ശ്രീനഗർ : ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഒരു കാശ്മീരി ഡോക്ടറും കൊല്ലപ്പെട്ട ഗഗാംഗീർ സോനാമാർഗ് ആക്രമണത്തിൽ ഉൾപ്പെട്ട ഒരു ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡറെ സൈന്യം വധിച്ചു. ശ്രീനഗറിലെ ദച്ചിഗാം പ്രദേശത്തിന്റെ ഉയർന്ന ഇടങ്ങളിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനയുടെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്.
ശ്രീനഗറിലെ ഹർവാൻ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് സുരക്ഷാ സേന ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദച്ചിഗാം വനമേഖലയിൽ ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ ഗഗാംഗീർ സോനാമാർഗ് ആക്രമണത്തിൽ ഉൾപ്പെട്ട ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു.
കുൽഗാമിൽ നിന്നുള്ള ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ജുനൈദ് അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. ഒക്‌ടോബർ 21 ന് ആറ് തൊഴിലാളികളും ഒരു കശ്മീരി ഡോക്ടറും കൊല്ലപ്പെട്ട ഗഗാംഗീർ സോനാമാർഗ് ആക്രമണത്തിൽ ഒരു പാകിസ്ഥാനി ഭീകരനോടൊപ്പം ഇയാളും ആക്രമണത്തിൽ പങ്കെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിൽ ഒരു എം-4 റൈഫിളും മറ്റ് വെടിക്കോപ്പുകളും കണ്ടെടുത്തു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് 25 കാരനായ ഭട്ട് തീവ്രവാദത്തിൽ ചേർന്നത്. കുൽഗാം ജില്ലയിലെ തോക്കർ പോറ ഖൈമോ സ്വദേശിയാണ് ഇയാളെന്ന് സൈന്യം അറിയിച്ചു.
അതേ സമയം മുൻകരുതൽ നടപടിയെന്ന നിലയിൽ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്കുള്ള എല്ലാ റോഡുകളും അടച്ചു. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദച്ചിഗാം, ഹർവാൻ ശ്രീനഗർ പ്രദേശങ്ങളിൽ ഒന്നിലധികം ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു.
ഒരു പാകിസ്ഥാൻ ഭീകരൻ ഉൾപ്പെടെ രണ്ട് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് റിപ്പോർട്ടുകളുണ്ടെന്ന് പറഞ്ഞതിനാൽ ദച്ചിഗാം വനമേഖലയിൽ ഉദ്യോഗസ്ഥർ ഓപ്പറേഷൻ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: