ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ പോര്‍ച്ചുഗീസില്‍ നിന്നുള്ള പുതിയ പരിശീലകന് റൂബന്‍ അമോറിമിന് കീഴിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ തോല്‍വി. മിക്കേല്‍ അര്‍ട്ടേറ്റയുടെ കരുത്തന് ആഴ്സണലിനോട് എവേ മാച്ചിലാണ് യുണൈറ്റഡ് തോല്‍വിയുടെ കൈപ്പുനീര് രുചിച്ചത്. അമോറിമിന്റെ ശിക്ഷണത്തില്‍ മികച്ച വിജയങ്ങള്‍ കൊയ്തുകൂട്ടുന്നതിനിടെയായിരുന്നു യുണൈറ്റഡിന് ഇരുട്ടടിയായി തോല്‍വി വഴങ്ങേണ്ടിവന്നത്.
എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഴ്സണല്‍ സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചത്. ആഴ്സണലിന്റെ കരുത്തിനെ നന്നായി പിടിച്ചുനിര്‍ത്താന്‍ യുണൈറ്റഡിന് സാധിച്ചു. പക്ഷെ രണ്ടാം പകുതിയില്‍ ലഭിച്ച രണ്ട് കോര്‍ണറുകളില്‍ നിന്ന് ആഴ്സണല്‍ ലക്ഷ്യം കാണുകയായിരുന്നു. 54-ാം മിനിറ്റില്‍ ജുറിയെന്‍ ടിംബറും 73-ാം മിനിറ്റില്‍ വില്ല്യം സാലിബയും ഹെഡ്ഡറിലൂടെ നേടിയ ഗോളുകളിലാണ് ആഴ്സണല്‍ വിജയം കൊയ്തത്. ജയത്തിലൂടെ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാമതുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം ഏഴായി കുറയ്ക്കാന്‍ ആഴ്സണലിന് സാധിച്ചു.
ഇന്നലത്തെ എവേ മത്സരത്തില്‍ കരുത്തന് ലിവര്‍പൂളിന് സമനില വഴങ്ങേണ്ടിവന്നതും വന്‍ തിരിച്ചടിയായി. ന്യൂക്യാസിലുമായുള്ള പോരാട്ടത്തില്‍ ടീം 3-2ന് ജയിച്ചുനില്‍ക്കെ 90-ാം മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങുകയായിരുന്നു. ന്യൂകാസില്‍ പ്രതിരോധ താരം ഫാബിയന്‍ സ്ക്കാര് ആണ് ലിവറിന്റെ ജയം തടഞ്ഞത്.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ന്യൂകാസില്‍ ആണ് ആദ്യം ഗോള്‍ നേടിയത്. അലക്സാണ്ടര്‍ ഐസക്ക് 35-ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ഈ ഗോളിന് മുന്നിട്ടു നിന്ന അവര്‍ക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിലേ തന്നെ സമനില കണ്ടെത്താന്‍ ലിവറിന് സാധിച്ചു. 50-ാം മിനിറ്റിര്‍ കുര്‍ട്ടിസ് ജോന്‍സ് ലിവറിന് സമനില സമ്മാനിച്ചു. 62-ാം മിനിറ്റില്‍ ഗോര്ഡോണിലൂടെ ന്യൂകാസില്‍ വീണ്ടും മുന്നില്‍. ആറ് മിനിറ്റിനകം സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവളിനെ വീണ്ടും ഒപ്പമെത്തിച്ചു. 15 മിനിറ്റിന് ശേഷം മത്സരത്തിലെ ഇരട്ടഗോള്‍ നേടിക്കൊണ്ട് സലാ ടീമിനെ മുന്നിലെത്തിച്ചു. ഇവിടെ നിന്നാണ് ഏറ്റവും ഒടുവില്‍ വീണ്ടും തകിടം മറിഞ്ഞത്.
പട്ടികയില്‍ 35 പോയിന്റുള്ള ലിവര്‍പൂള്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. തൊട്ടുപിന്നിലുള്ള ചെല്‍സിക്കും ആഴ്സണലിനും 28 പോയിന്റ് വീതമാണുള്ളത്.
സ്വന്തം തട്ടകത്തില്‍ കരുത്തരായ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സി ഇന്നലെ വിജയിച്ചത്. ഏഴാം മിനിറ്റില്‍ നിക്കോളാസ് ജാക്ക്സണ്, 36-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ്, 63-ാം മിനിറ്റില്‍ കോള്‍ പാല്‍മര്‍ എന്നിവര്‍ ചെല്‍സിക്കായി ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: