ങളില്‍ ആരോപണമുയര്ന്നിട്ടുണ്ടെന്നാണ് സൂചന. സിഐടിയുവിന്റെ ഭരണമാണ് ശിശുക്ഷേമ സമിതിയില്‍ നടക്കുന്നത്. ഇടതുപക്ഷ അനുഭാവമുള്ളവരെയാണ് സ്ഥാപനത്തില്‍ പല ജോലികളിലേക്കും നിയമിക്കുന്നത്. സിപിഎമ്മിന്റെ പിന്‍ബലമുള്ളതിനാല്‍ ഇവര്‍ക്കെതിരെ പരാതികളുണ്ടായാല്‍ നടപടിയെടുക്കാന്‍ ഭരണസമിതിക്കും കഴിയില്ല. ദിവസവേതനക്കാരായ ഇവര്‍ക്കെതിരെ കാര്യമായ അച്ചടക്ക നടപടിയും ഉണ്ടാകാറില്ല.
കുട്ടികളോട് മോശമായി പെരുമാറിയിരുന്ന ഒരു ആയയെ നിരവധി പരാതികളെത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പില്‍ ജോലിചെയ്യുന്ന ഇടതുയൂണിയന്‍ നേതാവിന്റെ ഭാര്യയായിരുന്ന ഇവരെ രാഷ്ട്രീയസമ്മര്‍ദത്തെ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ തിരികെ നിയമിച്ചു. ഇടതു യൂണിയന് നേതാവിന്റെ ഭാര്യയ്ക്കെതിരെ കേസുപോലും എടുത്തതുമില്ല. എന്നാല്‍ തങ്ങളുടെ തീട്ടൂരങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ മികച്ച ആയമാര്‍ക്കുള്ള പുരസ്കാരം ലഭിച്ച നാലുപേരെ തൊട്ടടുത്ത ദിവസം പിരിച്ചുവിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് പ്രസിഡന്റായ ശിശുക്ഷേമ സമിതിയിലെ ഇടതുസംഘടനയെ നയിക്കുന്നതു കൊലക്കേസ് പ്രതിയാണ്. മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതിയായ വി. അജികുമാറാണ് ശിശു ക്ഷേമ സമിതി സ്റ്റാഫ് യൂണിയന് ജനറല്‍ സെക്രട്ടറി. കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ കാലാവധി സര്‍വീസ് കാലമായി പരിഗണിച്ചു സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നല്‍കണമെന്ന അജികുമാറിന്റെ ആവശ്യം ശിശുക്ഷേമ സമിതിയുടെ ഭരണസമിതിക്കു മുന്നിലുണ്ട്. ഇതു പരിഗണിക്കാനിരിക്കെയാണ് അജി സിഐടിയു നിയന്ത്രണത്തിലുള്ള സംഘടനയുടെ തലപ്പത്ത് എത്തിയത്. പാര്‍ട്ടി സമ്മേളനത്തില്‍ അജികുമാറിനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ശിശുക്ഷേമ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ മന്ദിരത്തില്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ അന്തേവാസികളായുള്ളപ്പോഴാണ് കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപനത്തില്‍ തുടരുന്നതെന്നതാണ് ഉയരുന്ന ആക്ഷേപം. ബാലസംഘം പഠന ക്യാമ്പില്‍ വച്ച് കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം നേരിടുന്നയാള്‍ പോലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഭരണ സമിതിയില്‍ കടന്നുകൂടിയിട്ടുണ്ട്.ണ്ടസിപിഎം സംസ്ഥാന സെക്രട്ടറിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് തെളിഞ്ഞിട്ടും ഇയാര്‍ക്കെതിരെ നടപടിയുണ്ടായില്ല.
സംരക്ഷണകേന്ദ്രത്തിലും ബാലികാസദനത്തിലുമായി 130 കുട്ടികളാണുള്ളത്. അഞ്ചുവയസ്സു വരെയുള്ള 98 കുട്ടികളും 18ന് താഴെ പ്രായമുള്ള 49 പെണ്‍കുട്ടികളുമാണുള്ളത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികളും സമിതിയുടെ സംരക്ഷണയിലുണ്ട്. കുട്ടികളെ നോക്കുന്നതിനായി നൂറ്റിമുപ്പതോളം ജീവനക്കാരാണ് സമിതിയിലുള്ളത്. 103 പേര് ആയമാരാണ്. ഇവരെല്ലാം താല്‍ക്കാലിക ജീവനക്കാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: