തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തിൽ സിബിഐ. അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പോലീസ് നടത്തുന്ന അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നടന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
നവീൻ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പരിഗണിച്ച് കേസ് സി.ബി.ഐക്ക് വിടണമോയെന്ന് കോടതിയായിരിക്കും തീരുമാനിക്കുക.
ഒക്ടോബര്‍ 16-ന് പുലര്‍ച്ചെയായിരുന്നു കണ്ണൂര്‍ എഡിഎം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ട എഡിഎം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ അപമാനകരമായ പരാമര്‍ശം ആത്മഹത്യയിലേയ്‌ക്ക് നയിച്ചെന്നാണ് ആരോപണം. കേസില്‍ പി.പി ദിവ്യയ്‌ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: