Kerala

ഇനികേരളത്തിന്റെ ടൂറിസം ആകര്‍ഷണങ്ങള്‍ 20-ലധികം ഭാഷകളില്‍ ലഭ്യമാകും; നവീകരിച്ച വെബ്സൈറ്റ് മന്ത്രി പുറത്തിറക്കി

Published by

തിരുവനന്തപുരം: അത്യാധുനിക രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കേരള ടൂറിസത്തിന്റെ വെബ്സൈറ്റ്  http://www.keralatourism.org ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളില്‍ കേരളത്തിന്റെ അതുല്യമായ ടൂറിസം ആകര്‍ഷണങ്ങളും ഉത്പന്നങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണിത്.

നവീകരിച്ച വെബ്സൈറ്റ് കേരള ടൂറിസത്തിന് പുതിയ ചുവടുവയ്പാണെന്നും ടൂറിസം മേഖലയിലെ മത്സരം നേരിടുന്നതില്‍ ഇത് പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയില്‍ കേരളം മത്സരിക്കുന്നത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളോടല്ല, ടൂറിസം വ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നാലോ അഞ്ചോ പ്രധാന രാജ്യങ്ങളോടാണ്. ഈ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയുള്ള ടൂറിസം പ്രവര്‍ത്തനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വെബ്സൈറ്റ് നവീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അത്യാധുനികവും ആകര്‍ഷകവുമായ രീതിയില്‍ നവീകരിച്ച വെബ്സൈറ്റ് ഉപഭോക്തൃസൗഹൃദ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, പുതിയ ടൂറിസം ഉത്പന്നങ്ങള്‍, പദ്ധതികള്‍, ഹോട്ടലുകള്‍, ഭക്ഷണം, ഉത്സവങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും വെബ്സൈറ്റിലുണ്ട്. ഇതുവഴി കൂടുതല്‍ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായേക്കും.

2023-24 കാലഘട്ടത്തില്‍ മാത്രം ഒരു കോടിയോളം  സന്ദര്‍ശകര്‍ കേരള ടൂറിസം വെബ്സൈറ്റിനുണ്ട്. രണ്ട്  കോടിയിലേറെ പേജ് വ്യൂസും രേഖപ്പെടുത്തി. സൈറ്റിലെ വിഡിയോകള്‍ക്ക് നിരവധി സന്ദര്‍ശകരുണ്ട്. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള കേരളത്തിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാന്‍ വെബ്സൈറ്റ് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഫ്രണ്ട്-എന്‍ഡിന്‍റിയാക്ട് ജെഎസും ഉംബാക്ക്-എന്‍ഡിന്‍ പൈഥണും പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വെബ്സൈറ്റ് നവീകരിച്ചിട്ടുള്ളത്. ഇത് വെബ്സൈറ്റിന്റെ വേഗതയേറിയ പ്രവര്‍ത്തനം സാധ്യമാക്കും. അനുബന്ധ വിഷയങ്ങളിലേക്കുള്ള നാവിഗേഷന്‍, സുഗമമായ മള്‍ട്ടിമീഡിയ പ്ലേ ബാക്ക് എന്നിവയും മികച്ചതാക്കിയിട്ടുണ്ട്. എസ്ഇഒ ഒപ്റ്റിമൈസ്ഡ് ഉള്ളടക്കത്തോടെയാണ് വെബ്സൈറ്റിലെ പുതിയ പേജുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങളും ആകര്‍ഷകമായ വീഡിയോകളും പുതുക്കിയ ലേ ഔട്ടും പേജുകളെ ആകര്‍ഷകമാക്കുന്നു. ഒരു ലക്ഷത്തിലേറെ പേജുകളാണ് സൈറ്റിനുള്ളത്. മൊബൈല്‍, ടാബ്ലെറ്റ്, ഡെസ്ക്ടോപ്പ് എന്നിവയിലൂടെയുള്ള സുഗമവും വേഗത്തിലുള്ളതുമായ ബ്രൗസിംഗ് വെബ്സൈറ്റിന്റെ പ്രധാന സവിശേഷതയാണ്. മൂന്ന് ക്ലിക്കുകള്‍ക്കുള്ളില്‍ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താവുന്ന ലളിതമായ നാവിഗേഷന്‍ വെബ്സൈറ്റ് സാധ്യമാക്കുന്നു.

കേരള ടൂറിസത്തിന്റെ ഔദ്യോഗിക സൊല്യൂഷന്‍ പങ്കാളിയായ ഇന്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വെബ്സൈറ്റിന്റെ നവീകരണ ജോലികള്‍ ചെയ്തത്. 1998 ല്‍ കേരള ടൂറിസം വെബ്സൈറ്റ് ആരംഭിച്ചതു മുതല്‍ ഡിജിറ്റല്‍ രീതിയില്‍ വിനോദസഞ്ചാരം പ്രചരിപ്പിക്കുന്നതിനായി ആധുനികനിലവാരം നിലനിര്‍ത്തുന്നതിന് വകുപ്പ് ശ്രദ്ധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ടൂറിസം പ്രമോഷന്‍ നടത്തുന്നതില്‍ തുടക്കക്കാരാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്.

കേരള ടൂറിസം വെബ്സൈറ്റിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒട്ടേറെ ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഏഷ്യ-പസഫിക്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച 10 ടൂറിസം വെബ്സൈറ്റുകളില്‍ ഒന്നായി ഇത് അംഗീകരിക്കപ്പെട്ടു.

യാത്രാപ്ലാനര്‍, എക്സ്പീരിയന്‍സ് കേരള-വേര്‍ ടു സ്റ്റേ തിംഗ്സ് ടു ഡു, ലൈവ് വെബ് കാസ്റ്റുകള്‍, വീഡിയോ ക്വിസുകള്‍, ഇ-ന്യൂസ് ലെറ്ററുകള്‍ എന്നിവയും വെബ്സൈറ്റിന്റെ പ്രത്യേകതയാണ്. യാത്രികര്‍ക്ക് ഫോട്ടോകള്‍, വീഡിയോകള്‍, വിവരണങ്ങള്‍ എന്നിവ പങ്കിടാനും അവസരമൊരുക്കുന്നു. മെച്ചപ്പെട്ട മള്‍ട്ടിമീഡിയ അനുഭവമാണ് മറ്റൊരു പ്രത്യേകത. 360 ഡിഗ്രി വിഡിയോകള്‍, റോയല്‍റ്റി-ഫ്രീ വീഡിയോകള്‍ എന്നിവയുള്ള വിഡിയോ ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ സവിശേഷതകളെ കുറിച്ചുള്ള വീഡിയോ ക്ലിപ്പുകളുമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക