തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29-ാമത് ഐഎഫ്എഫ്‌കെയില്‍ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്‍കി ഇന്ത്യന്‍ സംവിധായികയും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവുമായ പായല്‍ കപാഡിയയെ ആദരിക്കും.
അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. 20ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയുടെ സമാപനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26-ാമത് ഐഎഫ്എഫ്‌കെയിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, സംവിധായിക വനൂരി കഹിയു എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.
ആദ്യ സംവിധാന സംരംഭത്തിന് കാന്‍ മേളയില്‍ ഗ്രാന്റ് പ്രി നേടുന്ന ഏക ഇന്ത്യന്‍ സംവിധായികയാണ് പായല്‍ കപാഡിയ. പായല്‍ സംവിധാനം ചെയ്ത ‘എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ്’ 2021ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയിരുന്നു. ഈ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കാന്‍ മേളയിലെ ഡയറക്ടേഴ്‌സ് ഫോര്‍ട്ട്‌നൈറ്റ് വിഭാഗത്തിലായിരുന്നു. ടോറന്റോ ചലച്ചിത്രമേളയില്‍ ആംപഌഫൈ വോയ്‌സസ് അവാര്‍ഡും ഈ ഡോക്യുമെന്ററിക്ക് ലഭിച്ചു. ബുസാന്‍ മേളയില്‍ ഈ ഡോക്യുമെന്ററി സിനിഫൈല്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ വൈകാരിക ലോകത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’ മേളയില്‍ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: