Kerala

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം; പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിസംഘം ഇന്ന് റോമിലേക്ക്

Published by

ന്യൂദല്‍ഹി: മലയാളിയായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പ്രതിനിധിസംഘത്തെ അയക്കും. കേന്ദ്രന്യൂനപക്ഷ കാര്യസഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഇന്ന് റോമിലേക്ക് തിരിക്കും. ഏഴിന് വൈകിട്ടാണ് റോമില്‍ കര്‍ദ്ദിനാളിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും പ്രധാനമന്ത്രിയുടെ പ്രത്യേക സംഘം കൂടിക്കാഴ്ച നടക്കും.

ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, രാജ്യസഭാംഗമായ ഡോ. സത്‌നാം സിങ് സന്ധു എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ളത്.

പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രതിനിധികളായാണ് വത്തിക്കാനിലേക്ക് പോകുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഫാ. കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത് ഭാഗ്യമായി കാണുന്നു. മാര്‍പ്പാപ്പയെ കാണാനും അനുഗ്രഹം തേടാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ക്രൈസ്തവ സമൂഹത്തിനും എല്ലാ ഇന്ത്യാക്കാര്‍ക്കും അഭിമാനകരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാനാണ് വത്തിക്കാനിലേക്കുള്ള യാത്രയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് ഒരു കര്‍ദ്ദിനാള്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിനെ വളരെയേറെ പ്രാധാന്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി കാണുന്നു എന്നതാണ് പ്രത്യേക പ്രതിനിധിസംഘത്തെ അയക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് അനൂപ് ആന്റണി പറഞ്ഞു. പ്രധാനമന്ത്രി തന്നെയാണ് സംഘത്തെ വത്തിക്കാനിലേക്ക് അയക്കാനുള്ള തീരുമാനമെടുത്തത്. മലയാളികള്‍ക്കും കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനും അഭിമാനിക്കാനാവുന്ന മുഹൂര്‍ത്തമാണിതെന്നും അനൂപ് ആന്റണി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക