ന്യൂദല്‍ഹി: ഹിന്ദു സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിനാട് ദല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ തുടരുന്ന അനീതികള്‍ അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതവുമായുള്ള അടുത്ത ബന്ധം നിലനിര്‍ത്താനും സംരക്ഷിക്കാനും ബംഗ്ലാദേശിന് ബാധ്യതയുണ്ട്. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഐക്യരാഷ്‌ട്ര സഭയുടെ നിലപാട് പിന്തുടരേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ഷാഹി ഇമാം ഓര്‍മിപ്പിച്ചു.
ബംഗ്ലാദേശ് സ്ഥാപിതമായതിന് പിന്നില്‍ ഞങ്ങളുടെ രാഷ്‌ട്രം നിര്‍വഹിച്ച പങ്ക് മറക്കരുത്. ഞങ്ങളുടെ ദേശീയ നേതൃത്വവും മാധ്യമങ്ങളും പൗര സമൂഹവും ബംഗ്ലാദേശുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്. ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍, അദ്ദേഹത്തിന്റെ മകള്‍ ഷെയ്ഖ് ഹസീന വാജിദ്, അവരുടെ പാര്‍ട്ടിയായ അവാമി ലീഗ് എന്നിവരുമായി ഭാരതത്തിന്റേത് അടുത്ത സൗഹൃദമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷെയ്ഖ് ഹസീന ഭാരതത്തിലേക്ക് വന്ന ശേഷവും അവര്‍ക്കെതിരായ അക്രമം അവാമി ലീഗിന്റെ മുസ്ലിം, അമുസ്ലിം അനുഭാവികളിലേക്ക് പടര്‍ന്നു. ഇതുവരെ അത് ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യമായിരുന്നു. എന്നാല്‍ ഹിന്ദു ന്യൂനപക്ഷ സമൂഹത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. അത് ഉടന്‍ അവസാനിപ്പിക്കണം, സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കുള്ള തുല്യാവകാശ സംരക്ഷണം സംബന്ധിച്ച് ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ഒരു സാര്‍വത്രിക പ്രഖ്യാപനമുണ്ട്. അത് അന്താരാഷ്‌ട്ര സമൂഹത്തിലെ എല്ലാ അംഗങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. നൊബേല്‍ ജേതാവെന്ന അന്താരാഷ്‌ട്ര പ്രശസ്തി കളങ്കപ്പെടാതിരിക്കാന്‍ ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷാഹി ഇമാം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: