തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമാക്കി പ്രസിദ്ധീകരിച്ചുവരുന്ന വാര്‍ത്താ മാസികയായ മീഡിയ വോയ്സ് നല്‍കിവരുന്ന ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം മീഡിയ വോയ്സ് എക്സലന്‍സ് പുരസ്കാരത്തിന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന്. സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് പുരസ്കാരത്തിന് അര്‍ഹരായത്.
മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന് ചെയര്‍മാനും ബാലു കിരിയത്ത്, പ്രൊഫസര്‍ ഡോക്ടര്‍ ഷാജി പ്രഭാകരന്, ശ്രീ ടി പി ശാസ്തമംഗലം, ഡോക്ടര്‍ അലക്സ് വള്ളികുന്നം, എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരിയില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഡോ. അലക്സ് വള്ളിക്കുന്നം, ദിലീപ് കുമാര്‍ സ്വയമ, സുലൈമാന്‍, കലാലയം കൃഷ്ണ, ആര്. അനില്‍കുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.
ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. എസ്. സോമനാഥ്, കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ, സംവിധായകനും എഴുത്തുകാരനുമായ സൂര്യാ കൃഷ്ണമൂര്‍ത്തി, മുന്‍ ജസ്റ്റിസ് എം. ആര്. ഹരിഹരന്‍നായര്‍, സംഗീത സംവിധായകന് എം. ജയചന്ദ്രന്, എഴുത്തുകാരന് വിനോദ് മങ്കര, പൊതുപ്രവര്ത്തകന് ആര്. എസ്. ശ്രീകുമാര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജെ. സെബി, തൊഴില്‍ സംരഭകന് ഡോ. അനില്‍ ബാലകൃഷ്ണന് എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.
ജന്മഭൂമി പത്രത്തില്‍ 1989 ല്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച കാവാലം ശശികുമാർ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ദല്‍ഹി തുടങ്ങിയ ബ്യൂറോകളില്‍ ജോലി ചെയ്തു. ഇടയ്ക്ക് ദൽഹിയില്‍ നിന്നുള്ള ദി സണ്‍ഡേ ഇന്ത്യന്‍ എന്ന വാരികയിലും വായന വാരികയിലും അസിസ്റ്റന്റ് എഡിറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2023 ല്‍ വിവിധ ഭാഷാ പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭാരതീയ ഭാഷ സമ്മാന്‍ പുരസ്കാരം, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ കെ. രാധാകൃഷ്ണന് സാഹിത്യ പുരസ്കാരം, വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം എന്നിവ ലഭിച്ചു.
വിവേകാനന്ദശില: തപസും പോരാട്ടവും, സുസമ്മത സുഷമ, നിങ്ങള്‍ക്കും അറിയാവുന്ന ചിര കാര്യങ്ങള്‍, കവിപൗര്‍ണമി, മുഖം അഭിമുഖം, അവനവന് കടമ്പ, ഏറനാട് കലാപം, കൃഷ്ണ കിരീടവും കര്‍പ്പൂരാഴിയും, തുന്നിച്ചേര്‍ക്കണമീ ഭൂമി, അമ്മത്തോന്നല്‍ തുടങ്ങിയവയാണ് പുസ്തകങ്ങള്‍. ഭാര്യ: കുമാരി ഗീത, മക്കള്‍: ജയഹരി കാവാലം, ജയഗീത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: