പാലക്കാട്: തമിഴ്നാട്ടിലെ കനത്ത മഴ മൂലം കേരളത്തിലെ പച്ചക്കറിക്ക് വില കൂടുന്നു. സവാള, വെളുത്തുള്ളി, നാളികേരം എന്നിവയ്ക്ക് വില വര്‍ധിച്ചിട്ടുണ്ട്. വലിയുള്ളിക്ക് 70 രൂപ കടന്നു. മാസങ്ങളായി 300-330 രൂപയുണ്ടായിരുന്ന വെളുത്തുള്ളി ഇപ്പോള്‍ 400 രൂപയായി.
സാധാരണയായി മണ്ഡലകാലത്ത് പച്ചക്കറിക്ക് വില ഉയരുമെങ്കിലും ഇത്തവണ തമിഴ്നാട്ടിലുണ്ടായ കനത്തമഴയാണ് വില വര്‍ധനയ്ക്ക് കാരണമായത്. ഒക്ടോബറില്‍ 40-45 രൂപയുണ്ടായിരുന്ന ഒരു കിലോ നാളികേരത്തിന് ഇപ്പോള്‍ 75-80 രൂപയാണ്. തക്കാളി 50, ചേന, അമര 80, പയര്‍, കാരറ്റ് 70, പാവയ്ക്ക, ബീറ്റ്റൂട്ട്, കൊത്തമര 60, വലിയുള്ളി 90, ചെറിയുള്ളി 70, വെളുത്തുള്ളി 350-380, മത്തന്‍, ഇളവന്‍, പടവലം, ചുരക്ക, കാബേജ് 40-45 എന്നിങ്ങനെയാണ് വില. ഇഞ്ചി, പച്ചമുളക് എന്നിവക്ക് കാര്യമായി വില വര്‍ധന ഉണ്ടായിട്ടില്ല. 200-250 രൂപയുണ്ടായിരുന്ന കാന്താരിമുളകിനും 400 രൂപ കടന്നിട്ടുണ്ട്.
ഒക്ടോബറില്‍ 85-90 രൂപയുണ്ടായിരുന്ന ഒരു ലിറ്റര്‍ പാമോയിലിന് പൊതുവിപണിയില്‍ ഇപ്പോള്‍ 140-145 രൂപയാണ്. പാമോയിലിന് വില കൂടിയതോടെ സണ്‍ഫ്ലവര്‍ ഓയിലിനും ഒരു ലിറ്ററിന് 50-60 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. നാളികേരത്തിന് വില വര്‍ധിച്ചതിനാല്‍ വെളിച്ചെണ്ണക്കും പൊതുവിപണിയില്‍ വിലയുയര്‍ന്നു. കേരളത്തില്‍ സാധാരണയായി പച്ചക്കറി വില ഉയര്‍ന്നാലും തമിഴ്നാട്ടില്‍ വിലവര്ധിക്കാറില്ലെങ്കിലും ഇത്തവണ ദിവസങ്ങളായി തുടരുന്ന മഴ കാരണം തമിഴ്നാട്ടിലും പച്ചക്കറി വില വര്‍ധിച്ചിട്ടുണ്ട്. പച്ചക്കറി മാര്‍ക്കറ്റുകളിലും സൂപ്പര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും അല്പം വിലക്കുറവുണ്ട്. എന്നാല്‍ ചെറുകിട മാര്‍ക്കറ്റില്‍ വന്‍ വിലയാണ്.
പച്ചക്കറിക്കു പുറമെ നേന്ത്രപഴത്തിനും 70-75 രൂപയായിട്ടുണ്ട്. സംസ്ഥാനത്ത് പ്രാദേശികമായുള്ള പച്ചക്കറി ഉല്പാദനം കുറഞ്ഞതും അയല്‍സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനവും ഉല്പാദനക്കുറവുമാണ് പൊതുവേ പച്ചക്കറി വില വര്‍ധനയ്ക്ക് കാരണമാകുന്നത്. സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ 70 ശതമാനത്തോളവും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വരുന്നതാണ്. സവാള, ഉരുളക്കിഴങ്ങ്, ചെറിയുള്ളി എന്നിവ കര്‍ണാടക മഹാരാഷ്ട്ര ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറികള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി, ഉടുമല്‍പേട്ട, ഒട്ടന്‍ഛത്രം എന്നിവിടങ്ങളില്‍ നിന്നുമാണ്.
പൊതുവിപണിയില്‍ പച്ചക്കറികള്‍ക്ക് വിലവര്‍ധന ഉണ്ടാവുമ്പോള്‍ സാധാരണക്കാര്‍ക്ക് സഹായകമാകേണ്ട ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളും സര്‍ക്കാര്‍ പച്ചക്കറിച്ചന്തകളുമെല്ലാം പേരിലൊതുങ്ങുകയാണ്. സംസ്ഥാനത്ത് അനുദിനം പച്ചക്കറി, നാളികേരം, പാമോയില്‍ എന്നിവയ്ക്ക് വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിനു പുറമേ ഹോട്ടല്‍ കാറ്ററിങ് മേഖലകളെയും പ്രതിസന്ധിയിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: