കൊൽക്കത്ത : ബംഗ്ലാദേശിന്റെ പതാകയെ അപമാനിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ 3 യുവാക്കളെ വിട്ടയച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി . ബംഗ്ലാദേശിലെ ഹിന്ദു പീഡനം അവസാനിപ്പിക്കണമെന്നും സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച കൊൽക്കത്തയിൽ സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം മമത സർക്കാരിന് ഈ മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യൻ പതാകയെ അപമാനിക്കുന്നത് കാണുമ്പോൾ മമതാ ബാനർജി ഒരു നടപടിയും സ്വീകരിക്കുന്നില്ല . എന്നാൽ ബംഗ്ലാദേശിന്റെ പതാകയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് 3 പേരെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകും.
ബംഗ്ലാദേശിൽ ഇന്ത്യൻ പതാകയെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകുന്നേരം ബരാസത്തിൽ 3 യുവാക്കൾ ബംഗ്ലാദേശ് പതാക ചവിട്ടിമെതിച്ചിരുന്നു . ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു . അതിനു പിന്നാലെയാണ് ആര്യ ദാസ്, സുബീർ ദാസ്, റിപ്പൺ ചതോപാധ്യായ എന്നിവരെ ബരാസത്ത് പോലീസ് സ്‌റ്റേഷനിലെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സ്വന്തം മാതൃരാജ്യത്തെ അപമാനിക്കുമ്പോൾ ഞങ്ങൾക്ക് വേദനിക്കുമെന്നും , അതാണ് ഇത്തരമൊരു പ്രതിഷേധമായി മാറിയതെന്നുമാണ് ഒപ്പമുണ്ടായിരുന്ന യുവാക്കൾ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: