തൃശ്ശൂര്‍: ബിജെപി മുന്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കുന്നംകുളം അക്കിക്കാവ് ഇളയിടത്ത് ഇ. രഘുനന്ദനന്‍ (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കുന്നംകുളം മലങ്കര ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം, ഹീമോഫീലിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സൗത്ത് സോണ്‍ ചെയര്‍മാന്‍, കക്കാട് വാദ്യകലാ അക്കാദമി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കുന്നംകുളം നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ അക്കിക്കാവിലെ ഹീമോഫീലിയ ട്രസ്റ്റ് ഓഫീസ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. തുടര്‍ന്ന് രഘുനന്ദനന്റെ ആഗ്രഹപ്രകാരം മെഡിക്കല്‍ കോളജിന് കൈമാറും.
കണ്ണുകള്‍ ഇന്നലെത്തന്നെ ദാനം ചെയ്തിരുന്നു. ബിജെപി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിലെ സൗമ്യ മുഖമായിരുന്നു ഇ. രഘുനന്ദനന്‍. എപ്പോഴും പുഞ്ചിരിയോടുകൂടി സംസാരിച്ചിരുന്ന രഘുനന്ദനന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല രാഷ്‌ട്രീയ എതിരാളികള്‍ക്കും നല്ല സുഹൃത്തായിരുന്നു. രാഷ്‌ട്രീയത്തോടൊപ്പം സാമൂഹ്യ സേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. ഹീമോഫീലിയ ഫെഡറേഷന് സ്വന്തമായി കുന്നംകുളത്ത് ആസ്ഥാനം നിര്‍മിച്ചത് രഘുനന്ദനന്റെ പ്രയത്‌നം കൊണ്ടാണ്. സംസ്ഥാനത്തെമ്പാടും നിരവധി ഹീമോഫീലിയ രോഗികള്‍ക്കായി ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതനായിരുന്നു അദ്ദേഹം. സേവാ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് തൃശ്ശൂര്‍ രാഷ്‌ട്ര സേവാസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരവും ഷെയര്‍ ആന്‍ഡ് കെയര്‍ എക്‌സലന്‍സ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ അഡ്വ. രമാ രഘുനന്ദനന്‍ ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷയുമാണ്. മക്കള്‍ പരേതനായ കണ്ണന്‍, അഡ്വ. ലക്ഷ്മി, മരുമകന്‍ അഡ്വ. ശ്യാംജിത്ത്.
കെ. സുരേന്ദ്രന്‍ അനുശോചിച്ചു
തൃശ്ശൂര്‍: ബിജെപി തൃശ്ശൂര്‍ ജില്ലാ മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായിരുന്ന ഇ. രഘുനന്ദനന്റെ നിര്യാണത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അനുശോചിച്ചു. ബിജെപിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്കുന്നതില്‍ നിന്നും രഘുനന്ദന്റെ സാമൂഹിക പ്രതിബദ്ധത വ്യക്തമാണ്, സുരേന്ദ്രന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: