മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ തകര്‍പ്പന്‍ വിജയവുമായി ബാഴ്‌സയുടെ തിരിച്ചുവരവ്. ചൊവ്വാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ മയോര്‍ക്കയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. കഴിഞ്ഞ ദിവസം ലാസ് പല്‍മാസിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ബാഴ്‌സയുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് കളി സാക്ഷ്യം വഹിച്ചത്. ബാഴ്‌സയ്‌ക്കായി നായകന്‍ റാഫീഞ്ഞ രണ്ട് ഗോളുകള്‍ നേടി. 56-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 74-ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍. 12-ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് ബാഴ്‌സയുടെ ഗോളടിക്ക് തുടക്കമിട്ടത്. 79-ാം മിനിറ്റില്‍ ഡച്ച് താരം ഡി ജോങ്, 84-ാം മിനിറ്റില്‍ പാവ് വിക്ടര്‍ എന്നിവരും ഓരോ ഗോള്‍ വീതം നേടി. 43-ാം മിനിറ്റില്‍ വേദത് മുരിഖി മയോര്‍ക്കയുടെ ആശ്വാസഗോള്‍ നേടി.
കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി ആരാധകരെ നിരാശപ്പെടുത്തിയ ബാഴ്‌സ, ജയത്തോടെ ബദ്ധവൈരികളായ റയല്‍ മഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി ഉയര്‍ത്തി. എന്നാല്‍ ബാഴ്‌സയേക്കാള്‍ രണ്ട് മത്സരം കുറച്ചാണ് റയല്‍ കളിച്ചിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ലീഗിലെ ദുര്‍ബലരായ ലാസ് പാല്‍മാസിനോട് ബാഴ്‌സ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. മയോര്‍ക്കയ്‌ക്കെതിരെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ ബെഞ്ചിലിരുത്തി പകരം ഫെറാന്‍ ടോറസിനെ കളിപ്പിക്കാനുള്ള ഫഌക്കിന്റെ തീരുമാനം തെറ്റിയില്ല. കളിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ബാഴ്‌സ 12-ാം മിനിറ്റില്‍ ഗോളടിക്ക് തുടക്കമിട്ടു. മയോര്‍ക്ക പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഫെറാന്‍ ടോറസ് ലക്ഷ്യം കാണുകയായിരുന്നു. ഇടവേളക്കു പിരിയാന്‍ രണ്ടു മിനിറ്റ് ബാക്കി നില്‍ക്കെ, മുരിഖിയിലൂടെ മയോര്‍ക്ക മത്സരത്തില്‍ ഒപ്പമെത്തി. പാബ്ലോ മാഫിയോയാണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ ആദ്യപകുതി സമനിലയില്‍ പിരിഞ്ഞു. 56-ാം മിനിറ്റില്‍ ബാഴ്‌സ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോളടിച്ചു. ലാമിനെ യമാലിനെ ബോ്ക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി റാഫീഞ്ഞ വലയിലാക്കുകയായിരുന്നു. 74-ാം മിനിറ്റില്‍ യമാലിന്റെ ക്രോസിലൂടെ റാഫിഞ്ഞ ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. പിന്നാലെ പകരക്കാരുടെ റോളിലെത്തിയ ഫ്രെങ്കി ഡി ജോങ്, പാവ് വിക്ടര്‍ എന്നിവര്‍ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അഞ്ചു മിനിറ്റിനുള്ളിലായിരുന്നു ഈ രണ്ടു ഗോളുകള്‍. ശനിയാഴ്ച റയല്‍ ബെറ്റിസിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. മയോര്‍ക്ക സെല്‍റ്റ വിഗോയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: